അന്തരിച്ച സംഗീതസംവിധായകന്‍ എസ്.പി വെങ്കിടേഷിനെ അനുസ്മരിച്ച് താരങ്ങള്‍. മോഹന്‍ലാലും,കെഎസ് ചിത്രയും, കൈതപ്രവും അടക്കം നിരവധി താരങ്ങളാണ് സംഗീത സംവിധായകന് വേദനയോടെ ആദരാഞ്ജലി അര്‍പ്പിച്ച എത്തിയത്.
എസ്.പി വെങ്കിടേഷ് സംഗീതം നല്‍കിയ രണ്ട് ഗാനങ്ങള്‍ പാടാനുളള ഭാഗ്യം തനിക്കുണ്ടായെന്നും മോഹന്‍ലാല്‍ കുറിച്ചു. സിനിമയ്ക്ക് പുറത്തും എക്കാലവും നല്ല സൗഹൃദം അദ്ദേഹവുമായി കാത്തുസൂക്ഷിച്ചിരുന്നുവെന്നും അദ്ദേഹത്തിന് ഹൃദയവേദനയോടെ വിട ചൊല്ലുന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു. വെങ്കിടേഷ് സംഗീതം നല്‍കിയ സ്ഫടികം എന്ന ചിത്രത്തിലെ ഏഴിമല പൂഞ്ചോല, ഗാന്ധര്‍വം എന്ന ചിത്രത്തിലെ അബലത്വമല്ല അടിമത്വമല്ല എന്നീ ഗാനങ്ങളാണ് മോഹന്‍ലാല്‍ പാടിയത്.
മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്
മലയാള സിനിമയില്‍ ഒരു കാലഘട്ടം മുഴുവന്‍ ഹൃദയഹാരിയായ സംഗീതം നിറച്ച പ്രിയപ്പെട്ട SP വെങ്കിടേഷ് നമ്മെ വിട്ടുപിരിഞ്ഞു. SP യുടെ മാന്ത്രികസ്പര്‍ശം നിറഞ്ഞ എത്രയെത്ര ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് നമ്മള്‍ നെഞ്ചോടുചേര്‍ത്തത്. രാജാവിന്റെ മകന്‍, വഴിയോരക്കാഴ്ച്ചകള്‍, കിലുക്കം, ദേവാസുരം തുടങ്ങി എന്റെ ഒട്ടേറെ ഹിറ്റ് സിനിമകള്‍ക്ക് സംഗീതവും പശ്ചാത്തല സംഗീതവും അദ്ദേഹം ഒരുക്കി. അദ്ദേഹം സംഗീതം നല്‍കിയ രണ്ട് ഗാനങ്ങള്‍ പാടാനുള്ള ഭാഗ്യവും എനിക്കുണ്ടായി. സിനിമയ്ക്ക് പുറത്തും എക്കാലവും നല്ല സൗഹൃദം ഞങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു. ഹൃദയവേദനയോടെ വിട
കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ കുറിപ്പ്:
വെങ്കിടേഷ് സാറുമായി ചേര്‍ന്ന ആദ്യത്തെ ചിത്രം 'എന്നോടിഷ്ടം കൂടാമോ'. ഹൃദയത്തോട് ചേര്‍ത്തുവച്ച സംഗീതകാരന്‍ ! മദ്രാസില്‍ പല പല സിനിമകള്‍ക്കായി ഞങ്ങള്‍ ഒത്തുചേര്‍ന്നു. സൂപ്പര്‍ഹിറ്റ് പാട്ടുകള്‍ അനായാസമായി തോന്നിയവ പോലും ഹിറ്റുകള്‍! ഉദാഹരണം 'നീലക്കണ്ണാ നിന്നെക്കണ്ടു ഗുരുവായൂര്‍നടയില്‍ '. പൈതൃകത്തിലെ 'വാല്‍ക്കണ്ണെഴുതിയ മകരനിലാവില്‍' എഴുതും മുമ്പ് ട്യൂണിന് 'ഏതാവത് example ഇരിക്കാ.' എന്ന് ചോദിച്ചു. ഞാന്‍ ജയരാജിന്റെ മുമ്പില്‍ വെച്ച് 'കര്‍പ്പകവല്ലീ നിന്‍' എന്ന സൗന്ദരരാജന്‍ ഗാനം പാടി. ജയരാജ് ഓക്കെ. ഉടന്‍ വന്നു ട്യൂണ്‍, വാല്‍ക്കണ്ണെഴുതിയ ഗാനം മുഴുമിച്ചു. പടം വന്നു. എനിക്കും വെങ്കിടേഷിനും സംസ്ഥാന അവാര്‍ഡ്.ഞാന്‍ തിരക്കഥയെഴുതി ജയരാജ് സംവിധാനം ചെയ്ത 'സോപാന'ത്തിലും വെങ്കിടേഷിന്റെ സുന്ദര ഗാനങ്ങളായിരുന്നു. വാത്സല്യം, സൗഭാഗ്യം, കൗരവര്‍ തുടങ്ങി ഒരുപാട് സ്‌നേഹചിത്രങ്ങളുടെ ഓര്‍മ്മകള്‍ ബാക്കിയാക്കി പ്രിയസ്‌നേഹിതന്‍ വിടവാങ്ങിയിരിക്കുന്നു. ആദരാഞ്ജലികള്‍.
ചിത്രയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
സിനിമാ സംഗീതത്തിലെ ശ്രുതിമധുരമായ ഒരു യുഗത്തിന് തിരശ്ശീല വീണിരിക്കുകയാണ്, എസ് പി വെങ്കിടേഷ് സാറിന്റെ വിയോഗത്തോടെ. മെലഡിയും താള ഭംഗിയും കൈകോര്‍ത്ത് നില്‍ക്കുന്ന എത്രയെത്ര പാട്ടുകളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചിരിക്കുന്നത്. അവയില്‍ ചിലതിന് ശബ്ദം പകരാന്‍ തിരഞ്ഞെടുക്കപ്പെട്ടു എന്നത് സംഗീത ജീവിതത്തിലെ മഹാഭാഗ്യങ്ങളില്‍ ഒന്നായി കരുതുന്നു. ഞാന്‍ സ്വന്തം ഈണങ്ങളെ പോലെ തന്നെ പ്രസാദാത്മകമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റവും. സംസ്ഥാന ബഹുമതിക്ക് എന്നെ അര്‍ഹയാക്കിയ ഗാനങ്ങളില്‍ അദ്ദേഹം സ്വരപ്പെടുത്തിയ സോപാനത്തിലെ പൊന്‍ മേഘമേ എന്ന ഗാനവും ഉണ്ടെന്നത് മറക്കാനാവാത്ത കാര്യം. കുടുംബത്തിന്റെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു . ആത്മാവിനു നിത്യശാന്തി നേരുന്നു. ഓം ശാന്തി ,ആദരാഞ്ജലികള്‍
ഭദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം<
മലയാള സിനിമയുടെ King of background score. SP വെങ്കിടേഷിന്റെ ഈ പെട്ടെന്നുള്ള വിയോഗത്തില്‍ ഞാന്‍ ഏറെ ദുഃഖിക്കുന്നു...സമീപകാലത്ത് ഏറ്റവും അടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുള്ള ആളാണ് ഞാന്‍.
Spadikam 4k Atmos Reload ന്റെ background music recreate ചെയ്യാന്‍ അതീവ ശ്രമകരമായിരുന്നു. കാരണം അതിന്റെ Orginal Sound Tracks ഒന്നും സൂക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പരിശ്രമവും ജാഗ്രതയും വളരെ സ്ലാഹനീയമായിരുന്നു.
എന്നെ കൂടെക്കൂടെ ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് വരെ അദ്ദേഹം വിളിക്കുമായിരുന്നു. ഇനിയും സ്ഫടികം പോലെ ഒരു സിനിമ കൂടി എനിക്ക് പ്രവര്‍ത്തിക്കണം അത് എന്റെ ഒരു അന്തിമ അഭിലാഷമാണ് എന്ന് പറയുമായിരുന്നു. ഇത് പറയുമ്പോളൊക്കെ ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല ഇത്ര പെട്ടെന്ന് അദ്ദേഹം നമ്മെ വിട്ടു പോകുമെന്ന്. നമ്മെ വിട്ടുപിരിഞ്ഞെങ്കിലും ലോകം ഉള്ളിടത്തോളം കാലം that everlasting music will stay with us.
എം.ജി ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
'ഒരുപാട് ഓര്‍മകളും, അങ്ങയുടെ വേര്‍പാടില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ദുഃഖവും. എത്രായിരം പാട്ടുകള്‍ അങ്ങ് മലയാള സിനിമയ്ക്ക് നല്‍കി. എല്ലാം സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍. അതില്‍ എത്രയോ പാട്ടുകള്‍ പാടാന്‍ എനിക്കും സാധിച്ചു. അത് എന്റെ ജന്മ പുണ്യമായി കരുതുന്നു. അങ്ങയുടെ പാട്ടുകള്‍ ഈ ലോകാവസാനം വരെ മലയാളികള്‍ ഏറ്റുപാടും. കണ്ണീരോടെ വിട പറയുന്നു. ആദരാഞ്ജലികള്‍...'' എന്നാണ് എസ്.പി. വെങ്കിടേഷിന്റെ ചിത്രം പങ്കിട്ട് എം.ജി ശ്രീകുമാര്‍ കുറിച്ചത്.
കിലുക്കം, മിന്നാരം, സ്ഫടികം, ഇന്ദ്രജാലം, ദ്രുവം, കൗരവര്‍, ജോണി വാക്കര്‍, ഹിറ്റ്‌ലര്‍, രാജാവിന്റെ മകന്‍ എന്നീ സിനിമകളിലെ വെങ്കിടേഷിന്റെ പാട്ടുകള്‍ ഏറെ പ്രശസ്തമാണ്. തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു എസ്.പി വെങ്കിടേഷ്. 1968 മുതല്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലെ നിരവധി ചിത്രങ്ങളുടെ ഓര്‍ക്കസ്ട്രയില്‍ എസ്.പി വെങ്കിടേഷ് ഉണ്ടായിരുന്നു. 1971ല്‍ സംഗീത സംവിധായകന്‍ വിജയഭാസ്‌കറിനൊപ്പമായിരുന്നു സിനിമയില്‍ വെങ്കിടേഷ് തുടക്കം കുറിച്ചത്.