ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും അസുഖങ്ങള്‍ പിടിപെടാം. എന്നാല്‍ ചില ഭാഗങ്ങള്‍ വളരെ ലോലമായത് കൊണ്ട് തന്നെ പെട്ടെന്നു തന്നെ അസുഖം ബാധിക്കാനും സാധ്യതയേറെയാണ്. അതില്‍പ്പെട്ട ഒരു ഭാഗമാണ് ചെവി. പൊതുവേ അണുബാധയാണ് ചെവിയ്ക്ക് ഉണ്ടാകുന്ന പ്രധാന പ്രശ്‌നം. എന്നാല്‍ ചെവിയുമായി ഉണ്ടാകുന്ന ചില അസുഖങ്ങള്‍ക്ക് നല്ല വേദന അനുഭവപ്പെടും. അവ ഏതൊക്കെയാണെന്ന് താഴെ പറയുന്നു.
*മധ്യകര്‍ണത്തിന്റെ നീര്‍ക്കെട്ട് : കൂടുതലും കുട്ടികളില്‍ പ്രത്യേകിച്ചു രാത്രി സമയത്ത്. ജലദോഷപ്പനി മുക്കില്‍ നിന്നും തൊണ്ടയില്‍നിന്നും ചെവിയിലേക്കു പഴുപ്പായി വ്യാപിക്കുന്നതാണു പ്രധാന കാരണം. വേദനയുടെ മൂര്‍ധന്യത്തില്‍ കര്‍ണപടം പൊട്ടി പഴുപ്പ് വെളിയില്‍ വരാം കൂടെ കേള്‍വിക്കുറവും.
*കര്‍ണനാളിയിലെ നീര്‍ക്കെട്ട് : രോമകൂപങ്ങളിലുണ്ടാകുന്ന പരുവോ, തൊലിപ്പുറത്താകമാനമുണ്ടാകുന്ന നീരോ കരണമാകാം ചവയ്ക്കുമ്പോഴും ചെവിക്കുട അനങ്ങുമ്പോഴും അസഹ്യമായ വേദനയും ചെറിയ പഴുപ്പുമാണു പ്രധാന ലക്ഷണങ്ങള്‍.
*പൂപ്പല്‍ബാധ: കര്‍ണനാളിയില്‍ ഈര്‍പ്പം കെട്ടിനില്‍ക്കുന്നതാണു പ്രധാന കാരണം. അസഹനീയമായ ചൊറിച്ചിലിനോടൊപ്പം വേദനയും ഉണ്ടാകാം.
*വൈറസ് ബാധ: ഹെര്‍പിസ് വിഭാഗത്തില്‍പ്പെട്ട വൈറസുകളാണു പ്രധാന കാരണം. ബാഹ്യകര്‍ണത്തിനു ചുറ്റും കുരുക്കളും വേദനയുമാണു ലക്ഷണം. മൂര്‍ച്ഛിച്ചാല്‍ നാഡീതളര്‍ച്ചയും ഉണ്ടാകാം.
*ചെവിക്കായം: സാധാരണയായി കേള്‍വിക്കുറവും അടവുമാണ് അനുഭവപ്പെടുന്നത്. എന്നാല്‍ വല്ലാതെ കര്‍ണനാളിയില്‍ നിറഞ്ഞുകഴിഞ്ഞാല്‍ വേദന വരാം.
*ബഡ്‌സും ചെവിക്കായവും: കര്‍ണനാളിയിലെ ഗ്രന്ഥികളുടെ സ്രവങ്ങളാണു ചെവിക്കായമാകുന്നത്. ബഹുഭൂരിപക്ഷത്തിലും കായം കാലക്രമേണ പുറത്തേക്കു വര്‍ജിക്കപ്പെടുന്നു. ബഡ്‌സ് ഉപയോഗിച്ചു ചെവി വൃത്തിയാക്കണം എന്നതു പരക്കെയുള്ള മിഥ്യാധാരണയാണ്. യഥാര്‍ഥത്തില്‍ ബഡ്‌സിന്റെ ഉപയോഗം നേരെ വിപരീതഫലമാണ് ഉണ്ടാക്കുന്നത്. ചെവിക്കായത്തിന്റെ വെളിയിലേക്കുള്ള നീക്കം തടസ്സപ്പെടുത്തുന്നതും മാത്രമല്ല, അത് ഒന്നിനു മീതേ ഒന്നുപോലെ കര്‍ണനാളിയില്‍ അടിഞ്ഞു നിറയുകയും ചെയ്യുന്നു.
*ചെവിയിലെ ക്ഷതം: ചെറിയ മുറിവുകളില്‍ നീരുകെട്ടാം. വലിയ ആഘാതങ്ങള്‍ ഉണ്ടായാല്‍ കര്‍ണ പടലത്തിനു ദ്വാരം വീഴുകയോ, ചെവിക്കുടയില്‍ രക്തം കെട്ടി കിടക്കുകയോ ചെയ്യാം.
*പ്രാണികള്‍: ജീവനോടെ പിടിക്കാനോ എടുത്തുകളയാനോ ശ്രമിക്കരുത്. ഉടനെ വെള്ളമോ, എണ്ണയോ ഒഴിച്ചു കൊന്ന ശേഷം വൈദ്യസഹായം തേടുക.