കേരളത്തെക്കുറിച്ചുള്ള ഉത്തരേന്ത്യന്‍ ഇന്‍ഫ്‌ളൂവന്‍സറുടെ വിവാദ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദീകരണവുമായി ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറുമായ ദിയ കൃഷ്ണ. ഫോര്‍ട്ട് കൊച്ചിയിലെ ഒരു കഫേയില്‍ മഹാത്മാഗാന്ധിയുടെ ചിത്രങ്ങള്‍ക്കൊപ്പം പാകിസ്ഥാന്‍ സ്ഥാപകനായ മുഹമ്മദാലി ജിന്നയുടെ ചിത്രവും പ്രദര്‍ശിപ്പിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് ഞെട്ടലിലാണ് താന്‍ 'സാഡ് റിയാലിറ്റി' എന്ന് കമന്റ് ചെയ്തതെന്നാണ് ദിയ വ്യക്തമാക്കുന്നത്.
'ലിറ്റിചോക്ക് അപ്പ്' എന്ന അക്കൗണ്ടിലെ വീഡിയോയുടെ ആദ്യ പകുതി മാത്രം കണ്ട് തിടുക്കപ്പെട്ട് പ്രതികരിച്ചത് തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണെന്നും അതില്‍ താരം ക്ഷമ ചോദിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയുടെയോ നെഹ്റുവിന്റെയോ ഫോട്ടോകള്‍ വെയ്ക്കുന്നതില്‍ തെറ്റില്ലെങ്കിലും കേരളത്തിലെ ഒരു കഫേയില്‍ എന്തിനാണ് ജിന്നയുടെ ചിത്രം വെച്ചിരിക്കുന്നതെന്നും അതിനു പിന്നിലെ കാരണം എന്താണെന്നും വ്യക്തമാക്കണമെന്ന് ദിയ ആവശ്യപ്പെടുന്നു. ഈ വിഷയത്തില്‍ മാധ്യമങ്ങളും ചില കണ്ടന്റ് ക്രിയേറ്റര്‍മാരും തന്റെ കമന്റിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും, താന്‍ മുസ്ലിം സമുദായത്തിനെതിരെ സംസാരിച്ചുവെന്ന രീതിയില്‍ പ്രചരിപ്പിച്ചുവെന്നും ദിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ വീഡിയോയിലൂടെ വ്യക്തമാക്കി.
തനിക്ക് ഏതെങ്കിലും ഒരു മതത്തോടോ സമുദായത്തോടോ യാതൊരുവിധ വിദ്വേഷവുമില്ലെന്നും കേരളത്തിലെ മുസ്ലീങ്ങള്‍ നാടുവിട്ടുപോകണമെന്ന് താന്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ഒരു ഹിന്ദു എന്ന നിലയില്‍ സ്വന്തം മതത്തെ സ്നേഹിക്കുമ്പോഴും മറ്റ് എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്നുണ്ട്. തന്റെ കുടുംബത്തിലും അടുത്ത സുഹൃത്തുക്കളിലും മുസ്ലിം സമുദായത്തില്‍പ്പെട്ടവരുണ്ട്. യാത്രകളിലും പൊതുസ്ഥലങ്ങളിലും തനിക്കൊപ്പം ഏറ്റവും കൂടുതല്‍ സ്‌നേഹം പ്രകടിപ്പിച്ച് സെല്‍ഫിയെടുക്കാന്‍ എത്തുന്നവരില്‍ ഏറെയും മുസ്ലിം പെണ്‍കുട്ടികളാണെന്നും ദിയ വിശദീകരിക്കുന്നു.
എന്നാല്‍ കഫേയിലെ ചിത്രത്തിന്റെ പശ്ചാത്തലമറിയാതെ താന്‍ ഇട്ട ഒരു ചെറിയ കമന്റിന്റെ പേരില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളും മോശം സന്ദേശങ്ങളുമാണ് തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചാരിറ്റി പ്രവര്‍ത്തനങ്ങളോ നല്ല കാര്യങ്ങളോ വാര്‍ത്തയാക്കാന്‍ തയ്യാറാകാത്തവര്‍ ഇത്തരം നെഗറ്റീവ് കാര്യങ്ങള്‍ മാത്രമാണ് ആഘോഷമാക്കുന്നത്. അതിനാല്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ കണ്ണടച്ച് വിശ്വസിക്കരുതെന്നും 'സാഡ് റിയാലിറ്റി' എന്ന തന്റെ കമന്റ് ജിന്നയുടെ ഫോട്ടോ കഫേയില്‍ വെച്ചതിനെതിരെ മാത്രമായിരുന്നുവെന്നും ദിയ കൃഷ്ണ ആവര്‍ത്തിച്ചു വ്യക്തമാക്കി.
ദിയയുടെ പ്രതികരണത്തിലേക്ക്: എണീക്കാന്‍ കുറച്ച് വൈകി. എണീറ്റപ്പോള്‍ കാണുന്നത് സോഷ്യല്‍ മീഡിയയില്‍ കുറച്ച് പേര്‍ എനിക്ക് അയച്ചു തന്നിട്ടുള്ള ട്വിസ്റ്റഡ് ആയിട്ടുള്ള എന്നെപ്പറ്റിയുള്ള, മീഡിയക്കാരുടെ സ്ഥിരം പരിപാടിയാടിയാണ് കണ്ടത്. ഒരു വാര്‍ത്ത. ഇത് പറയുന്നത് സങ്കടത്തോടെയാണ്. ഇന്ന് കേരളത്തില്‍ ഹിന്ദു-മുസ്ലിം, ഹിന്ദു-ക്രിസ്ത്യന്‍ വിഷം വന്നാല്‍ അതിന്റെ ഒത്ത നടുക്ക് ഞാന്‍ അല്ലെങ്കില്‍ അച്ഛന്‍ ഉണ്ടാകും. അങ്ങനെ പിടിച്ചിടുന്നത് ട്രെന്റായി മാറിയിരിക്കുകയാണ്. അതൊരു സാഡ് റിയാലിറ്റിയാണ്. ഞാന്‍ നോര്‍ത്തിലുള്ള ഒരു ഇന്‍ഫ്‌ളുവന്‍സറെ ഫോളോ ചെയ്യുന്നുണ്ട്. പുള്ളിയുടെ ചില കണ്ടന്റുകളൊക്കെ എനിക്ക് ഇഷ്ടമാണ്. ഒരാഴ്ച മുമ്പേ മറ്റോ ചെയ്തിട്ടുള്ളൊരു വിഡിയോയാണ്. കേരളത്തില്‍ വന്നതിനെക്കുറിച്ചുള്ള വിഡിയോയായിരുന്നു. ആ വിഡിയോയുടെ ആദ്യ പകുതിയില്‍ പറയുന്നത് വര്‍ക്കലയില്‍ വന്നപ്പോല്‍ കാശി എന്ന് പറയുന്നൊരു കഫേയില്‍ കയറി. അറിയാത്തവര്‍ക്ക് വേണ്ടി പറയാം. കേരളത്തില്‍, തിരുവനന്തപുരത്തിന്റേയും കൊല്ലത്തിന്റേയുമൊക്കെ അടുത്തായിട്ട് വരും വര്‍ക്കല.
കാശി എന്ന് പേരുള്ള കഫേയില്‍ മഹാത്മാ ഗാന്ധിയുടേയും ജിന്നയുടേയും ഫോട്ടോ ചുമരില്‍ ഡെക്കറേറ്റ് ചെയ്ത് വച്ചിരുന്നു. നൂറ് മഹാത്മാ ഗാന്ധിയുടെ തലയും നൂറ് ജിന്നയുടെ തലയും. കേരളത്തിന് അകത്ത് എന്തിനാണ് പാക്കിസ്ഥന്റെ പ്രധാനമന്ത്രിയായിരുന്ന ജിന്നയുടെ ഫോട്ടോ വച്ചിരിക്കുന്നതെന്നായിരുന്നു വിഡിയോയില്‍ പുള്ളി സംസാരിച്ചിരുന്നത്. അതും കാശി എന്നാണ് കഫേയുടെ പേര്. കാശി എന്നാല്‍ ഏറ്റവും പഴയ നഗരമാണെന്നാണ്. ഗാന്ധിയുടെ ഫോട്ടോ വച്ചാല്‍ ഓക്കെയാണ്, രാഷ്ട്രപിതാവാണല്ലോ, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഫോട്ടോ വച്ചാലും മനസിലാക്കാം. ജിന്നയുടെ പടം വച്ചത് എന്തിനാണെന്ന് എനിക്ക് മനസിലായില്ല. അതിനി എന്ന് വച്ചാലും എനിക്ക് മനസിലാകത്തില്ല. മനസിലാകുന്നവര്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ അതേപ്പറ്റി വിഡിയോ ഇട്ടോളു, എനിക്ക് അതേക്കുറിച്ച് ഒന്നും സംസാരിക്കാനില്ല. വിഡിയോയുടെ ആദ്യ പകുതി കണ്ടാണ് ഞാന്‍ സാഡ് റിയാലിറ്റി എന്ന കമന്റിട്ടത്. സ്വല്‍പ്പമെങ്കിലും എന്നെ അറിയുന്ന, ബോധമുള്ളവര്‍ക്ക് കണ്ടാല്‍ മനസിലാകും.
അതിന്റെ രണ്ടാം പകുതിയില്‍ ചെറിയ രീതിയില്‍ പുള്ളി പറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചില്ല. ഫുള്‍ വിഡിയോ കണ്ടിട്ടില്ല. കൊച്ചിയില്‍ മുസ്ലീമുകള്‍ കൂടിയെന്നോ മറ്റോ ആണ് പുള്ളി പറയുന്നത്. ഞാന്‍ കൃത്യമായി കണ്ടില്ല. ഒരാള്‍ അയച്ചു തന്ന ശേഷമാണ് രണ്ടാം പകുതി ഞാന്‍ കാണുന്നത്. ആദ്യ പകുതി കണ്ട് ജിന്നയുടെ ഫോട്ട് കണ്ട് മൂഡ് പോയിട്ടാണ് ഞാന്‍ സാഡ് റിയാലിറ്റി എന്ന് കമന്റിട്ടത്. കേരളത്തിന് അകത്ത് ഇതെങ്ങനെ സംഭവിച്ചു? ആരാണ് ഇത് വെക്കാനുള്ള ആശയം കേരളത്തിന് അകത്ത് ഒരാള്‍ക്ക് കൊടുക്കുന്നതെന്ന് എനിക്കറിയില്ല. അത് സങ്കടകരമാണ്. അതൊരു സാഡ് റിയാലിറ്റിയാണ്. അതാണ് ഞാന്‍ കമന്റിട്ടത്. എറണാകുളം റയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിയിട്ടാണ് ഞാന്‍ ഇന്ന് മൂന്നാറിലേക്ക് വന്നത്. അവിടെ ഇറങ്ങിയപ്പോള്‍ തന്നെ രണ്ട് മൂന്ന് റസ്റ്റോറന്റില്‍ കയറിയിരുന്നു.
ഇവിടെയെല്ലാം എന്റെ കൂടെ വന്ന് ഏറ്റവും കൂടുതല്‍ സെല്‍ഫിയെടുക്കുന്നത് മുസ്ലീമുകളാണ്. അതും മുസ്ലീം പെണ്‍കുട്ടികള്‍. എന്റെ കൂടെ സെല്‍ഫിയെടുക്കുന്നത് എക്‌സൈറ്റിങ് കാര്യമായി അവര്‍ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇവര്‍ക്ക് എന്താണ് എന്റെ കൂടെ സെല്‍ഫിയെടുക്കാന്‍ ഇത്ര ആവേശം? അത്രയ്ക്ക് അവര്‍ എന്നെ സ്‌നേഹിക്കുന്നുണ്ടോ? എന്നൊക്കെ ഞാന്‍ തന്നെ ചിന്തിച്ചിട്ടുണ്ട്. എന്റെ അച്ഛന്റേയും അമ്മയുടേയും ചേച്ചിയുടേയുമൊക്കെ ബെസ്റ്റ് ഫ്രണ്ട്‌സ് പോലും മുസ്ലീമുകളാണ്. എനിക്കും അടുത്ത സുഹൃത്തുക്കളായി മുസ്ലീമുകളുണ്ട്. നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും അറിയുമോ എന്നറിയില്ല, എന്റെ അങ്കിള്‍ മുസ്ലീമാണ്. കുടുംബത്തില്‍ തന്നെ മുസ്ലീമുള്ളപ്പോള്‍ ഞാന്‍ എങ്ങനെയാണ് കേരളത്തിലെ മുസ്ലീമുകളെ വെറുക്കുക? കേരളത്തിലെ മുസ്ലീമുകളൊക്കെ ഇറങ്ങിപ്പോകണമെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. പറയത്തുമില്ല. ഒരു വിഭാഗത്തോടും എനിക്ക് ഭിന്നതയോ വിദ്വേഷമോ ഇല്ല.
ഞാന്‍ ഹിന്ദുവാണ്, എന്റെ മതം എനിക്കിഷ്ടമാണ്. അത് പറയുന്നതില്‍ ഒരു നാണക്കേടുമില്ല. എല്ലാവര്‍ക്കും അവരവരുടെ മതം ഇഷ്ടമുള്ളത് പോലെ എനിക്കും എന്റെ മതം ഇഷ്ടമാണ്. പക്ഷെ വേറെ മതങ്ങളോടൊന്നും എനിക്ക് എതിര്‍പ്പില്ല. എന്നോട് എന്തെങ്കിലും വ്യക്തിപരമായ വിയോജിപ്പുണ്ടെങ്കില്‍ അത് ഇതുപോലെ മീഡിയയിലിട്ട് വളച്ചൊടിച്ച് അത് എന്തെങ്കിലും വിവാദമാക്കുന്നത് ഇന്നൊരു ആഘോഷമാണെന്ന് എനിക്കറിയാം. ആ ആഘോഷത്തിന്റെ ഇടയില്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലാണ് ഞാന്‍ ഇന്ന് ഈ വിഡിയോ പുറത്തുവിടുന്നത്. ജിന്നയുടെ ഫോട്ടോ കണ്ടതിലാണ് ഞാന്‍ സാഡ് റിയാലിറ്റി എന്നിട്ടിരുന്നത്. അല്ലാതെ നമ്മുടെ നാട്ടില്‍ മുസ്ലീമുകളുണ്ടെന്നോ ക്രിസ്ത്യാനികള്‍ ഉണ്ടെന്നോ പറഞ്ഞിട്ടില്ല ഞാന്‍ സാഡ് റിയാലിറ്റി എന്നിട്ടത്.
എന്റെ ഫോളോവേഴ്‌സില്‍ പോലും കൂടുതലുള്ളത് മുസ്ലീം പെണ്‍കുട്ടികളാകും. ഈ വളച്ചൊടിച്ച വാര്‍ത്ത വന്നതോടെ എന്തോരം മുസ്ലീം ആണുങ്ങളും പെണ്ണുങ്ങളുമാണ് പുറത്ത് പറയാന്‍ പറ്റാത്ത മെസേജുകള്‍ എന്റെ ഡിഎമ്മിലേക്ക് അയക്കുന്നുണ്ട്. അവര്‍ക്കും കുടുംബങ്ങള്‍ ഉള്ളതിനാല്‍ ഞാന്‍ പുറത്ത് വിടുന്നില്ല. അത്രയ്ക്ക് മോശമായ രീതിയിലാണ് എന്നോട് സംസാരിക്കുന്നത്. കാര്യമെന്താണ് അന്വേഷിക്കാതെ, എന്റെ ഭാഗം സംസാരിക്കാന്‍ പോലും അവസരം തരാതെയാണ് കുറേ വോണബി കണ്ടന്റ് ക്രിയേറ്റേഴ്‌സ് കണ്ടന്റ് ഉണ്ടാക്കുന്നത്. ഈ ഇടുന്നവരെല്ലാം എന്തുകൊണ്ടാണ് ജിന്നയുടെ ഫോട്ടോ അവിടെ വച്ചതെന്ന് കൂടെ വിശദീകരിക്കണം. അത് കേട്ടിട്ട് വേണം എനിക്ക് സമാധാനമായിട്ട് കിടന്നുറങ്ങാന്‍. ഒരാള്‍ക്ക് വീട് വച്ച് കൊടുത്തിട്ട് അതേക്കുറിച്ച് ഒരു ന്യൂസുകാരും വാര്‍ത്ത കൊടുക്കുന്നില്ലല്ലോ. അനാഥാലയത്തില്‍ ഭക്ഷണം നല്‍കുകയും വസ്ത്രം നല്‍കുകയും ചെയ്യുന്നുണ്ട്. ഇതൊന്നും വന്ന് പത്ത് പേരോട് പറയുന്നില്ല. പറഞ്ഞാലും പറഞ്ഞില്ലെങ്കിലും അത് മാധ്യമങ്ങള്‍ ഇടില്ല. ഈ കമന്റ് തപ്പിയെടുത്ത് വാര്‍ത്തയാക്കി ഇടാന്‍ അവര്‍ക്ക് അറിയാമായിരുന്നു. നല്ലത് ചെയ്യുന്നത് തപ്പിയെടുത്ത് ഇടാന്‍ പറ്റില്ലല്ലോ. അതാണ് പോസിറ്റിവിറ്റിയുടേയും നെഗറ്റീവിറ്റിയുടേയും കാര്യം. മീഡിയക്കാര്‍ക്കും ഇന്നത്തെ കാലത്ത് പൊസിറ്റിവിറ്റി ഇടാന്‍ താല്‍പര്യമില്ല. എല്ലാവര്‍ക്കും താല്‍പര്യം നെഗറ്റിവിറ്റിയോടാണ്.
പോസിറ്റിവായി ഇരിക്കുന്ന ഒരാളെ എങ്ങനെ നശിപ്പിക്കാം എന്ന് ആലോചിക്കുന്ന മാധ്യമങ്ങളുടെ ലോകത്ത് ദയവ് ചെയ്ത് എന്റെ ഫോളോവേഴ്‌സും ചെന്ന് വീഴരുത് എന്നുണ്ട്. മീഡിയക്കാര്‍ പറയുന്നത് കേട്ട് ഇതുപോലത്തെ തെറ്റായ കോണ്‍ഫ്‌ളിക്റ്റില്‍ എന്നെപ്പിടിച്ച് ഇടരുത്. ആ വിഡിയോ മുഴുവന്‍ കാണാതെ ആദ്യ പകുതിയില്‍ തന്നെ കമന്റിട്ടത് എന്റെ തെറ്റ്. എന്റെ മാത്രം തെറ്റ്. അതില്‍ മാപ്പ് ചോദിക്കുന്നു. ജിന്നയുടെ ഫോട്ടോ കണ്ടതിനാണ് ഞാന്‍ സാഡ് റിയാലിറ്റി എന്നിട്ടത്. അതിനി എവിടെ കണ്ടാലും ഇടും. എന്നെപ്പറ്റി വീഡിയോ ഇട്ടോളൂ. എന്നെ തെറി പറഞ്ഞോളൂ.
പക്ഷെ ജിന്നയുടെ ഫോട്ടോ കേരളത്തിലെ ഒരു കഫേയില്‍ എന്തിനാണ് എന്നൊരു വിശദീകരണം തന്നേ പറ്റൂ. എന്നെ ഇത്രയും സ്‌നേഹിക്കുന്ന ഒരു വിഭാഗം കേരളത്തില്‍ നിന്നും പോകണമെന്ന് ഞാന്‍ ഒരിക്കലും പറയത്തില്ല. ഒരു വിഭാഗത്തെക്കുറിച്ചും ഞാന്‍ അങ്ങനെ പറയില്ല. ദയവ് ചെയ്ത് ഓണ്‍ലൈന്‍ മീഡിയയില്‍ കാണുന്ന എല്ലാം വിശ്വസിക്കരുത്. നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും ആ വളച്ചൊടിച്ച വാര്‍ത്ത വിശ്വസിക്കേണ്ടി വന്നത് എന്റെ തെറ്റാണ്. അതിന് മാപ്പ് പറയുന്നു. പക്ഷെ ഇതാണ് സത്യാവസ്ഥ. ജിന്നയുടെ ഫോട്ടോ വച്ചതിനാണ് ഞാന്‍ സാഡ് റിയാലിറ്റി എന്നിട്ടത്. അത് തലച്ചോറിലേക്ക് എടുക്കുക.