രണ്‍വീര്‍ സിംഗ് നായകനാകുന്ന 'ധുരന്ധര്‍ 2' എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. ദക്ഷിണമുംബൈയിലെ അതീവസുരക്ഷാമേഖലയില്‍ അനുമതിയില്ലാതെ ഷൂട്ടിങ്ങിനായി ഡ്രോണ്‍ പറത്തിയതിനാണ് എംആര്‍എ മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ധുരന്ധര്‍ 2-ന്റെ ലൊക്കേഷന്‍ മാനേജരായ റിങ്കു രാജ്പാല്‍ വാല്‍മീകിയാണ് ഒന്നാം പ്രതി. ഭാരതീയ ന്യായ് സംഹിതയിലെ (ബിഎന്‍എസ്) 223-ാം വകുപ്പ് പ്രകാരമാണ് കേസ്.
സുപ്രധാനമായ സാമ്പത്തിക സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും സ്ഥിതി ചെയ്യുന്ന ഫോര്‍ട്ട് ഏരിയയിലാണ് ധുരന്ധര്‍ 2 സംഘം മതിയായ അനുമതികള്‍ വാങ്ങാതെ ഡ്രോണ്‍ ക്യാമറ പറത്തി ഷൂട്ട് ചെയ്തത്.
പോലീസിന്റെ കര്‍ശനമായ നിരീക്ഷണമുള്ള പ്രദേശമാണ് ഇത്. ഇവിടെയുള്ള നിയന്ത്രണങ്ങളുടെ ചെറിയ ലംഘനം പോലും അധികൃതര്‍ അതീവഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുക. നടന്‍ സഞ്ജയ് ദത്ത് ഉള്‍പ്പെടെയുള്ള വന്‍ സംഘമാണ് ഞായറാഴ്ച ഫോര്‍ട്ട് ഏരിയയില്‍ ഷൂട്ടിങ്ങിനായി എത്തിയത്.
ഈ പ്രദേശത്ത് ഷൂട്ടിങ് തുടങ്ങി മൂന്നാം ദിവസമായിരുന്നു അത്. അനധികൃതമായി പറക്കുകയായിരുന്ന ഷൂട്ടിങ് ഡ്രോണ്‍ ഉടന്‍ തന്നെ പോലീസിന്റെ കണ്ണില്‍പെടുകയായിരുന്നു. ഉടന്‍ തന്നെ ലൊക്കേഷന്‍ മാനേജരെ പോലീസ് വിളിച്ചുവരുത്തി. നടപടിക്രമങ്ങള്‍ക്ക് ശേഷം ഇയാളെ വിട്ടയച്ചെങ്കിലും കേസില്‍ അന്വേഷണം തുടരുകയാണ്.
ഇവിടെ സ്ഥിതി ചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള കോട്ടയുടെ ഭാഗം ചിത്രത്തിന്റെ അണിയറക്കാര്‍ പാകിസ്താനിലെ തെരുവായി രൂപമാറ്റം വരുത്തി. ഇത്രവലിയ മാറ്റം പ്രദേശവാസികളുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. രണ്‍വീര്‍ സിങ് നായകനായി കഴിഞ്ഞ ഡിസംബറില്‍ പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ധുരന്ധറിന്റെ രണ്ടാം ഭാഗമാണ് ധുരന്ധര്‍ 2. തിയേറ്ററുകളില്‍ നിന്ന് 1300 കോടിയിലേറെ വാരിക്കൂട്ടിയ ചിത്രം അടുത്തിടെ ഒടിടിയിലും സ്ട്രീമിങ് ആരംഭിച്ചു. ധുരന്ധര്‍ 2 മാര്‍ച്ച് 19-ന് തിയേറ്ററുകളിലെത്തും.