നാളുകൾ ഏറെ കഴിയുമ്പോഴും കോവിഡിലൂടെയുള്ള സമൂഹ വ്യപനം കൂടി വരുകയാണ്. കോവിഡിനെ പിടിച്ചികെട്ടാനുള്ള നിരന്തരമായ ശ്രമങ്ങളും നടന്ന് പോരുകയാണ്. ഈ അവസരത്തിൽ വീണ്ടും മഴക്കാലം നമ്മെ തേടി എത്തുമ്പോൾ മഴക്കാല രോഗങ്ങളും വർധിക്കാൻ ഇടയുണ്ട്. എന്നാൽ ഈ മഴവെള്ളത്തിലും മറ്റും ചവിട്ടുന്നതിലൂടെ കോവിഡ് പകരുമോ എന്ന സംശയം ഏവരിലും നിഴലിക്കുന്നു.
എന്നാൽ കോവിഡ് മഴവെള്ളത്തിലൂടെ ഒക്കെ പകരും എന്ന് ഭയക്കേണ്ട സാഹചര്യങ്ങളൊന്നുമില്ലെന്ന് കോട്ടയം മെഡിക്കൽ കോളജിലെ പകർച്ചവ്യാധി വിഭാഗം മേധാവി ഡോ. സജി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്. ഈ വെള്ളത്തിൽ രോഗിയായ ഒരാൾ തുപ്പിയാൽ അതിൽ മറ്റൊരാൾ ചവിട്ടുകയോ കാലിലുള്ള മുറിവിലൂടെ രോഗാണു ശരീരത്തിൽ കയറുകയൊന്നും ഇല്ല. എന്നാൽ ഈ വെള്ളം കൈയിലെടുത്ത് മുഖം കഴുകുകയോ വായിലൊഴിക്കുകയോ വെള്ളത്തിൽ തൊട്ടശേഷം മൂക്കിലോ മുഖത്തോ സ്പർശിച്ചാൽ മാത്രമേ രോഗം പകരാൻ ഇടയുണ്ടാകുകയുള്ളു. എന്നാൽ ഇത്തരം ഒരു പ്രവർത്തി ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ല എന്നതുകൊണ്ട് തന്നെ അക്കാര്യത്തെ ഓർത്ത് ആർക്കും തന്നെ ഭയപ്പെടേണ്ടതില്ല.
നാം പുറത്തേക്ക് പോകുന്ന സമയത്ത് ഇപ്പോൾ കാണിക്കുന്ന ജാഗ്രത തന്നെ നമുക്ക് വീണ്ടും തുടരാവുന്നതാണ്.
വൃത്തിയായി കൈകൾ സോപ്പുപയോഗിച്ച് കഴുകുയും , മാസ്കുകൾ ഉപയോഗിക്കുകയും , അതോടൊപ്പം മാസ്ക് നനഞ്ഞാൽ അപ്പോൾ ത്തന്നെ മാറ്റി അടുത്തത് ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം. എന്നാൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടത് കൈകൾക്കാണ്. വൈറസ് ഉള്ളിലേക്ക് എത്തുന്നത് രോഗാണുക്കളെ സ്പർശിച്ച കൈകൾ കൊണ്ട് മുഖത്തു തൊടുമ്പോളാണ് . അതുകൊണ്ടാണ് കൈകൾ സോപ്പുപയോഗിച്ച് കഴുകുകയും സാനിറ്റൈസറുകൾ ഇടയ്ക്ക് ഇടയ്ക്ക് ഉപയോഗിക്കുകയും ചെയ്യണമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. ഇത്തരം പ്രവർത്തികൾ ജീവിതത്തിന്റെ ഭാഗമായാൽ തന്നെ മറ്റ് പകർച്ച വ്യാധികളെയും നമുക്ക് തടയാൻ സാധിക്കുന്നതാണ്.