വീട് നിര്‍മിക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യമാണ് കുട്ടികളുടെ മുറി എങ്ങനെ ഒരുക്കും എന്നത്. സാധാരണ മുതിര്‍ന്ന ആളുകള്‍ക്കായി പണിയുന്ന മുറി പോലെ തന്നെ ആയിരിക്കും പലപ്പോഴും കുട്ടികളുടെ മുറിയും പണിയുക. വലുപ്പം അല്‍പം കുറയ്ക്കും എന്നതൊഴിച്ചാല്‍ മറ്റു മാറ്റങ്ങള്‍ ഒന്നും ഉണ്ടാകാറില്ല എന്നതാണ് വാസ്തവം. എന്നാല്‍ ഇങ്ങനെയല്ല ചെയ്യേണ്ടത്, കുട്ടികളുടെ മുറി അവരുടെ അഭിരുചിക്ക് ഇണങ്ങുന്ന രീതിയിലാണ് നിര്‍മിക്കേണ്ടത്.
ഇളം നിറങ്ങളാണ് കുട്ടികളുടെ മുറികള്‍ക്ക് അനുയോജ്യം. ഭാവനാത്മകമായിരിക്കണം ഇന്റീരിയര്‍. കാര്‍ട്ടൂണുകള്‍, കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട കഥാപാത്രരൂപങ്ങള്‍ എന്നിവ മുറിയില്‍ വയ്ക്കാവുന്നതാണ്. ബെഡ്ഷീറ്റ്, കര്‍ട്ടനുകള്‍ എന്നിവയും കുട്ടികളുടെ അഭിരുചിക്ക് ചേര്‍ന്ന രീതിയില്‍ കൊണ്ട് വരാന്‍ ശ്രമിക്കണം. കണ്ണ് തുറന്നാല്‍ ഉടനെ കാണുന്ന രീതിയില്‍ ഒരു ക്‌ളോക്ക് മുറിയില്‍ വയ്‌ക്കേണ്ടത് ആവശ്യമാണ്.
അടുക്കും ചിട്ടയും ഏറ്റവും കൂടുതലായി വേണ്ടത് കുട്ടികളുടെ മുറിയിലാണ്. കാരണം അത് അവരുടെ സ്വഭാവരൂപീകരണത്തില്‍ സഹായിക്കും. പഠനമുറി പ്രത്യേകം പണികഴിപ്പിക്കണം എന്നില്ല. പകരം, കുട്ടികളുടെ മുറിയുടെ ഒരു ഭാഗം പഠനമുറിയായി തിരിച്ചാലും മതി. എന്നാല്‍ ഈ അവസരത്തില്‍ പുസ്തകങ്ങള്‍ അവിടെയും ഇവിടെയും ആയി ചിതറിക്കിടക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം. നിര്‍ബന്ധമായും പുസ്തകങ്ങളും മറ്റും സൂക്ഷിക്കുന്നതിനായി ഒരു കബോര്‍ഡ് ആവശ്യമാണ്. അതോടൊപ്പം ഉയരം ക്രമീകരിക്കാന്‍ കഴിയുന്ന മേശയും കസേരയും ഉണ്ടെങ്കില്‍ നല്ലതാണ്. കുട്ടികള്‍ക്ക് ഒരു ഹോംവര്‍ക്ക് സ്പേസ് ഉണ്ടാക്കി നല്‍കുന്നത് അവരുടെ പഠനം ആസ്വാദ്യകരമാക്കും. പ്രത്യേക പഠനമുറി സജ്ജീകരിച്ചിട്ടുള്ള വീടുകളിലും ഇത് നല്ലതാണ്.