വീട്ടുജോലികളിൽ ഏറെ സമയം എടുത്ത് ചെയ്തു തീർക്കേണ്ട ഒന്നാണ് തുണി അളക്കൽ. ഫോർമൽ വസ്ത്രങ്ങളിൽ വിയർപ്പുകറ പതിഞ്ഞാൽ തുണിയലക്കൽ ഇരട്ടി പണിയായി മാറുന്നതാണ്. വസ്ത്രങ്ങളിൽ പറ്റിപിടിച്ച വിയർപ്പുകറ എത്ര വൃത്തിയാക്കാൻ നോക്കിയാലും നീക്കം ചെയ്യുന്നത് ദുഷ്കരമാണ്. ശക്തിയായി കറയകറ്റാനായി കല്ലിലുരയ്ക്കുന്നതു തുണിക്ക് ദോഷം ചെയ്യുകയും ചെയ്യും. എന്നാൽ ഇത്തരം അയാസങ്ങളൊന്നുമില്ലാതെ എളുപ്പത്തിൽ തന്നെ വസ്ത്രത്തിലെ വിയർപ്പുകറ നീക്കം ചെയ്യാനാവും. അതെങ്ങനെയെന്നു നോക്കാം.
ആസ്പിരിൻ ഗുളികകൾ
ഇളംനിറത്തിലുള്ള തുണികളിൽ ആണ് കറ പിടിക്കുന്നത് എങ്കിൽ അവ മഞ്ഞനിറത്തിലാകും. തുണിയുടെ സ്വാഭാവികനിറം ആസ്പിരിൻ ഗുളികകൾ ഉപയോഗിച്ചാൽ തിരികെ ലഭിക്കും. വസ്ത്രത്തിൽ കറയുള്ള ഭാഗത്ത് രണ്ടോ മൂന്നോ ആസ്പിരിൻ ഗുളികകൾ പൊടിച്ച ശേഷം അല്പം വെള്ളം ചേർത്ത് പേസ്റ്റ് പരുവത്തിലാക്കി പുരട്ടി ഒരു ടൂത്ത് ബ്രഷ് കൊണ്ട് സൗമ്യമായി സ്ക്രബ് ചെയ്യുക. സാധാരണ വെള്ളത്തിൽ അതിനു ശേഷം കഴുകിയെടുത്തു നോക്കൂ. വിയർപ്പുകറ മാറുന്നതാണ്.
ബേക്കിങ് സോഡ
ബേക്കിങ് സോഡയുടെ ഉപയോഗമാണ് തുണിയുടെ കറ കളയാനുള്ള മറ്റൊരു എളുപ്പ മാർഗം. നാല് സ്പൂൺ ബേക്കിങ് സോഡ, ഒരു കപ്പ് ചെറുചൂടുവെള്ളം എന്നിവ മിശ്രിതമാക്കി വസ്ത്രത്തിൽ കറയുള്ള ഭാഗത്തു ഒഴിച്ചശേഷം കൈകൊണ്ട് തിരുമ്മിയെടുക്കാം. ഉടനടി കറ അപ്രത്യക്ഷമാകും.
നാരങ്ങാനീര്
വസ്ത്രങ്ങളിൽ നിന്നും കറയും പാടുകളും മാറ്റാൻ നാരങ്ങാ നീരിന് സാധിക്കുന്നുണ്ട്. അരക്കപ്പ് വെള്ളത്തിൽ അഞ്ച് ടേബിൾ സ്പൂൺ നാരങ്ങാനീര് കലർത്തുക. ഈ മിശ്രിതം കറയുള്ള ഭാഗത്ത് ഒഴിച്ച് ഒരു മണിക്കൂറിനുശേഷം സാധാരണരീതിയിൽ തുണി കഴുകിയാൽ തുണിയുടെ മഞ്ഞയായ നിറം മാറി കിട്ടും.
ഓക്‌സിജൻ ബ്ലീച്ച് സ്റ്റെയിൻ റിമൂവർ
കറ നീക്കം ചെയ്യാനുള്ള ഏറ്റവും അവസാന ശ്രമമാണ് ഓക്‌സിജൻ ബ്ലീച്ച് സ്റ്റെയിൻ റിമൂവർ. കറകൾ നീക്കം ചെയ്യാൻ സാധാരണ ബ്ലീച്ചുകളെക്കാൾ ഓക്സിജൻ ബ്ലീച്ചിന് സാധിക്കും. അര കപ്പ് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ഓക്‌സിജൻ ബ്ലീച്ച് സ്റ്റെയിൻ റിമൂവർ ചേർത്ത് കറകളിൽ ഒഴിക്കുക. 15 മിനിറ്റിനു ശേഷം സാധാരണ വെള്ളം ഉപയോഗിച്ച് വസ്ത്രം കഴുകിയെടുക്കാം.