രണ്ട് മാസത്തെ വേനലവധിക്ക് ശേഷം ഇന്ന് സ്‌കൂള്‍ തുറക്കും. പുത്തനുടുപ്പും ബാഗുകളുമായി കുരുന്നുകള്‍ വീണ്ടും അക്ഷരമുറ്റത്തേക്ക് പിച്ച വെക്കുകയാണ്. സാധാരണ വെക്കേഷന്‍ കഴിഞ്ഞ് സ്‌കൂള്‍ ആരംഭിക്കുന്നത് തിങ്കളാഴ്ച ആയിരിക്കും. എന്നാല്‍ പതിവുകളെല്ലാം തെറ്റിച്ച് ഇത്തവണ ജൂണ്‍ ഒന്ന് വെള്ളിയാഴ്ച തന്നെ സ്‌കൂള്‍ തുറന്നിരിക്കുകയാണ്.
ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കാന്‍ പൊതുവിദ്യാഭ്യസ വകുപ്പ് തീരുമാനിക്കുകയായിരുന്നു. അതേ സമയം നിപ്പാ വൈറസ് ഭീതിയില്‍ വടക്കന്‍ ജില്ലകൡല്‍ സ്‌കൂള്‍ തുറക്കില്ല. കോഴിക്കോട്, മലപ്പുറം, എന്നീ ജില്ലകളിലും തലശ്ശേരിയിലുമാണ് സ്‌കൂള്‍ തുറക്കാത്തത്. ജൂണ്‍ അഞ്ച്, ആറ് എന്നീ തിയ്യതികളിലായിരിക്കും ഇവിടെ സ്‌കൂള്‍ തുറക്കുന്നത്.
പുതിയ കുട്ടികളെ വരവേല്‍ക്കാനായി പ്രവേശനോത്സവം വിവിധ രീതിയില്‍ ആണ് പല സ്‌കൂളുകളും സംഘടിപ്പിച്ചിരിക്കുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നെടുമങ്ങാട് ഗവ. എല്‍പി സ്‌കൂളിലും, ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലുമാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തില്‍ പത്ത് ശതമാനം വര്‍ധനവ് ഇത്തവണ ഉണ്ടാകുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കണക്കാക്കുന്നത്. ജൂണ്‍ ഏഴിന് കുട്ടികളുടെ എണ്ണമെടുക്കല്‍ നടക്കും. അധ്യാപകര്‍ക്കുള്ള പരിശീലനം നേരത്തെ നടത്തുകയും കുട്ടികളുടെ പാഠപുസ്തകങ്ങളും യൂനിഫോമുകളും അവധികാലത്ത് തന്നെ വിതരണം ചെയ്തതായി പൊതുവിദ്യാഭ്യസ വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കിയിരുന്നു.