ലഹരി ഉപയോഗിച്ചിരുന്നെന്നും ഉപേക്ഷിക്കുന്നതിനായി ഡോക്ടര്‍മാരില്‍ നിന്നു ചികിത്സ തേടിയിരുന്നെന്നും തുറന്നു പറഞ്ഞ നടി അശ്വതി ബാബു വിവാഹിതയായി. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയാണ്. സുഹൃത്തും കാക്കനാട് ചിറ്റേത്തുകര പറയിന്മൂല വീട്ടില്‍ നൗഫലാണ് വരന്‍. രജിസ്റ്റര്‍ വിവാഹമായിരുന്നു. കൊച്ചിയില്‍ കാര്‍ ബിസിനസ് ചെയ്യുന്നയാളാണ് നൗഫല്‍. ഒരു വര്‍ഷത്തെ പരിചയമാണുള്ളത്. അശ്വതി ബാബുവിന്റെ സാഹചര്യങ്ങള്‍ മനസ്സിലാക്കിയാണ് വിവാഹം. ലളിതമായിരുന്നു ചടങ്ങുകള്‍. കാക്കനാട്ടെ രജിസ്റ്റര്‍ ഓഫീസിലായിരുന്നു വിവാഹം. കൂനമ്മാവിലെ വീട്ടിലാണ് താമസം. ഒന്നാം തീയതിയായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തത്.
പതിനാറാം വയസ്സില്‍ കൊച്ചിയിലെത്തിയ തന്നെ പ്രണയം നടിച്ച് പലരും ചതിച്ചാണ് മയക്കു മരുന്നിന് അടിമയാക്കി മാറ്റിയതെന്ന് നടി അശ്വതി ബാബു മറുനാടനോട് തുറന്നു പറഞ്ഞിരുന്നു. കാമുകന്മാര്‍ ലഹരി മരുന്ന് നല്‍കി അവരുടെ ചൊല്‍പ്പടിക്ക് നിര്‍ത്തി പലരുടെയും മുന്നില്‍ കാഴ്ച വച്ച് പണം വാങ്ങിയെടുത്തിട്ടുണ്ടെന്നും അശ്വതി മറുനാടനോട് പറഞ്ഞിരുന്നു. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ അവിടെയെത്തിയതായിരുന്നു അശ്വതി. പൊലീസുമായി തര്‍ക്കമുണ്ടായപ്പോഴാണ് മറുനാടന്‍ അവിടെയെത്തിയത്. കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് അശ്വതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഈ നൗഫലിനെയാണ് അശ്വതി വിവാഹം ചെയ്തത്.
ഒരു പെണ്‍ സുഹൃത്തിനൊപ്പമാണ് പതിനാറാം വയസ്സില്‍ കൊച്ചിയിലെത്തിയത്. ഇവരുടെ ഒപ്പം കൂടിയ ശേഷമായിരുന്നു തന്റെ വഴി പിഴച്ചത്. സാബു എന്നയാളായിരുന്നു കാമുകന്‍. ഇയാളാണ് ആദ്യം മയക്കു മരുന്ന് നല്‍കുന്നത്. പിന്നീട് ശ്രീകാന്ത് ഇവരുടെ ഡ്രൈവറായി എത്തിയതോടു കൂടിയാണ് തന്നെ മയക്കു മരുന്ന് നല്‍കി മറ്റുള്ളവര്‍ക്ക് കാഴ്ച വച്ചതെന്ന് അശ്വതി പറഞ്ഞു. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കിയാണ് കൂടെ കൊണ്ടു നടന്നിരുന്നത്. പക്ഷേ അവരുടെ ലക്ഷ്യം തന്നെ വിറ്റ് കാശുണ്ടാക്കുക എന്നതായിരുന്നു. അത്തരത്തില്‍ പല വിധം ഉപയോഗിച്ചു. ഇടക്ക് ഗര്‍ഭിണിയായി. പക്ഷേ ആശുപത്രിയില്‍ കൊണ്ടു പോയി അലസിപ്പിച്ചു. ഒടുവില്‍ ഇപ്പോള്‍ മാനസിക രോഗത്തിന് ചികിത്സിക്കുകയാണ് എന്നും അശ്വതി പറയുന്നു.
താനൊരിക്കലും ലഹരി മരുന്ന് കച്ചവടം നടത്തിയിട്ടില്ല. ലഹരി ഉപയോഗിക്കാന്‍ വേണ്ടി കയ്യില്‍ കരുതിയിരുന്നതാണ് പൊലീസ് പിടിച്ചെടുത്തത്. ലഹരി ഉപയോഗിക്കാതെ ഒരു ദിവസം തള്ളി നീക്കാന്‍ കഴിയില്ല. പക്ഷേ ഇപ്പോള്‍ ലഹരി ഉപയോഗം കുറച്ച് കൊണ്ടു വന്നു നിര്‍ത്താനുള്ള ശ്രമമാണ് എന്നും അവര്‍ പറഞ്ഞിരുന്നു. പെണ്‍വാണിഭം നടത്തിയിരുന്ന കാര്യത്തെ പറ്റി ചോദിച്ചപ്പോള്‍ കൂടെയുള്ളവര്‍ ചെയ്ത കാര്യങ്ങള്‍ക്ക് താന്‍ ബലിയാടാകുകയായിരുന്നു എന്നും അവരാണ് പെണ്‍വാണിഭം നടത്തിയതെന്നും അശ്വതി പറഞ്ഞു. വാര്‍ത്തകളില്‍ കാണുന്ന പോലെ താന്‍ ഒരു ലഹരി കച്ചവടക്കാരിയല്ല. ലഹരിക്കടിമയായി പോയവളാണ് എന്നും അവര്‍ പറഞ്ഞു.
നിരവധി പേര്‍ സ്നേഹം നടിച്ച് ഒപ്പം കൂടിയിട്ടുണ്ടായിരുന്നു. അവര്‍ക്കെല്ലാം എന്റെ ശരീരവും എന്റെ പണവും മാത്രമായിരുന്നു ആവശ്യം. ഞാന്‍ ഒരിക്കലും ഇങ്ങനെയായിരുന്നില്ല. കൂടിനുള്ളില്‍ അടച്ചിട്ട ഒരു പക്ഷിയായിരുന്നു. എന്നാല്‍ കൊച്ചിയിലെത്തിയതോടെ എന്റെ ജീവിതം താറുമാറായി. എന്നോട് അനുകമ്പ തോന്നിയ ഒരു മനുഷ്യന്‍ ഒരു സിനിമയില്‍ വേഷം നല്‍കി. അതോടെ ഞാന്‍ സിനിമാ നടിയായി. പക്ഷേ ആ ലേബല്‍ വച്ചും എന്റെ കാമുകന്മാര്‍ ഇറച്ചിക്ക് വില പേശി. അവരോടുള്ള അന്ധമായ സ്നേഹം എന്നെ പല തെറ്റുകളിലേക്കും എത്തിച്ചു. അമേരിക്കയിലുള്ള ഒരു മനുഷ്യനാണ് എന്നെ ഇപ്പോഴും സഹായിക്കുന്നത്. അദ്ദേഹമാണ് കൊച്ചിയില്‍ എനിക്ക് വീട് വാങ്ങിത്തന്നത്. ഇപ്പോള്‍ എന്റെ അമ്മ എന്നെ ചികിത്സിക്കുകയാണ്. എന്റെ മാനസിക നില നേരെയായി കഴിഞ്ഞ് ഒരു വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം. അത് നടക്കുമോ എന്നറിയില്ലെന്നും അശ്വതി പറഞ്ഞിരുന്നു. ഈ സ്വപ്നമാണ് ഇപ്പോള്‍ പൂവണിയുന്നത്.
2017ല്‍ കാറില്‍ എംഡിഎംഎയുമായി പിടിയിലായിരുന്നു അശ്വതി ബാബു. ലഹരിക്ക് അടിമയായിരുന്ന ഇവര്‍ അനാശാസ്യത്തിലൂടെ ഇതിനുള്ള പണം കണ്ടെത്തിയിരുന്നു എന്നായിരുന്നു അന്വേഷണ സംഘം വെളിപ്പെടുത്തിയത്. പുറത്തു വിട്ടാലും ലഹരി ഉപയോഗിക്കാതെ ജീവിക്കാന്‍ പറ്റില്ലെന്നായിരുന്നു അന്ന് പൊലീസിനോടു പറഞ്ഞതും ചര്‍ച്ചയായിരുന്നു. അശ്വതി ബാബു ലഹരി ഉപയോഗത്തിനു 2016ല്‍ ദുബായില്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. നിരവധി സിനിമകളിലും സീരിയലിലും അഭിനയിച്ചിരുന്ന ഇവര്‍ക്ക് അവസരങ്ങള്‍ ഇല്ലാതായതോടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതെല്ലാം നടി നിഷേധിക്കുകയാണ്.
മയക്കുമരുന്ന് കച്ചവടം നടത്തിയിട്ടില്ലെന്നും പെണ്‍വാണിഭം ചെയ്തില്ലെന്നും അവര്‍ പറയുന്നു. മയക്കുമരുന്നില്‍ നിന്ന് മോചനം നേടി കുടുംബ ജീവിതത്തിലേക്ക് കാല്‍വയ്ക്കുകയാണ് അശ്വതി ബാബു എന്നാണ് കിട്ടുന്ന സൂചനകള്‍.