Latest News

ഡിമെൻഷ്യയെ അറിയുക; അൽഷിമേഴ്സിനെ മനസ്സിലാക്കാം

Malayalilife
ഡിമെൻഷ്യയെ അറിയുക;  അൽഷിമേഴ്സിനെ മനസ്സിലാക്കാം

2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും  വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ അൽഷിമേഴ്സ് എന്ന രോഗാവസ്ഥയെ കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടാവുക. അതേ വ‍ർഷം ഹിന്ദിയിൽ ഇറങ്ങിയ അമിതാഭ് ബച്ചൻ ചിത്രം ബ്ലാക്ക്, 2013 ലെ മായി തുടങ്ങി നിരവധി സിനിമകളിൽ ഡിമൻഷ്യ പ്രമേയമായിട്ടുണ്ട്. അടുത്ത കാലത്തിറങ്ങിയ ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയിലെ ഓൾഡ് ഏജ് ഹോം എന്ന ഹ്രസ്വ ചിത്രത്തിൽ വരെ. അൽഷിമേഴ്സ് എന്തെന്ന് അറിയണമെങ്കിൽ ഡിമൻഷ്യയെ കുറിച്ചും മനസ്സിലാക്കണം. ഇത്തവണത്തെ ലോക അൽഷിമേഴ്സ് ദിനത്തിന്റെ മുദ്രാവാക്യവും അതു തന്നെയാണ്. ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സ് അറിയുക. രോഗനി‍ർണയം,  ലക്ഷണങ്ങൾ, കൊവിഡ് കാലം ഡിമൻഷ്യ ബാധിതരെ ഏതെല്ലാം രീതിയിൽ ബാധിച്ചു തുടങ്ങി വിവിധ മേഖലകൾ കേന്ദ്രീകരിച്ചാണ് ഈ വർഷത്തെ അൽഷിമേഴ്സ് ദിനാചരണം കടന്നു പോകുന്നത്.


പ്രശസ്ത എഴുത്തുകാരൻ ദേവദത്ത് പടനായിക് അൽഷിമേഴ്സിനെ വിശേഷിപ്പിച്ചത് 'ഭാവനയുടെ മരണം' എന്നാണ്. ജോലി ചെയ്യാൻ കഴിയാത്ത, ഒറ്റയ്ക്ക് ജീവിക്കാൻ സാധിക്കാത്ത, ഒരു കുഞ്ഞിനെപ്പോലെ പൂർണ്ണമായും ആശ്രയിക്കുന്ന അവസ്ഥയിലേക്ക് അവരെത്തും. ഓർമ്മകൾ, വർഷങ്ങൾ, ഭാവിയെ കുറിച്ചുള്ള ചിന്ത, പ്രതീക്ഷകൾ എല്ലാം തന്നെ ഇല്ലാതെയാവും.

 
ഡിമെൻഷ്യയുടെ ഏറ്റവും സാധാരണമായി കണ്ടുവരുന്ന രൂപമാണ് അൽഷിമേഴ്സ്. അറുപത് മുതൽ എൺപത് ശതമാനം വരെ ഡിമൻഷ്യ കേസുകളിലും കാണിക്കുന്നത് അൽഷിമേഴ്സിന്റേതായ മാനസിക പ്രശ്നങ്ങളാണ്. ഓർമ്മക്കുറവ്, മറവി, വിഷാദം, നിസ്സംഗത തുടങ്ങിയ അവസ്ഥതകൾ പതുക്കെ പ്രകടമാകും.  ഇത് ഒരു വ്യക്തിയെ സംബന്ധിച്ച് ഏറെ സങ്കീർണവും ആശങ്കപ്പെടുത്തുന്നതുമായ സ്ഥിതിവിശേഷമാണ്. ക്രമേണ വളരെ ലളിതമായ ജോലികൾ നിർവഹിക്കുന്നത് പോലും തടസ്സപ്പെടുത്തുന്ന രീതിയിൽ ബാധിക്കും.

 
ഇന്ത്യയിൽ ജനസംഖ്യാപരമായി വാർദ്ധക്യത്തിലുള്ളവരുടെ എണ്ണം വർദ്ധിക്കുന്നതോടെ, ഡിമെൻഷ്യ എന്ന രോഗാവസ്ഥയും  പ്രശ്നമായി ഉയരാൻ പോവുകയാണ്. ഓരോ അഞ്ച് വർഷത്തിലും ഡിമെൻഷ്യ ബാധിച്ചവരുടെ എണ്ണം ഇരട്ടിയാകുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഭാവിയിൽ ഏറ്റവും കൂടുതൽ ഡിമൻഷ്യ ബാധിതരുള്ള രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറിയേക്കും. രാജ്യത്ത് ഏകദേശം 4 ദശലക്ഷം ആളുകൾക്ക് ഡിമെൻഷ്യ ബാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് 2030 ഓടെ ഇരട്ടിയാക്കുമെന്നാണ് വിലയിരുത്തൽ.
പ്രായത്തിനനുസരിച്ച് ഡിമെൻഷ്യയുടെ വ്യാപനം ക്രമാനുഗതമായി വർദ്ധിക്കുന്നതും കാണാം. 2 ശതമാനം കേസുകളിൽ മാത്രമാണ് 65 വയസ്സിന് മുമ്പ് തന്നെ ഡിമൻഷ്യ കണ്ടെത്തിയിട്ടുള്ളത്. മാത്രമല്ല പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് രോഗാവസ്ഥ കൂടുതലായി കാണപ്പെടുന്നതും.

 
1906 ൽ അലോയിസ് അൽഷിമ‍ർ എന്ന ഡോക്ടറാണ് രോഗാവസ്ഥയെ കുറിച്ച് ആദ്യമായി കണ്ടെത്തുന്നത്. ചില അസാധാരണ മാനസിക വെല്ലുവിളികൾ മൂലം മരണപ്പെട്ട സ്ത്രീയുടെ മസ്തിഷ്ക കോശങ്ങളിലെ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ട അദ്ദേഹം, അതിനെ കുറിച്ച് പഠിക്കുകയായിരുന്നു. ഓർമക്കുറവ്, ഭാഷാ പ്രശ്നങ്ങൾ, പ്രവചനാതീതമായ പെരുമാറ്റം തുടങ്ങിയവയായിരുന്നു ആ രോഗിയിലുണ്ടായിരുന്ന ലക്ഷണങ്ങൾ. അവരുടെ മസ്തിഷ്കം പരിശോധിച്ചപ്പോൾ, അമിലോയിഡ് പ്ലാക്ക്സ് എന്ന് വിളിക്കപ്പെടുന്ന അസാധാരണമായ പല കൂട്ടങ്ങളും,  ന്യൂറോഫിബ്രില്ലറി ടാംഗിൾസ് എന്ന് വിളിക്കപ്പെടുന്ന നാരുകളുടെ കെട്ടുകളും കണ്ടെത്തി. ഇവ തലച്ചോറിലെ നാഡീകോശങ്ങൾ തമ്മിലുള്ള ബന്ധം നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നതായും മനസ്സിലാക്കി. അലോയിസ് അൽഷിമറിന്റെ പേരിലാണ് അൽഷിമേഴ്സ് രോഗം അറിയപ്പെടുന്നതും.
പ്രശസ്തരായ പലരിലും അൽഷിമേഴ്സ് രോഗം കണ്ടെത്തിയിട്ടുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ, ഹോളിവുഡ് അഭിനേതാക്കളായ ചാൾസ് ബ്രോൺസൺ, ചാൾട്ടൺ ഹെസ്റ്റൺ, പീറ്റർ ഫോക്ക്, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഹരോൾഡ് വിൽസൺ തുടങ്ങിയവ‍ർ അതിൽ ഉൾപ്പെടുന്നു.


ഭൂരിഭാഗം ഡിമൻഷ്യ ബാധിതരിലും അറുപതുകളുടെ മധ്യത്തിലാണ് രോഗലക്ഷണങ്ങൾ കാണപ്പെടുന്നത്. ചിലരിൽ ഒരു ലക്ഷണമാണെങ്കിൽ മറ്റു പലരിലും ഒന്നോ അതിലധികമോ രോഗലക്ഷണങ്ങൾ പ്രകടമായേക്കാം. ഓ‍ർമ്മക്കുറവ് തന്നെ മിക്കവാറും ആളുകളിലും ആദ്യമായി കാണുന്ന സൂചന. പ്രത്യേകിച്ച് അടുത്തിടെ നടന്ന സംഭവങ്ങൾ ഓർത്ത് എടുക്കുന്നതിലുള്ള ബുദ്ധിമുട്ട്. ചിലപ്പോൾ എല്ലാ മാസവും മുടങ്ങാതെ അടയ്ക്കാറുള്ള ബില്ലുകൾ അടയ്ക്കാൻ മറന്നേക്കാം. വീട്ടിലോ തൊഴിലിടത്തിലോ ചെയ്തിരുന്ന പരിചിതമായ ജോലികൾ പൂ‍ർത്തിയാക്കാനാകാതെ കഷ്ടപ്പെട്ടേക്കാം. സ്ഥിരം വാഹനവുമായി സഞ്ചരിച്ചിരുന്ന വഴികൾ മറന്നു പോകാം. പ്രധാനപ്പെട്ട തീയതികളും വിശേഷ കാര്യങ്ങളും വിട്ടുപോകും. ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും അവ‍ർ നമ്മോട് ചോദിച്ചേക്കാം. മാനസികാവസ്ഥയിലും, വ്യക്തിത്വത്തിലും മാറ്റങ്ങൾ ഉണ്ടായേക്കാം. അത്തരത്തിൽ പലതരം പ്രതിസന്ധികളിലൂടെയായിരിക്കും രോഗാവസ്ഥയുടെ ആദ്യ ഘട്ടങ്ങളിൽ അവർ കടന്നുപോവുക.

 

നിലവിൽ അൽഷിമേഴ്സ് ഭേദമാകാനുള്ള ചികിത്സ ലഭ്യമല്ല. എന്നാൽ നേരത്തേ രോഗനിർണയം നടത്താനായാൽ, രോഗലക്ഷണങ്ങളിൽ നിന്ന് അൽപം ആശ്വാസം ലഭിക്കാനും പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങളെ മനസ്സിലാക്കാനും സഹായികമാവും.


അൽഷിമേഴ്സ്, രോഗിയേയും അവരുടെ ചുറ്റുമുള്ളവരേയും എങ്ങനെയെല്ലാം  ബാധിക്കുമെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.
രോഗിയുടെ അനാരോഗ്യം, ശാരീരികമായ വെല്ലുവിളികൾ, പെരുമാറ്റത്തിലെ മാറ്റങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം തന്നെ ആ കുടുംബമാണ് പ്രധാനമായും അഭിമുഖരീക്കേണ്ടി വരുന്നത്. അതേ കുടുംബം തന്നെയാണ് രോഗിയുടെ പരിചരണത്തിന്റേയും പിന്തുണയുടേയും ആണിക്കല്ലായി പ്രവർത്തിക്കേണ്ടതും. കുടുംബ ബന്ധങ്ങൾക്ക് ഏറെ മൂല്യം കൽപ്പിക്കുന്ന നമ്മുടെ രാജ്യത്ത് അത് രോഗികൾക്ക് വലിയ ആശ്വാസവുമായിരിക്കും. രക്തബന്ധത്തിലുള്ളവ‍ർ സംരക്ഷിക്കുന്നത് പോലെയാവില്ലല്ലോ മറ്റൊരു പരിചരണവും. അതേസമയം ഇന്ന് നഗരകേന്ദ്രീകൃത ജീവിതങ്ങളിൽ പണം നൽകി ഹോംനേഴ്സുമാരേയും മറ്റും ചുമതലപ്പെടുത്തുന്നത് വ‍ർധിച്ചിരിക്കുകയാണ് എന്നതാണ് വസ്തുത.


അതുകൊണ്ട് തന്നെ സ്ഥിരമായി പരിചരിക്കുന്നവ‍ർക്കും അൽഷിമേഴ്സ്  രോഗികളുമായി നിരന്തരം അടുത്തിടപഴകുന്നവ‍ർക്കും കൃത്യമായ പരിശീലനം നൽകേണ്ടതിന്റെ ആവശ്യകത വ‍ർധിച്ചിരിക്കുകയാണ്. ഭക്ഷണം, വ്യക്തി ശുചിത്വം, വസ്ത്രധാരണം, പ്രാഥമിക കൃത്യങ്ങൾ നി‍ർവഹിക്കൽ തുടങ്ങി സാമ്പത്തിക ക്രയവിക്രയങ്ങൾ വരെയുള്ള കാര്യങ്ങളിൽ  രോഗികൾക്ക് മറ്റൊരാളുടെ പിന്തുണ ആവശ്യമുണ്ടാകും.

എൻജിഒകൾ, ഡേ കെയർ സെന്ററുകൾ, സപ്പോർട്ട് ഗ്രൂപ്പുകൾ, മെമ്മറി ക്ലിനിക്കുകൾ എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന റെസിഡൻഷ്യൽ കെയർ സേവനങ്ങൾ പരിമിതമാണ്.

Read more topics: # Awareness about alzheimers
Awareness about alzheimers

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES