ഓട്ടിസത്തെ കീഴ്‌പ്പെടുത്താം; ഫിസിയോതെറാപ്പിയിലൂടെ

Malayalilife
ഓട്ടിസത്തെ കീഴ്‌പ്പെടുത്താം; ഫിസിയോതെറാപ്പിയിലൂടെ

ട്ടിസം! ഈ വാക്കിനിപ്പോൾ  ഒരു പുതുമയില്ലാതായിരിക്കുന്നു.  ലോകത്തിൽ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന  ഒന്നായി ഓട്ടിസം മാറിക്കഴിഞ്ഞു. കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു മാനസിക വ്യതിയാനമാണ് ഓട്ടിസം. ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രധാന ലക്ഷണം തനിച്ചിരിക്കാനുള്ള ഇഷ്ടമാണ്. ഇത് കുട്ടികളുടെ സംസാരിക്കുന്നതിനുള്ള കഴിവിനെയും  സാമൂഹികപരമായ ഇടപെടലിനെയുമാണ്  കാര്യമായി ബാധിക്കുന്നത്. അതുപോലെ തന്നെ ചിലകുട്ടികളിൽ മോട്ടോർ സ്‌കിൽസ്  വികസനത്തെയും ബാധിക്കുണ്ട്. ഇങ്ങനെയുള്ള കുട്ടികൾക്ക് ഫിസിയോതെറാപ്പി ചികിത്സ വളരെയധികം പ്രയോജനം ചെയ്യും.

കുട്ടികളുടെ  വികസന ഘട്ടത്തിൽ അവർ നേരിടുന്ന മോട്ടോർ സംബന്ധമായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഫിസിയോതെറാപ്പിയിലൂടെ സാധിക്കും. അവരുടെ ദുർബലമായ പേശി നിയന്ത്രണത്തിന്റെ തീവ്രത മെച്ചപ്പെടുത്തുന്നതിലും കുറയ്ക്കുന്നതിലും ഫിസിയോതെറാപ്പി വിജയിച്ചിട്ടുണ്ട്. ഫിസിയോതെറാപ്പി നൽകുന്നതിലൂടെ ഭാവിയിൽ അവർ അനുഭവിച്ചേക്കാവുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതെയാക്കാൻ ഒരു പരിധി വരെ സഹായകമാകും .

ഓട്ടിസം ബാധിച്ച ഒരു കുട്ടിയെ അവന്റെ ചലനം പരമാവധി പ്രയോജനപ്പെടുത്താൻ സഹായിക്കുന്നതിനായി ഫിസിയോതെറാപ്പിസ്റ്റുകൾ വൈവിധ്യമാർന്ന സാങ്കേതിക വിദ്യകളും മാർഗങ്ങളും ഉപയോഗിക്കും. മാന്വൽ തെറാപ്പി, ജലചികിത്സ, വിവിധ തരം വ്യായാമങ്ങൾ, വിനോദ തെറാപ്പി, വിവിധ തരം കളികൾ എന്നിവയാണ് അവയിൽ ചിലത്. എല്ലാ ചികിത്സകളും പ്രായത്തിനു അനുയോജ്യവും വികസന നിലവാരവുമായി ബന്ധപ്പെട്ടതുമായിരിക്കും. ചെറുപ്പത്തിൽ ഫിസിയോതെറാപ്പിയുടെ പ്രധാന ലക്ഷ്യം, ഇരിക്കുക, നിൽക്കുക, നടക്കുക എന്നീ കാര്യങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന ചലന കഴിവുകളിലായിരിക്കും. കുട്ടി വളരുന്നതിനനുസരിച്ചു ചാട്ടം, പടികൾ കയറൽ, എറിയൽ, പിടിക്കൽ എന്നിവയുൾപ്പെടെ  സങ്കീർണമായ ചലനങ്ങളിൽ ശ്രദ്ധ കേന്ദ്രികരിക്കും.

ഫിസിയോതെറാപ്പിയിലൂടെ  ഓട്ടിസം ബാധിച്ച കുട്ടികൾക്ക് അവരുടെ പ്രായത്തിലുള്ള മറ്റു കുട്ടികൾക്കൊപ്പം തന്നെ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധിക്കും. എല്ലാവരിലുമുള്ള ഫൈൻ മോട്ടോർ സ്‌കിൽസ് ആയ കൈകൾ ഉപയോഗിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ ഇത്തരത്തിൽ ഉള്ളവരിൽ കുറവായിരിക്കും. ഓട്ടിസമുള്ള കുട്ടികളിൽ പലപ്പോഴും മസിൽ ടോൺ കുറവായിരിക്കും. അതിനർത്ഥം അവർക്ക് ചലിക്കാൻ കൂടുതൽ ശക്തിയും ഊർജവും ഉപയോഗിക്കേണ്ടതുണ്ട് എന്നാണ്. ഇത് പലപ്പോഴും അലസത, വീഴച്ചകൾ, ബാലൻസ് ഇല്ലായ്മ , കോഓർഡിനേഷൻ ഇല്ലായ്മ  എന്നിവയായി കാണപ്പെടുന്നു. ഇവ പരിഹരിക്കാൻ  ഫിസിയോതെറാപ്പി സഹായകരമാണ്. പുതിയ ശാരീരിക കഴിവുകൾ പഠിക്കാനും നേരെ നടക്കാനും കായിക-വിനോദ പരിപാടികളിൽ പങ്കെടുക്കാനുമെല്ലാം ഫിസിയോതെറാപ്പി സഹായിക്കുന്നു. ഇത്തരം കഴിവുകളിലൂടെ തങ്ങളുടെ സമപ്രായക്കാരായ മറ്റുകുട്ടികളോട് അടുക്കാൻ ഓട്ടിസം ബാധിതർക്ക് സാധിക്കുന്നു. ഇത് സാമൂഹികപരമായ ജീവിതം നയിക്കാൻ അവരെ പ്രാപ്തരാക്കുന്നു.

ഓട്ടിസമുള്ള കുട്ടികൾക്ക്  ഫിസിയോതെറാപ്പിയിലൂടെ അവരുടെ ശരീരത്തിലെ ശരിയായ പേശികളെ പ്രവർത്തിപ്പിക്കാൻ സാധിക്കും ഒപ്പം ഈ പേശികളെ പ്രവർത്തനപരമായ കാര്യങ്ങളിൽ ഏർപ്പെടുത്താനുള്ള ശക്തിയും സഹിഷ്ണുതയും അവരിൽ ഉണ്ടാക്കിയെടുക്കാനും  സാധിക്കുന്നു. ഇത് അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള കഴിവിനെ വളർത്തുന്നു. ഫിസിയോതെറാപ്പിയിലൂടെ ശരിയായ പേശി പ്രവർത്തനം വികസിപ്പിക്കാനും ഗ്രോസ് മോട്ടോർ പ്രവർത്തനങ്ങളായ  ചാടുക, ഓടുക എന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും വീഴുമ്പോൾ തനിയെ നിവർന്നു നിൽക്കാനുമെല്ലാം അവരെ പ്രാപ്തരാക്കുന്നു.

ASD, ADHD എന്നിവയുള്ള കുട്ടികൾക്കുള്ള മോട്ടോർ ബുദ്ധിമുട്ടുകൾ ചികിത്സിക്കുന്നതിൽ ഫിസിയോതെറാപ്പി ഒരു പ്രധാന ഘടകമാണ്. ഫിസിയോതെറാപ്പിസ്റ്റുകൾ  രക്ഷിതാക്കളുമായി   ചേർന്ന്   കുട്ടികളുടെ ശാരീരിക ശേഷി കുറവിനെ കുറച്ചുകൊണ്ട് കുട്ടികളിലെ  ആത്മവിശ്വാസം വളർത്തിയെടുക്കാൻ പ്രാപ്തരാക്കുന്നു.

(ലേഖിക കോട്ടയം ജില്ലയിലെ കോതനല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻ്റർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസത്തിൻ്റെ സ്ഥാപകയും എക്സിക്കുട്ടീവ് ഡയറക്ടറുമാണ്)

how physiotherapy helps in autism

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES