Latest News

8 വര്‍ഷത്തിന് ശേഷം തമിഴിലേക്ക്; ധനുഷ്‌രാജ്കുമാര്‍ പെരിയസാമി ചിത്രത്തില്‍ മമ്മൂട്ടിയും;ബിഗ് എം ഒരു കഥ തിരഞ്ഞെടുക്കുമ്പോള്‍, അത് ചരിത്രമായി മാറുന്നുവെന്ന് കുറിച്ച് നിര്‍മ്മാതാക്കള്‍

Malayalilife
8 വര്‍ഷത്തിന് ശേഷം തമിഴിലേക്ക്; ധനുഷ്‌രാജ്കുമാര്‍ പെരിയസാമി ചിത്രത്തില്‍ മമ്മൂട്ടിയും;ബിഗ് എം ഒരു കഥ തിരഞ്ഞെടുക്കുമ്പോള്‍, അത് ചരിത്രമായി മാറുന്നുവെന്ന് കുറിച്ച് നിര്‍മ്മാതാക്കള്‍

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും തമിഴ് സിനിമയിലേക്ക് മടങ്ങിയെത്തുന്നു. ധനുഷിനെ നായകനാക്കി 'അമരന്‍' എന്ന മെഗാ ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി ഒരുക്കുന്ന പുതിയ പാന്‍ ഇന്ത്യന്‍ ചിത്രത്തിലാണ് മമ്മൂട്ടി സുപ്രധാന വേഷത്തിലെത്തുന്നത്. ധനുഷിന്റെ തന്നെ വണ്ടര്‍ ബാര്‍ ഫിലിംസും ആര്‍ ടേക്ക് സ്റ്റുഡിയോസും സംയുക്തമായാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

2018-ല്‍ റാം സംവിധാനം ചെയ്ത 'പേരന്‍പ്' എന്ന ചിത്രത്തിലാണ് മമ്മൂട്ടി അവസാനമായി തമിഴില്‍ അഭിനയിച്ചത്. ചിത്രത്തിലെ അമുദന്‍ എന്ന കഥാപാത്രം വലിയ രീതിയില്‍ പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. അതിന് ശേഷം എട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് മമ്മൂട്ടി വീണ്ടും തമിഴില്‍ ഒരു നിര്‍ണ്ണായക വേഷം കൈകാര്യം ചെയ്യുന്നത്. തമിഴില്‍ വലിയ ആരാധകവൃന്ദമുള്ള താരം തിരിച്ചെത്തുന്നത് കോളിവുഡിലും വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഏകദേശം 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മമ്മൂട്ടിയും ധനുഷും ഒരു സ്‌ക്രീനില്‍ ഒന്നിക്കുന്നത്. 2013-ല്‍ പുറത്തിറങ്ങിയ 'കമ്മത്ത് ആന്‍ഡ് കമ്മത്ത്' എന്ന മലയാള ചിത്രത്തില്‍ ധനുഷ് ഒരു അതിഥി വേഷത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഇതാദ്യമായാണ് ഒരു പൂര്‍ണ്ണരൂപത്തിലുള്ള തമിഴ് ചിത്രത്തില്‍ ഇരുവരും മുഖാമുഖം വരുന്നത്. ചിത്രത്തില്‍ വളരെ ഗൗരവമേറിയതും കരുത്തുറ്റതുമായ ഒരു കഥാപാത്രത്തെയാകും മമ്മൂട്ടി അവതരിപ്പിക്കുക എന്നാണ് സൂചന.

ധനുഷിനും മമ്മൂട്ടിക്കുമൊപ്പം വലിയൊരു താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. 'മാരി 2' എന്ന ചിത്രത്തിന് ശേഷം ധനുഷും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കൂടാതെ ശ്രീലീലയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. തെന്നിന്ത്യന്‍ മ്യൂസിക് സെന്‍സേഷന്‍ സായ് അഭയങ്കര്‍ ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സായ് സംഗീതം നിര്‍വ്വഹിക്കുന്ന ആദ്യ ധനുഷ് ചിത്രം കൂടിയാണിത്.

രാജ്കുമാര്‍ പെരിയസാമിയുടെ മുന്‍ ചിത്രം 'അമരന്‍' വലിയ വിജയം നേടിയതിനാല്‍, പുതിയ ചിത്രത്തെക്കുറിച്ച് സിനിമാ ലോകത്തിന് വലിയ പ്രതീക്ഷകളാണുള്ളത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാന്‍ ഇന്ത്യന്‍ തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം മമ്മൂട്ടിയുടെയും ധനുഷിന്റെയും കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റുകളില്‍ ഒന്നായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

മമ്മൂട്ടിയെ ചിത്രത്തിലേക്ക് സ്വാ?ഗതം ചെയ്തു കൊണ്ടുള്ള പോസ്റ്റും നിര്‍മാതാക്കളായ വണ്ടര്‍ബാര്‍ ഫിലിംസ് പങ്കുവച്ചിട്ടുണ്ട്. 'ബിഗ് എം ഒരു കഥ തിരഞ്ഞെടുക്കുമ്പോള്‍, അത് ചരിത്രമായി മാറുന്നു' എന്ന ക്യാപ്ഷനോടെയാണ് അണിയറപ്രവര്‍ത്തകര്‍ മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചത്. 

mammootty WITH dhanush

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES