നമ്മുടെ ജീവിതത്തില്‍ ചെറുതും വലുതുമായ അപകടങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കും. ചെറിയ മുറിവോ പൊള്ളലോ വന്നാല്‍ വീട്ടില്‍ ഉള്ള ഫസ്റ്റ് എയ്ഡ് കിറ്റ് ഉപയോഗിച്ച് ചികിത്സിക്കാനാകും. പക്ഷേ, പ്രഥമശുശ്രൂഷ വെറും ചെറിയ പരിചരണം മാത്രമല്ല പലപ്പോഴും ജീവന്‍ രക്ഷിക്കാനും ഇത് സഹായിക്കും.
വീണു മുറിവോ ഒടിവോ ഉണ്ടാകുമ്പോള്‍
വീഴ്ചകള്‍ കാരണം ചെറിയ ചതവുകളില്‍ നിന്ന് തുടങ്ങി ഗുരുതരമായ തലക്കഷണങ്ങള്‍ വരെ സംഭവിക്കാം. ആദ്യം ചെയ്യേണ്ടത് രോഗിയെ നിരപ്പായ സ്ഥലത്ത് കിടത്തുന്നതാണ്. സാധ്യമെങ്കില്‍ നീളം കൂടിയ പലകയില്‍ കിടത്തുക. ഇതിലൂടെ നട്ടെല്ലിന് കൂടുതല്‍ കേടുപാടുകള്‍ വരുന്നത് തടയാം.
മുറിവുള്ള ഭാഗത്ത് വൃത്തിയായ തുണി വച്ച് 10 മിനിറ്റ് അമര്‍ത്തി രക്തസ്രാവം നിര്‍ത്തണം. ശേഷം വൃത്തിയായ തുണികൊണ്ട് കെട്ടിവയ്ക്കുക. ഒടിവുണ്ടെന്ന് സംശയിക്കുന്ന ഭാഗത്ത് മരപ്പലകയോ തടിക്കഷണമോ വച്ച് കെട്ടിയാല്‍ വേദന കുറയും. കഴുത്തില്‍ ഒടിവുണ്ടെന്ന് തോന്നിയാല്‍ കഴുത്ത് അനക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സെര്‍വിക്കല്‍ കോളര്‍ ഉണ്ടെങ്കില്‍ ധരിപ്പിക്കുക. രോഗിയെ വേഗത്തില്‍ ന്യൂറോ സര്‍ജറി സൗകര്യമുള്ള ആശുപത്രിയില്‍ എത്തിക്കുക.
ഒടിവല്ലെങ്കിലും പലപ്പോഴും ശരീരത്തില്‍ ചതവ് ഉണ്ടാകും. പേശികള്‍ക്കും അസ്ഥിബന്ധങ്ങള്‍ക്കും കേടുപാടുകള്‍ വരാം. നീര്‍വീക്കം, വേദന തുടങ്ങിയവയാണു ലക്ഷണങ്ങള്‍. ഐസ് വയ്ക്കുക, ചതവുള്ള ഭാഗം ഉയര്‍ത്തി വയ്ക്കുക എന്നിവ വേദന കുറയ്ക്കും.
കുട്ടികള്‍ തലയിടിച്ചു വീഴുമ്പോള്‍
കുട്ടികള്‍ക്ക് വീഴ്ചയ്ക്ക് ശേഷം ഒന്നു മയങ്ങുകയോ ഛര്‍ദിക്കുകയോ സാധാരണമാണ്. പക്ഷേ, തുടര്‍ച്ചയായി ഛര്‍ദി വരുന്നത്, ദീര്‍ഘനേരം ഉറക്കം, പിടിവാശി, കടുത്ത തലവേദന, കൈകാലുകള്‍ക്ക് ബലക്കുറവ്, മൂക്കിലോ ചെവിയിലോ രക്തസ്രാവം, ഓര്‍മക്കുറവ് തുടങ്ങിയവ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണണം. ആവശ്യമെങ്കില്‍ സിടി സ്‌കാന്‍ ചെയ്യേണ്ടിവരും.
ഛര്‍ദിയുണ്ടെങ്കില്‍ കുട്ടിയെ ഒരു വശത്തേക്ക് ചരിച്ചു കിടത്തണം നാക്ക് പിന്നിലേക്ക് വീണ് ശ്വാസം തടയാതിരിക്കാനാണിത്. തലയില്‍ മുറിവുണ്ടെങ്കില്‍ വൃത്തിയായി കെട്ടിവയ്ക്കുക. മുഴ വന്നാല്‍ ഐസ് വയ്ക്കാം, പക്ഷേ ശക്തമായി തിരുമ്മരുത്.