ശരീരത്തിലെ പല ഭാഗങ്ങളില്‍ നീര് ഉണ്ടാകാറുണ്ടോ? നിസ്സാരമായി കാണരുത്

Malayalilife
 ശരീരത്തിലെ പല ഭാഗങ്ങളില്‍ നീര് ഉണ്ടാകാറുണ്ടോ? നിസ്സാരമായി കാണരുത്

കാലിലും മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഉണ്ടാകുന്ന നീര് പല രോഗങ്ങളുടെയും ലക്ഷണമായി കാണാം. ഇതില്‍ പലതും ഗുരുതരമായ രോഗങ്ങളാണ്. ഹൃദയം, കരള്‍, വൃക്കകള്‍, തൈറോയ്ഡ് തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ മൂലവും ചില മരുന്നുകള്‍, പോഷകാഹാരക്കുറവ് എന്നിവ മൂലവും നീര് വരാറുണ്ട്. 

ഹൃദയത്തിന്റെ പല തരത്തിലുള്ള രോഗങ്ങള്‍ മൂലം പമ്പിങ് കുറയുന്നത് പാദങ്ങളില്‍ നീരുണ്ടാകുന്നതിന് ഇടയാക്കും. ഇങ്ങനെയുള്ളവരില്‍ ഹൃദ്രോഗത്തിന്റെ മറ്റ് ലക്ഷണങ്ങളായ നടക്കുമ്പോഴും മലര്‍ന്നു കിടക്കുമ്പോഴുമുള്ള ശ്വാസംമുട്ടല്‍, ചുമയും ശ്വാസംമുട്ടലുമായി ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുക തുടങ്ങിയവയും ഉണ്ടാവും. 

കരള്‍വീക്കംകൊണ്ടുണ്ടാകുന്ന പാദങ്ങളിലെ നീരിനൊപ്പം വയറിനുള്ളിലെ വെള്ളക്കെട്ടും (Ascitis) ശ്വാസകോശത്തിന്റെ ആവരണത്തിനുള്ളിലെ വെള്ളക്കെട്ടും (Pleural Effusion) ഉണ്ടാവാം. അമിത മദ്യപാനം, ആല്‍ക്കഹോളിന്റെ അംശമോ ലെഡ് പോലുള്ള ലോഹങ്ങള്‍ അടങ്ങിയിട്ടുള്ള മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, ഹെപ്പറ്റൈറ്റിസ് ബിയും സിയും, അനിയന്ത്രിതമായ പ്രമേഹം,അമിതവണ്ണം, കരളിലെ അര്‍ബുദം, പാരമ്പര്യ ഘടകങ്ങള്‍ തുടങ്ങിയവയൊക്കെ കരള്‍വീക്കത്തിനിടയാക്കാം. രക്തം ഛര്‍ദിക്കുക, മലത്തില്‍ കൂടി രക്തം പോകുക, തൊലിക്കടിയില്‍ പ്രത്യക്ഷപ്പെടുന്ന രക്തസ്രാവം മൂലമുള്ള ചുവന്ന പാടുകള്‍ തുടങ്ങിയ അനുബന്ധ ലക്ഷണങ്ങളും കരള്‍വീക്കത്തിനൊപ്പം ഉണ്ടാവും. 

വൃക്കയുടെ തകരാറുമൂലം ഉണ്ടാകുന്ന നീര് പാദങ്ങളില്‍ കാണുന്നതിനൊപ്പം കണ്ണിനു ചുറ്റും വീക്കവും ഉണ്ടാക്കും. നിയന്ത്രണത്തിലല്ലാത്ത പ്രമേഹം, രക്താതിമര്‍ദം എന്നിവയാണ് വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കുന്ന പ്രധാനരോഗങ്ങള്‍. നീരിനൊപ്പം രക്തക്കുറവും ക്ഷീണവും അടിസ്ഥാനരോഗം മൂലമുണ്ടാകുന്ന മറ്റ് സങ്കീര്‍ണതകള്‍ മൂലമുള്ള പ്രശ്‌നങ്ങളും രോഗിക്കു വിഷമതകളുണ്ടാക്കും. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനവൈകല്യം മൂലമുണ്ടാകുന്ന നീര് മറ്റു കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന നീരിനെക്കാള്‍ ലഘുവും വളരെ സാവധാനം ഉണ്ടാകുന്നതും ആകയാല്‍ പലപ്പോഴും ശ്രദ്ധയില്‍ പെടാറില്ല. രോഗിക്കു ക്ഷീണം, വിശപ്പു കുറവ്, ശരീരഭാരം കൂടുക, സംസാരത്തിലും ശബ്ദത്തിലും ഉണ്ടാകുന്ന വ്യത്യാസങ്ങള്‍, തണുപ്പ് സഹിക്കാനുള്ള ബുദ്ധിമുട്ട്, മാസമുറയിലെ വ്യത്യാസങ്ങള്‍ എന്നിവയില്‍ ഏതെങ്കിലുമൊക്കെ ലക്ഷണങ്ങള്‍ ഉണ്ടാകും. ചുരുക്കത്തില്‍ കാല്‍പാദങ്ങളില്‍ ഉണ്ടാകുന്ന നീര്‍വീഴ്ച ഗൗരവത്തോടെ കാണേണ്ടതും വൈദ്യസഹായം തേടേണ്ടതുമായ ഒന്നാണ്.

Read more topics: # നീര്
swelling in body parts

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES