തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായിരുന്നു ഒരുകാലത്ത് ഖുശ്ബു. തെന്നിന്ത്യയാകെ നിറഞ്ഞു നിന്ന ഖുശ്ബു ഇന്ന് അഭിനേത്രി മാത്രമല്ല, രാഷ്ട്രീയ പ്രവര്‍ത്തക കൂടിയാണ്.സിനിമാലോകത്തും പുറത്തുമൊക്കെ ഖുശ്ബു നേടിയെടുത്ത നേട്ടങ്ങള്‍ സമാനതകളില്ലാത്തതായി നിലനില്ക്കുമ്പോഴും നടിക്ക് തന്റെ കുട്ടിക്കാലത്ത് നേരിടേണ്ടി വന്നത് കൊടിയ യാതനകളായിരുന്നു.എട്ടാം വയസ്സു മുതല്‍ പിതാവില്‍ നിന്ന് ലൈംഗികവും ശാരീരികവുമായ പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അടുത്തിടെ താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോളിതാ ഇതിനെക്കുറിച്ച് നടി തുറന്ന് പറയുകയാണ്.
വിക്കി ലാല്‍വാനുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഖുശ്ബു. 'അച്ഛന്‍ എന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തു. എന്റെ സഹോദരങ്ങളെയും അമ്മയെയും അയാള്‍ ക്രൂരമായി ഉപദ്രവിച്ചിരുന്നു. ബെല്‍റ്റുകൊണ്ടും ഷൂ കൊണ്ടും തല്ലും. അമ്മയെ ചുമരിലേക്ക് തള്ളിയിടുകയും അടിക്കുകയുമെല്ലാം ചെയ്യുമായിരുന്നു. ആ ക്രൂരതകള്‍ കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്,' ഖുശ്ബു പറഞ്ഞു
അച്ഛന്റെ പിഡനങ്ങളെ കുറിച്ച് പുറത്തു പറയാന്‍ ഭയമായിരുന്നുവെന്നും ഖുശ്ബു പറഞ്ഞു. 'അച്ഛന്റെ പീഡനങ്ങളെ കുറിച്ച് പുറത്തു പറഞ്ഞാല്‍, അമ്മയേയും സഹോദരങ്ങളെയും കൂടുതല്‍ ഉപദ്രവിക്കുമോ എന്ന ഭയമായിരുന്നു. കാരണം അയാളുടെ ഉപദ്രവങ്ങള്‍ ഞാന്‍ നിരന്തരം കാണുന്നതാണ്. ചെന്നൈയിലേക്ക് മാറിയതിന് ശേഷമായിരുന്നു എനിക്ക് അതിനെ കുറിച്ച് സംസാരിക്കനുള്ള ആത്മവിശ്വാസം ലഭിച്ചത്.
14-ാം വയസ്സിലായിരുന്നു ഞാന്‍ ഇതിനെ കുറിച്ച് ആദ്യമായി പുറത്ത് പറഞ്ഞത്. ജാനു എന്ന സിനിമയുടെ സെറ്റില്‍ എനിക്കൊപ്പമുണ്ടായിരുന്ന ഉബിന്‍ എന്ന ഹെയര്‍ഡ്രെസ്സറാണ് എനിക്ക് ധൈര്യം തന്നത്. അവര്‍ ഒരു സിംഗിള്‍ പാരന്റ് ആയിരുന്നു. തന്നോടുള്ള അച്ഛന്റെ പരുമാറ്റവും സ്പര്‍ശനങ്ങളും അവര്‍ ശ്രദ്ധിച്ചിരിക്കാം. ഹോട്ടല്‍ മുറിയില്‍ വരുമ്പോഴും അയാള്‍ എന്നെ തല്ലുന്നതും അവര്‍ കണ്ടിട്ടുണ്ട്.' ഖുശ്ബു പറഞ്ഞു.
''അവര്‍ അയാളുടെ തൊടലുകള്‍ ശ്രദ്ധിച്ചിരുന്നു. നാല് മക്കളെ ഒറ്റയ്ക്ക് നോക്കിയതിന്റെ അനുഭവം അവര്‍ക്കുണ്ടായിരുന്നു. ഇയാള്‍ ശരിയല്ലെന്ന് അവര്‍ക്ക് തോന്നി. എന്നോടുള്ള അയാളുടെ ശരീരഭാഷ ശരിയല്ലെന്ന് അവര്‍ മനസിലാക്കി. അങ്ങനെയാണ് അവര് എന്നോട് സംസാരിക്കുന്നത്. ഞാന്‍ അവരുടെ മുന്നില്‍ പൊട്ടിക്കരഞ്ഞു. അവരാണ് അമ്മയോട് പറയണമെന്ന് എന്നോട് ആവശ്യപ്പെടുന്നത്'' ഖുശ്ബു പറയുന്നു. എന്നിട്ടും തനിക്ക് രണ്ട് വര്‍ഷം വേണ്ടി വന്നു എല്ലാം തുറന്നു പറയാന്‍ എന്നാണ് താരം പറയുന്നത്.
ഉബിനിനോട് താന്‍ നേരിട്ട പീഡനങ്ങളെ കുറച്ച് തുറന്നു പറഞ്ഞിരുന്നുവെങ്കിലും അമ്മയോടും സഹോദരങ്ങളോടും അതേപറ്റി അപ്പോള്‍ പറയാനുള്ള മനോബലം തനിക്കില്ലായിരുന്നുവെന്നും, രണ്ടു വര്‍ഷത്തിനു ശേഷം സാമ്പത്തികമായി സ്വതന്ത്രയായെന്ന് തോന്നിയപ്പോഴാണ് കുടുംബാംഗങ്ങളോട് ഇതേ കുറിച്ച് സംസാരിച്ചതെന്നും ഖുശ്ബു പറഞ്ഞു.
''സൗത്ത് സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ പൂര്‍ണമായും ഇന്‍ഡിപ്പറ്റന്റ് ആയി. അപ്പോഴാണ് ഞാന്‍ സംസാരിക്കാന്‍ തീരുമാനിക്കുന്നത്. അമ്മയോടും സഹോദരന്മാരോടും പറഞ്ഞു. അച്ഛനോട് നോ പറയാന്‍ പഠിച്ചു. അപ്പോഴാണ് പ്രശ്നം വലുതായത്. നിനക്ക് എങ്ങനെ നോ പറയാന്‍ സാധിച്ചു? അമ്മയോട് സംസാരിച്ചപ്പോള്‍, ഇത് നോര്‍മല്‍ അല്ല ലൈംഗിക അതിക്രമമാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് നോ പറയാന്‍ പഠിക്കുന്നത്'' ഖുശ്ബു പറയുന്നു. അതോടെ അച്ഛന്‍ ലൊക്കേഷനില്‍ വച്ച് പോലും തല്ലാന്‍ തുടങ്ങിയെന്നാണ് താരം പറയുന്നത്. എന്നാല്‍ സഹ പ്രവര്‍ത്തകരില്‍ നിന്നും ഖുശ്ബുവിന് പിന്തുണ ലഭിച്ചു. ഒടുവില്‍ അച്ഛന്‍ തങ്ങളെ ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് താരം പറയുന്നത്. ''ഒരു രാത്രി അയാള്‍ ഇറങ്ങിപ്പോയി. 1986 സെപ്തംബറിലാണ് അയാള്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷമാണ് അയാള്‍ മരിച്ചതെന്ന് തോന്നുന്നു. എപ്പോള്‍ എവിടെ എന്നൊന്നും എനിക്ക് അറിയില്ല. അതിന് ശേഷം ഞാന്‍ അയാളെ കണ്ടിട്ടില്ല'' ഖുശ്ബു പറയുന്നു.