പ്രമുഖ ചലച്ചിത്ര നടന്‍ ബാലു വര്‍ഗീസിനെതിരെ അപമര്യാദയായി പെരുമാറി യെന്നാരോപിച്ച് യുവതി വക്കീല്‍ നോട്ടീസ് അയച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. സ്വിമ്മിംഗ് പൂളില്‍ വെച്ച് നടന്‍ അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന ഗുരുതരമായ ആരോപണത്തിന് പിന്നാലെ, തനിക്ക് പുറമെ മറ്റ് നാല് സ്ത്രീകള്‍ക്കുകൂടി നടനില്‍ നിന്നും സമാനമായ ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പരാതിക്കാരി വ്യക്തമാക്കി. മാപ്പപേക്ഷയും രേഖാമൂലമുള്ള ഉറപ്പും നല്‍കണമെന്നാണ് യുവതിയുടെ പ്രധാന ആവശ്യം.
താനടക്കമുള്ള ആരും ബാലു വര്‍ഗീസിന്റെ കീഴില്‍ ജോലി ചെയ്യുന്നവരോ അല്ലെങ്കില്‍ അയാള്‍ക്ക് തങ്ങള്‍ക്ക് മേല്‍ അധികാരം സ്ഥാപിക്കാന്‍ ചുറ്റുപാടുകളുള്ളവരോ ആയിരുന്നില്ലെന്ന് യുവതി ചൂണ്ടിക്കാണിക്കുന്നു. എന്നിട്ടും തങ്ങള്‍ക്ക് നേരെ ഇത്തരം മോശം പെരുമാറ്റങ്ങള്‍ ഉണ്ടായെങ്കില്‍, അയാള്‍ക്ക് അധികാരം പ്രയോഗിക്കാന്‍ കഴിയുന്ന അവസ്ഥയിലുള്ളവരോട് ഇയാളുടെ പെരുമാറ്റം എങ്ങനെയുമായിരിക്കും എന്ന് ചിന്തിക്കേണ്ടതാണെന്ന് അവര്‍ വ്യക്തമാക്കി. സുഹൃത്തുക്കളും കുടുംബാംഗങ്ങളും അടക്കമുള്ളവര്‍ ഒപ്പമുണ്ടായിരുന്ന ഒരു പൊതുസ്ഥലത്ത് വെച്ചാണ് സ്വിമ്മിംഗ് പൂളില്‍ വെച്ച് തനിക്ക് ഈ ദുരനുഭവം നേരിടേണ്ടി വന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംഭവം നടന്ന ഉടന്‍ തന്നെ യുവതി ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് പറഞ്ഞ് ന്യായീകരിക്കാനാണ് നടന്‍ ശ്രമിച്ചത്. അന്ന് നടന്ന സംഭവത്തെ കുറിച്ച് സുഹൃത്തുക്കളോട് സംസാരിച്ചപ്പോഴാണ് മറ്റ് മൂന്ന് സ്ത്രീകളും ഇയാളില്‍ നിന്നും സമാനമായ രീതിയില്‍ ദുരനുഭവം നേരിട്ടിട്ടുണ്ടെന്ന വിവരം പുറത്തറിയുന്നത്. ഇയാളുടെ യഥാര്‍ത്ഥ സ്വഭാവം എല്ലാവരും മനസ്സിലാക്കണമെന്നും, ഇനി ആര്‍ക്കും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകരുത് എന്ന് കരുതിയതുമൊടാണ് തങ്ങള്‍ നിയമപരമായ നടപടികളിലേക്ക് നീങ്ങിയതെന്നും 'ദി ക്യൂ'വിനോട് സംസാരിക്കവെ യുവതി വ്യക്തമാക്കി.
നടനെതിരെ ഇത്തരത്തിലൊരു ഗുരുതര ആരോപണം ഉയര്‍ന്നുവന്നപ്പോള്‍ ആദ്യം ഭൂരിഭാഗം പേരും ഇതൊരു കള്ളക്കേസാണെന്നാണ് കരുതിയത്. സമൂഹമാധ്യമങ്ങളില്‍ പലരും ഇത്തരത്തിലുള്ള കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം ബാലു വര്‍ഗീസിനെതിരെ വന്ന ആരോപണത്തിന്റെ വാര്‍ത്ത തന്റെ സോഷ്യല്‍ മീഡിയ സ്റ്റോറിയായി പങ്കുവെച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഇതോടെ യുവതിയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന രീതിയിലേക്ക് പൊതുസമൂഹത്തിന്റെ ചിന്താഗതിയിലും വലിയ മാറ്റങ്ങള്‍ വന്നുതുടങ്ങി.
മലയാള സിനിമയില്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെയും സ്വാഭാവിക അഭിനയശൈലിയിലൂടെയും ഏറെ ശ്രദ്ധ നേടിയ യുവനടനാണ് ബാലു വര്‍ഗീസ്. സഹനടനായും കോമഡി താരമായും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം പ്രമുഖ സംവിധായകനും നടനുമായ ലാലിന്റെ ബന്ധു കൂടിയാണ്. ബാലതാരമായി സിനിമാലോകത്തേക്ക് കടന്നുവന്ന അദ്ദേഹം, പിന്നീട് മുതിര്‍ന്ന കഥാപാത്രങ്ങളിലേക്ക് ചുവടുമാറുകയും മലയാളം യുവതാരനിരയില്‍ സ്വന്തമായൊരു ഇടം കണ്ടെത്തുകയും ചെയ്തു. കോമഡി വേഷങ്ങള്‍ക്ക് പുറമേ വൈകാരികവും ഗൗരവമേറിയതുമായ കഥാപാത്രങ്ങളും പിന്നീട് അദ്ദേഹം വിജയകരമായി കൈകാര്യം ചെയ്തുവരികയാണ്.
ആദ്യകാലത്ത് കോമഡി, സൗഹൃദം, നാടന്‍ സംസാരശൈലി എന്നിവയ്ക്ക് പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു ബാലു കൂടുതലായി ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് വ്യത്യസ്തങ്ങളായ സ്വഭാവമുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്ത് ഒരു ഹാസ്യതാരമെന്ന പരിധിക്കപ്പുറം മികച്ചൊരു നടനെന്ന നിലയിലും അംഗീകാരം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നടി എലീന കാതറിനാണ് താരത്തിന്റെ ഭാര്യ. ഇരുവരുടെയും വിവാഹവും കുടുംബജീവിത വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൊതുവേദികളില്‍ തന്റെ വ്യക്തിജീവിതത്തെ കുറിച്ച് അധികം സംസാരിക്കാത്ത സ്വഭാവക്കാരനാണ് ബാലു വര്‍ഗീസ്; സിനിമയും കുടുംബവുമാണ് അദ്ദേഹത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങള്‍.