പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്റെ കടുത്ത ആരാധന തുറന്നുപറഞ്ഞ് നടന്‍ വിവേക് ഗോപന്‍. മോദി തനിക്ക് 'കാണപ്പെട്ട ദൈവം' ആണെന്നും വിവേക് ഗോപന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. ബിജെപി അല്ലാതെ മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും തനിക്കാവില്ലെന്നും താരം വ്യക്തമാക്കി. പ്രധാനമന്ത്രി രാജ്യത്തിനുവേണ്ടി ചെയ്യുന്ന കാര്യങ്ങളും അദ്ദേഹത്തിന്റെ ജീവിതരീതിയും തന്നെ വളരെയധികം ആകര്‍ഷിച്ചിട്ടുണ്ടെന്ന് വിവേക് ഗോപന്‍ പറഞ്ഞു.
'നരേന്ദ്രമോദിയുടെ വലിയ ആരാധകനാണ് ഞാന്‍. കാണപ്പെട്ട ദൈവം എന്നൊക്കെ പറയില്ലേ? ദൈവം ഭൂമിയില്‍ വന്നാല്‍ എങ്ങനെയിരിക്കും? അങ്ങനെയാണ് അദ്ദേഹത്തെ തോന്നുന്നത്. ഞാന്‍ പറയുന്നത് എന്റെ കാഴ്ചപ്പാടാണ്. മറ്റുള്ളവര്‍ക്ക് അങ്ങനെ തോന്നണമെന്നില്ല. അദ്ദേഹം ചെയ്യുന്ന കാര്യങ്ങളും അദ്ദേഹത്തിന്റെ ജീവിതവുമൊക്കെ ഭയങ്കരമായി ഉള്‍ക്കൊണ്ടയാളാണ് ഞാന്‍. അനാവശ്യമായിട്ടുള്ള ഒരു കാര്യവും അദ്ദേഹം ചെയ്യുന്നില്ല. എല്ലാം രാജ്യത്തിനു വേണ്ടിയാണ്.
സ്വന്തമായി ഒരു വീടുപോലുമില്ലാത്ത മോദി, രാജ്യത്തിന്റെ ഉന്നമനത്തിനുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നും പല രാഷ്ട്രീയക്കാരെയും പോലെ സ്വന്തം കീശ വീര്‍പ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്നും താരം പറഞ്ഞു. മോദിയുടെ ഈ ആത്മാര്‍ത്ഥതയാണ് തനിക്ക് അദ്ദേഹത്തോടുള്ള അമിതമായ ആരാധനയ്ക്ക് കാരണമെന്നും താരം കൂട്ടിച്ചേര്‍ത്തു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയിലെ ചവറ നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി വിവേക് ഗോപന്‍ മത്സരിച്ചിരുന്നു. ചെറുപ്പം മുതലേ താന്‍ ബിജെപി അനുഭാവിയാണെന്നും കുറച്ചുകാലം ശാഖയില്‍ പോയിരുന്നു എന്നും വിവേക് മുന്‍പ് തുറന്നു പറഞ്ഞിട്ടുണ്ട്. ഭാവിയില്‍ എന്ത് സംഭവിച്ചാലും ബിജെപി വിട്ട് മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നതിനെക്കുറിച്ച് തനിക്ക് ചിന്തിക്കാന്‍ പോലുമാകില്ലെന്ന് വിവേക് ഗോപന്‍ പറഞ്ഞു.