കണ്ണിനുള്ളിലെ ലെന്‍സിന്റെ സുതാര്യത നഷ്ടപ്പെട്ട് മങ്ങിത്തുടങ്ങുന്നതാണ് തിമിരത്തിന്റെ തുടക്കം. 55വയസ്സു കഴിഞ്ഞാല്‍ ആരേയും തിമിരം ബാധിക്കാം. ചിലപ്പോള്‍ വെളിച്ചത്തിലേക്ക് നോക്കിയാല്‍ ചിന്നിച്ചിതറിയും പ്രകാശവളയം പോലെ കാണുകയും ചെയ്യാം. തിമിരം ഇല്ലാതാക്കാന്‍ ഇതുവരെ തുള്ളി മരുന്നുകളൊന്നും കണ്ടുപിടിച്ചിട്ടില്ല. തിമിരത്തിന്റെ തുടക്കമാണെങ്കില്‍ ചികിത്സ കൊണ്ട് കാഴ്ച തിരിച്ചെടുക്കാം.
തിമിരം ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടെങ്കിലേ അതായത് കണ്ണിന് പ്രാധാന്യമുള്ള ജോലികള്‍ ചെയ്യുന്നവര്‍ക്കേ തുടക്കത്തില്‍ ശസ്ത്രക്രിയ ചെയ്യാറുള്ളൂ. അല്ലാത്തവര്‍ക്ക് സര്‍ജറിയില്ലാതെ കഴിയുന്നിടത്തോളം കാലം മുന്നോട്ടു പോകാം. വളരെ ലളിതമാണ് തിമിര ശസ്ത്രക്രിയ. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ചെയ്യുന്നതും വിജയിക്കുന്നതും ഈ ശസ്ത്രക്രിയയാണ്.
താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴി തിമിരം പരിഹരിക്കാം. കൃഷ്ണമണിയില്‍ ചെറിയ ദ്വാരമുണ്ടാക്കി അതിലൂടെ തിമിരം ബാധിച്ച ലെന്‍സ് പൊടിച്ചു കളയുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് സിറിഞ്ച്‌കൊണ്ട് കൃത്രിമ ലെന്‍സ് കണ്ണിനുള്ളില്‍ കടത്തി വയ്ക്കും. സ്‌കാനിങ് വഴി കണ്ണിന്റെ ലെന്‍സിന്റെ പവര്‍ മനസ്സിലാക്കി അനുയോജ്യമായ ലെന്‍സാണ് കണ്ണിനുള്ളില്‍ വയ്ക്കുന്നത്. ശസ്ത്രക്രിയയ്ക്കുശേഷം തുന്നല്‍ ഉണ്ടാവില്ല. രോഗിക്ക് അന്നുതന്നെ വീട്ടിലേക്കു മടങ്ങുകയും ചെയ്യാം.