പലതരത്തിലുളള രോഗങ്ങളാണ് നമുക്കു ചുറ്റും ഉള്ളത് .പലതും നമ്മള്‍ അറിയാതെ നമ്മളിലേക്ക് വരുന്നതാണ് എന്നാല്‍ ഇതില്‍ 70 ശതമാനവും ഉണ്ടാകുന്നത് നമ്മുടെ പരിസ്ഥിതിയില്‍ സംഭവിക്കുന്ന ചില മാറ്റങ്ങളില്‍ നിന്നാണ് .നാം ജീവിക്കുന്ന ചുറ്റുപാടും നമ്മുടെ ശരീരവും വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. പരിസ്ഥിതിയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങള് ശരീരത്തെ പല തരത്തിലബാധിക്കുന്നുണ്ട്. പലപ്പോഴും നമ്മുടെ സമയക്കുറവും അശ്രദ്ധയും മൂലം നാം ഇത് അറിയാതെ പോകുന്നു.തണുപ്പുകാലത്ത് ശൈത്യവും രൂക്ഷതയും പ്രകൃതിയില് കൂടുന്നതിനാലാണ് ശരീരത്തിലും അവയുടെ ആധിക്യം ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായാണ് ചുണ്ട്, കാല്പാദങ്ങള് ഇവയില് വിണ്ടുകീറല് സംഭവിക്കുന്നതും ചര്മം രൂക്ഷമായി മാറുന്നതും. ഇത് പ്രത്യക്ഷത്തില് കാണപ്പെടുന്ന മാറ്റങ്ങളാണ്. ആന്തരീകമായും ഇതുപ്രകാരമുള്ള മാറ്റങ്ങള് സംഭവിക്കുന്നുണ്ട്. ഈ മാറ്റങ്ങള് നമ്മെ ബുദ്ധിമുട്ടിക്കാതിരിക്കണമെങ്കില് ഓരോ മാസം മാറുമ്പോഴും നമ്മുടെ ആഹാര രീതിയിലും ശീലങ്ങളിലും മാസത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.
തണുപ്പുകാലത്ത് പ്രകൃതിയുടെ മാറ്റങ്ങളാല്‍ ഉണ്ടാകുന്ന രോഗങ്ങള്‍
ജലദോഷം
മഞ്ഞുകാലത്ത് മുതിര്‍ന്നവര്‍ തൊട്ട് കുട്ടികളില്‍ വരെ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന രോഗമാണിത്. വിവിധതരം വൈറസുകള്‍ ഇതിന് കാരണമാണെങ്കിലും 'റൈനോ വൈറസ്' എന്ന ഒരുതരം വൈറസാണ് ഏറ്റവും കൂടുതലായി കണ്ടുവരുന്നത്. തുമ്മല്‍, മൂക്കടപ്പ്, മൂക്കൊലിപ്പ്, മൂക്ക്, കണ്ണ് ചൊറിച്ചില്‍, ചുമ, തലവേദന, ചെറിയ പനി എന്നിവയാണ് പ്രധാന ലക്ഷങ്ങള്‍. സാധാരണ 3-4 ദിവസങ്ങള്‍ കൊണ്ട് ഭേദമാകുമെങ്കിലും മൂക്കടപ്പും മൂക്കൊലിപ്പും ചിലപ്പോള്‍ വീണ്ടും രണ്ടാഴ്ച കൂടി തുടരും.രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ചികിത്സ മാത്രമേ ആവശ്യമുള്ളൂ. വൈറസ് രോഗമായതിനാല്‍ ആന്റിബയോട്ടിക് മരുന്നുകള്‍ ആവശ്യമില്ല. ശുദ്ധീകരിച്ച ഉപ്പുവെള്ളത്തിന്റെ തുള്ളികള്‍ മൂക്കില്‍ ഇറ്റിക്കുന്നത് മൂക്കടപ്പിന് ആശ്വാസം നല്‍കും. ധാരാളം വെള്ളം കുടിയ്ക്കുക. ദിവസേന മൂന്നോ നാലോ തവണ വെള്ളത്തില്‍ ആവിപിടിക്കുന്നത് വളരെ നല്ലതാണ്.
ഇന്‍ഫ്‌ളുവന്‍സ
ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളുമായി തുടങ്ങി, പിന്നീട് കഠിനമായ പനി, ശരീര വേദന, അതിയായ ക്ഷീണം, ചര്‍ദ്ദി, തലവേദന, തൊണ്ടവേദന എന്നിവ ഉണ്ടാവുകയും ചെയ്യുന്ന രോഗമാണ് ഫ്‌ലൂ. തണുപ്പ് കാലത്താണ് ഇത് കൂടുതല്‍ കണ്ടുവരുന്നത് .പനി, വേദന എന്നിവയുണ്ടെങ്കില്‍ പാരസെറ്റമോള്‍ ഗുളിക കൊടുക്കുക.
ആസ്തമ
ശ്വാസകോശങ്ങളെ, പ്രത്യേകിച്ച് ശ്വാസനാളികളെ ബാധിക്കുന്ന അലര്‍ജിയാണ് ആസ്തമ. ആസ്ത്മയ്ക്ക് കാരണമായ വസ്തുക്കളുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍ ശ്വാസനാളിയുടെ ചുറ്റുമുള്ള പേശികള്‍ മുറുകുകയും ഉള്ളില്‍ നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യുന്നു. ഇക്കാരണങ്ങളാല്‍ ശ്വാസനാളികള്‍ ചുരുങ്ങുകയും സാധാരണ രീതിയിലുള്ള വായുസഞ്ചാരം തടസ്സപ്പെടുകയും ചെയ്യുന്നു. ചുമ, ശ്വാസം മുട്ടല്‍, ഇടയ്ക്കിടെ ഉണ്ടാകുന്ന കഫക്കെട്ട് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. തണുപ്പ് കാലാവസ്ഥയില്‍ ആസ്ത്മ രോഗം വരാനും ലക്ഷണങ്ങള്‍ മൂര്‍ച്ചിയ്ക്കാനും സാധ്യതയുണ്ട്.ആസ്ത്മയുള്ള കുട്ടികള്‍ മഞ്ഞുകാലത്ത് കൂടുതല്‍ ശ്രദ്ധിക്കണം. തണുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നതും മഞ്ഞുള്ളപ്പോള്‍ പുറത്ത് കളിക്കുന്നതും ഒഴിവാക്കുക.
നാസിക അലര്‍ജി
മൂക്കൊലിപ്പ്, തുമ്മല്‍, കണ്ണ് ചൊറിച്ചില്‍ എന്നീ ലക്ഷണങ്ങളോട് കൂടി വരുന്ന നാസിക അലര്‍ജ്ജിക്കാര്‍ക്കും മഞ്ഞുകാലം പ്രശ്‌നകാലമാണ്. എല്ലാ ദിവസവും ചൂട് വെള്ളത്തില്‍ ആവി കൊള്ളുന്നത് ആശ്വാസം നല്‍കും. കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് ഇക്കാലത്ത് അലര്‍ജി ഗുളികയോ മൂക്കിലടിക്കുന്ന സ്‌പ്രേയോ ഉപയോഗിക്കേണ്ടി വരും.
വരണ്ട ചര്‍മ്മം
തണുത്ത കാലാവസ്ഥയില്‍ തൊലിപ്പുറം വരളുകയും, ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. തൊലിയുടെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ക്രീമുകള്‍ ഗുണം ചെയ്യും.
എക്‌സിമ
തൊലിപ്പുറമേയുണ്ടാകുന്ന അലര്‍ജ്ജി രോഗമാണ് എക്‌സിമ. തണുത്ത കാലാവസ്ഥയില്‍ ഈ രോഗം മൂര്‍ച്ചിക്കാന്‍ സാധ്യതയുണ്ട്. കുളിച്ചതിന് ശേഷം ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ക്രീമോ, ലോഷനോ തേയ്ക്കുന്നത് ഇത് നിയന്ത്രിക്കുന്നു. ഓരോ പ്രായത്തിനും അനുയോജ്യമായ ക്രീമോ, ലോഷനോ ചര്‍മ്മ വിദഗ്ദ്ധന്റേയോ, അലര്‍ജ്ജി സ്‌പെഷ്യലിസ്റ്റിന്റേയോ നിര്‍ദ്ദേശാനുസരണം ഉപയോഗിക്കാം.
സോറിയാസിസ്
മഞ്ഞുകാലത്ത് കണ്ടുവരുന്ന ത്വക്ക് രോഗമാണ് സോറിയാസിസ്. മഞ്ഞും തണുപ്പും ഈ രോഗം വര്‍ദ്ധിക്കാന്‍ കാരണമായേക്കും.
പ്രതിരോധം എങ്ങനെ
*******************
ഫാന്‍, ഏസി എന്നിവ ഉപയോഗിക്കുമ്പോള്‍ അവയുടെ തണുത്ത കാറ്റ് നേരിട്ട് അടിക്കാത്ത വിധം ഉപയോഗിക്കുക.
തണുപ്പില്‍ നിന്നുള്ള പ്രതിരോധത്തിന് കട്ടിയുള്ള കോട്ടണ്‍ ഡ്രസ്സുകള്‍, കമ്പിളി ഉടുപ്പുകള്‍ എന്നിവ ഉപയോഗിക്കാം. ചെറിയ കുട്ടികളുടെ ചെവി മൂടുന്ന തരത്തിലുള്ള കമ്പിളിത്തൊപ്പികള്‍ ഉപയോഗിക്കുക.
അതിരാവിലേയും രാത്രിയിലുമുള്ള ഇരുചക്ര വാഹങ്ങങ്ങളിലെ യാത്ര ഒഴിവാക്കുക.
എല്ലാ ദിവസവും രാവിലേയും രാത്രിയിലും ചൂടുവെള്ളത്തില്‍ ആവി കൊള്ളുന്നത് ജലദോഷം പോലെയുള്ള രോഗങ്ങള്‍ വരുന്നത് തടയും.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും പൊത്തിപ്പിടിക്കുക, കൈകള്‍ വൃത്തിയായി സോപ്പിട്ട് കഴുകുക. മധുരം, പുളി, ഉപ്പ് എന്നീ രസങ്ങള് കൂടുതലായുള്ള ഭക്ഷണങ്ങള് ഉള്‌പ്പെടുത്തണം.
ഭക്ഷണം ചൂടോടു കൂടി തന്നെ കഴിക്കണം. ഉഷ്ണഗുണത്തോടു കൂടിയ ആഹാര പദാര്ഥങ്ങള് ഉപയോഗിക്കണം. വിശന്നിരിക്കരുത്. വിശപ്പു തോന്നുമ്പോള്‍ ഭക്ഷണം കഴിക്കണം.
പഴയതും തണുത്തതുമായ ഭക്ഷണ പദാരഥങ്ങള ഇക്കാലത്ത് ഒഴിവാക്കണം. സമയാസമയങ്ങളില തയ്യാറാക്കിയ ചൂടുള്ള ഭക്ഷണം തന്നെ കഴിക്കണം.
തണുപ്പുകാലത്ത് വ്യായാമം ഒഴിവാക്കരുത്. വ്യായാമം ചെയ്യുമ്പോള് ശരീരത്തില് രക്തപ്രവാഹം മെച്ചപ്പെടും. ഇത് തണുപ്പിനെ പ്രതിരോധിക്കാന് ശരീരത്തെ സഹായിക്കും
തണുപ്പുകാല ചര്‍മ്മ സംരക്ഷണം
*******************************
സോപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. ചര്‍മ്മരോഗമുള്ളവര്‍ സോപ്പ് പൂര്‍ണ്ണമായും ഒഴിവാക്കുകയാണ് നല്ലത്. സോപ്പിന് പകരം
സിന്തെറ്റ്‌സ് അല്ലെങ്കില്‍ ക്ലെന്‍സേഴ്‌സ് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉപയോഗിക്കാവുന്നതാണ്.
കുളിക്കുന്നതിന് മുന്‍പ് ശരീരത്തില്‍ എണ്ണ പുരട്ടാതിരിക്കുക. ഇത് ചര്‍മ്മം കൂടുതല്‍ വരളാന്‍ കാരണമാകും.
ചെറു ചൂട് വെള്ളത്തില്‍ കുളിച്ചതിനു ശേഷം ഉടന്‍ തന്നെ മോയ്ശ്ച്വറൈസര്‍ ഉപയോഗിക്കുക. ശരീരത്തില്‍ നിന്ന് വെള്ളം വലിഞ്ഞു
പോകുന്നതിനു മുന്‍പ് വേണം ഇത് പുരട്ടാന്‍. ഇത് ചര്‍മ്മത്തിന് മൃദുത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു. വരണ്ട ചര്‍മ്മമുള്ളവര്‍ ദിവസം രണ്ടോ മൂന്നോ തവണ മോയ്ശ്ച്വറൈസര്‍ പുരട്ടേണ്ടതാണ്.
എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് തണുപ്പുകാലത്ത് ഓയില്‍ ഫ്രീ മോയ്ശ്ച്വറൈസര്‍ ഉപയോഗിക്കാവുന്നതാണ്.