പല രോഗങ്ങള്‍ ഒരുമിച്ച്ചെറുപ്പക്കാരെ അപേക്ഷിച്ച് അസാധാരണമായ രീതിയിലാണ് വാര്‍ധക്യത്തില്‍ രോഗങ്ങളുടെ കടന്നുവരവ്. രോഗലക്ഷണങ്ങള്‍ അസുഖംബാധിച്ച അവയവത്തിനായിരിക്കില്ല. മറിച്ച് ശരീരത്തിലെ ദുര്‍ബലമായ ഏതെങ്കിലും ഭാഗത്ത് കാണപ്പെടുക എന്ന പ്രത്യേകതയുമുണ്ട്. കൂടാതെ പലതരത്തിലുള്ള രോഗങ്ങളുടെ അസ്വസ്ഥതകള്‍ ഒന്നിച്ചുണ്ടാവുകയും ചെയ്യും. വാര്‍ധക്യത്തിലെ ആരോഗ്യത്തിന് പിന്നിട്ട ജീവിതവുമായി ഏറെ ബന്ധമുണ്ട്. മധ്യവയസ്സില്‍ത്തന്നെ ജീവിതശൈലിരോഗങ്ങളില്‍പ്പെടുന്ന പ്രമേഹം, രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയെ നിയന്ത്രിച്ചുനിര്‍ത്തുന്നവരില്‍ വാര്‍ധക്യസംബന്ധമായ പ്രശ്നങ്ങള്‍ കുറവാകും.
ജീവിതശൈലിരോഗങ്ങള്‍ക്കു പുറമെ വീഴ്ച, മറവി, കാഴ്ച-കേള്‍വി പ്രശ്നങ്ങള്‍, വിഷാദം, ഉല്‍കണ്ഠ, മനോവിഭ്രാന്തി, സന്ധിവേദന, പോഷകക്കുറവ്, ചവയ്ക്കാന്‍ വിഷമം തുടങ്ങിയ പ്രശ്നങ്ങളാണ് പ്രധാനമായും വൃദ്ധരെ അലട്ടാറുള്ളത്. പൂര്‍ണമായും സുഖപ്പെടുത്താനാവാത്ത ജീവിതശൈലിരോഗങ്ങളില്‍ പലതും വാര്‍ധക്യത്തെ സങ്കീര്‍ണമാക്കാറുണ്ട്. ആരോഗ്യകരമായ വാര്‍ധക്യം ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ മധ്യവയസ്സിനു മുമ്പുതന്നെ തുടങ്ങേണ്ടതാണ്. വീഴ്ച വീഴ്ചയും വീഴുമോ എന്ന ഭയവും വാര്‍ധക്യത്തില്‍ സവിശേഷമായി കാണപ്പെടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ്. വീഴ്ചയ്ക്ക് പല കാരണങ്ങളുണ്ട്. കാഴ്ച മങ്ങല്‍, തുടയിലെ പേശികളുടെ ബലക്ഷയം, സന്ധിവാതം, രക്തസമ്മര്‍ദം കുറയല്‍, പക്ഷാഘാതം, പര്‍ക്കിന്‍സണ്‍രോഗം തുടങ്ങിയ പല പ്രശ്നങ്ങളും വീഴ്ചയ്ക്ക് കാരണമാകും.
പടിക്കെട്ടുകളും, മിനുസമായ തറകളും വെളിച്ചക്കുറവും വീഴ്ചയ്ക്ക് വഴിയൊരുക്കുമെന്നതിനാല്‍ പ്രത്യേക ശ്രദ്ധവേണം. വീഴുമെന്നു ഭയന്ന് നടക്കാതെയും വ്യായാമം കിട്ടാതെയും വരുന്നത് അവയവങ്ങള്‍ക്ക് ബലക്ഷയം ഉണ്ടാക്കും. അധികം ഉപയോഗിക്കാത്ത അവയവം അതിവേഗം ദുര്‍ബലമാകും. കാഴ്ച, കേള്‍വി പ്രശ്നങ്ങള്‍ഇന്ദ്രിയങ്ങളുടെ കഴിവുകുറയുന്ന അവസ്ഥയാണ് വാര്‍ധക്യത്തിന്റെ മറ്റൊരു സവിശേഷത. കാഴ്ച കുറയുക, കേള്‍വി പതുക്കെയാവുക തുടങ്ങിയവ ഇന്ദ്രിയശേഷിക്കുറവുകള്‍ വൃദ്ധരെ മറ്റുള്ളവരില്‍നിന്ന് ഒറ്റപ്പെടുത്തുന്നു. പലപ്പോഴും വിഷാദത്തിനും ഏകാന്തതയ്ക്കും ഇത് വഴിയൊരുക്കാറുണ്ട്.
വൈകാരിക പിന്തുണയ്ക്ക് മറ്റ് ആവശ്യങ്ങളെക്കാള്‍ ഏറെ പ്രാധാന്യമുള്ള ഘട്ടമാണ് വാര്‍ധക്യം. അത് കിട്ടാതെവരുമ്പോള്‍ ഒറ്റപ്പെടലും ഏകാന്തതയും തുടര്‍ന്ന് വിഷാദവും പിടിപെടുന്നു. കൂട്ടുകുടുംബം അണുകുടുംബത്തിന് വഴിമാറിയതോടെ തുണയില്ലാതാകുന്നതും വാര്‍ധക്യത്തില്‍ വിഷാദത്തിന് കാരണമാകാറുണ്ട്. വയോജനങ്ങളില്‍ 25-50 ശതമാനംവരെയും വിഷാദത്തിന് അടിമപ്പെടുന്നുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് വിഷാദം കൂടുതലായി കാണുക. പ്രിയപ്പെട്ടവരുടെ വേര്‍പാട്, സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും, വേദനയുള്ള രോഗങ്ങള്‍, ആരോഗ്യം നഷ്ടപ്പെടുന്നുവെന്ന തോന്നല്‍ ഇവയൊക്കെ വിഷാദത്തിലേക്കു നയിക്കുന്ന പ്രധാന ഘടകങ്ങളാണ്.
വാര്‍ധക്യത്തില്‍ കടുത്ത ആശയക്കുഴപ്പം ഉണ്ടാകുന്ന അവസ്ഥകള്‍ ചിലരില്‍ കാണാറുണ്ട്. ശ്രദ്ധ പതറല്‍, ധാരണ തെറ്റിപ്പോകല്‍ ഇവ വലിയതോതില്‍ കാണും. ദിവസത്തില്‍ പലപ്പോഴായി ഇത് കൂടിയും കുറഞ്ഞുമിരിക്കും. തലച്ചോറിനെ ബാധിക്കുന്ന ചില രോഗങ്ങള്‍, മാനസിക പിരിമുറക്കത്തെയും കഠിനരോഗങ്ങളെയും നേരിടാന്‍ കഴിവു കുറയുക, ഉറക്കക്കുറവ്, അമിത മദ്യപാനം ഇവയൊക്കെ മനോവിഭ്രാന്തിക്കിടയാക്കും.
സന്ധികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ധാരാളമായി കണ്ടുവരുന്നത് വാര്‍ധക്യത്തിലാണ്. അല്‍പ്പം നടക്കുമ്പോള്‍തന്നെ അസഹ്യമായ വേദന, നീരുപിടുത്തം ഇവയൊക്കെ സാധാരണമായി കണ്ടുവരുന്ന പ്രശ്നങ്ങളാണ്. ചെറുപ്രായത്തില്‍ത്തന്നെ ആരോഗ്യകരമായ ഭക്ഷണശീലങ്ങളും, ലഘുവ്യായാമങ്ങളും ശീലമാക്കി ഭാരത്തെ നിയന്ത്രിക്കാനായാല്‍ ഈ രോഗംവരാതെ തടയാനാകും. സന്ധിവേദന ഉണ്ടെങ്കിലും ഇരുന്നുകൊണ്ടുള്ള വ്യായാമങ്ങള്‍ ശീലമാക്കണം.
വാര്‍ധക്യത്തിലെ ആരോഗ്യത്തിന് കഴിക്കുന്ന ഭക്ഷണവുമായി ഏറെ ബന്ധമുണ്ട്. നാവിലെ രസമുകുളങ്ങള്‍ കുറയുന്നതിനാല്‍ രുചിക്കുറവ്, വിശപ്പില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ വൃദ്ധരെ അലട്ടാറുണ്ട്. വിഷാദം ഉള്ളവരിലും വിശപ്പില്ലായ്മ കൂടുതലാണ്. ആരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിക്കാറുണ്ട്. കൂടാതെ ചവയ്ക്കാന്‍ വിഷമം, പല്ല് ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകള്‍, വായ വരളുക തുടങ്ങിയവയും വാര്‍ധക്യത്തില്‍ കാണാറുണ്ട്. തവിടുകളയാത്ത ധാന്യങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍, അണ്ടിപ്പരിപ്പുകള്‍, പച്ചക്കറികള്‍, പയറുകള്‍, കൊഴുപ്പു മാറ്റിയ പാല്‍, മോര്, ഇലക്കറികള്‍, ചെറുമത്സ്യങ്ങള്‍ ഇവയില്‍നിന്ന് ഓരോ ഇനവും തെരഞ്ഞെടുത്ത് കഴിക്കുന്നതാണ് വാര്‍ധക്യത്തില്‍ ഗുണകരം.
ഉപ്പും കൊഴുപ്പും മധുരവും പരമാവധി കുറച്ചുള്ള ഭക്ഷണരീതികളാണ് സ്വീകരിക്കേണ്ടത്. വെള്ളം 10 ഗ്ലാസെങ്കിലും കുടിക്കണം. മൂന്നുനേരം ഭക്ഷണം എന്നതിനു പകരം കുറേശ്ശെ ഭക്ഷണം ഇടയ്ക്കിടെ കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ കുറയ്ക്കും. ഗോതമ്പ്, റാഗി, തിന, ചെറുപയര്‍, ചോളം, നെല്ലിക്ക, പേരയ്ക്ക, പപ്പായ, കോവയ്ക്ക, വെള്ളരിക്ക, കാരറ്റ്, ചേന, മുരിങ്ങക്ക, തക്കാളി, അണ്ടിപ്പരിപ്പ്, ബദാം പരിപ്പ്, ഉണക്കമുന്തിരി ഇവ മാറിമാറി ഭക്ഷണത്തില്‍പെടുത്തേണ്ടതാണ്്. കാഴ്ച മങ്ങാതിരിക്കാന്‍ മുരങ്ങയില, ചീര, കാരറ്റ്, മത്തങ്ങ, മധുരക്കിഴങ്ങ്, കൊഴുപ്പുമാറ്റിയ പാല്‍ ഇവയിലേതെങ്കിലും ഒന്ന് ഭക്ഷണത്തില്‍ ദിവസവും പെടുത്തണം. കേള്‍വി സംരക്ഷിക്കാന്‍ നിലക്കടല, തവിട് കൂടുതലുള്ള അരി, പയര്‍വര്‍ഗങ്ങള്‍, ഇലക്കറി ഇവ ഗുണകരമാണ്. വായ വരളാതിരിക്കാന്‍ മോര്, ചെറുപയര്‍ സൂപ്പ് ഇവ കഴിക്കാം.
നല്ല ഓര്‍മയ്ക്ക് മധുരക്കിഴങ്ങ്, പശുവിന്‍ നെയ്യ്, കാരറ്റ്, വെണ്ടക്ക എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മലബന്ധം ഒഴിവാക്കാന്‍ വാഴപ്പിണ്ടി, മുരിങ്ങയില, വേവിക്കാത്ത പച്ചക്കറികള്‍, ചേന ഇവ ഉള്‍പ്പെടുത്താം. മൂത്രാശയപേശികളെബലപ്പെടുത്താന്‍ചേന, ചേമ്പ്, കാച്ചില്‍, ഓട്സ്, മലര്, ചോളം, നെല്ലിക്ക, ഏത്തപ്പഴം, ഉരുളക്കിഴങ്ങ് ഇവ ഗുണകരമാണ്. നെഞ്ചെരിച്ചില്‍ തടയാന്‍മല്ലി ചവച്ചിറക്കുന്നത് നല്ല ഫലം തരും. മലര്‍ വെന്ത വെള്ളമോ, മലര്‍ക്കഞ്ഞിയോ കഴിക്കുക. ചവയ്ക്കാന്‍ വിഷമമുള്ളവര്‍ക്കുംപല്ല് കൊഴിഞ്ഞവര്‍ക്കുംവെന്തുടഞ്ഞ കഞ്ഞി, ഓട്സ് കഞ്ഞി, കാരറ്റ്-ബീറ്റ്റൂട്ട് ജ്യൂസ്, ഏത്തപ്പഴം ഉടച്ചത്, പുഴുങ്ങിയ പയര്‍ ഉടച്ചത് ഇവ നല്‍കാം. ഇഡ്ഡലി, ഇടിയപ്പം ഇവ സൂപ്പില്‍ കുതിര്‍ത്തു നല്‍കുന്നത് പോഷകദാരിദ്ര്യം അകറ്റും.
പ്രശ്നങ്ങളെ മറികടക്കാം
വാര്‍ധക്യത്തെ ആരോഗ്യകരമാക്കാനുള്ള ഒരുക്കങ്ങള്‍ മധ്യവയസ്സു കടക്കുന്നതിനു മുമ്പേ തുടങ്ങാനാണ് ആയുര്‍വേദം നിര്‍ദേശിക്കുന്നത്. ശോധനചികിത്സക്കൊപ്പം ബലം നല്‍കുന്നതും രസായനഗുണമുള്ളതുമായ ഔഷധങ്ങളാണ് പ്രധാനമായും വാര്‍ധക്യകാല പ്രശ്നങ്ങളില്‍ നല്‍കുക. ച്യവനപ്രാശം, ബ്രഹ്മരസായനം, ഇവയിലേതെങ്കിലും ഒന്ന് ശീലമാക്കുന്നത് വാര്‍ധക്യത്തിന്റെ അവശതകളെ അകറ്റും. നാരായണഗുളം രാത്രിയില്‍ കഴിക്കുന്നത് ശോധന ക്രമപ്പെടുത്തും. ശയ്യാവ്രണം അകറ്റാന്‍ ജാത്യാദികേരം, ഏലാദികേരം ഇവയിലൊന്ന് പുറമെ പുരട്ടാം.
വേദനകള്‍ക്ക്
കര്‍പ്പൂരാദി, നാരായണതൈലം, ധന്വന്തരം കുഴമ്പ് ഇവ സന്ധിവേദന അകറ്റും. നെഞ്ചെരിച്ചിലിന് ജീരകവെള്ളത്തില്‍ ധന്വന്തരം ഗുളിക ചേര്‍ത്ത് കഴിക്കാം. ഉറക്കത്തിന് ചന്ദനാദിതൈലം ശീലമാക്കുന്നത് ഉറക്കപ്രശ്നങ്ങള്‍ പരിഹരിക്കും. ചെറുചൂടുള്ള പാലില്‍ ജാതിക്കപ്പൊടി ചേര്‍ത്തു കഴിക്കുന്നതും ഉറക്കക്കുറവ് പരിഹരിക്കും.
വ്യായാമം
നിരപ്പായ തറയില്‍ 15 മിനിറ്റ് എങ്കിലും നടക്കുന്നത് ഗുണകരമാണ്. സന്ധികള്‍ ചലിപ്പിക്കുന്ന വ്യായാമങ്ങള്‍, ചെറിയഭാരം ഉയര്‍ത്തുക ഇവയും ശീലമാക്കണം. മൂത്രാശയപേശികളെ ബലപ്പെടുത്താന്‍ ഭഗപേശി വ്യായാമങ്ങളും ഉള്‍പ്പെടുത്തണം. വാര്‍ധക്യത്തില്‍ മരുന്നു മാത്രം മതിയാകില്ല. വൃദ്ധര്‍ നേരിടുന്ന സാമൂഹികവും മാനസികവുമായ പ്രശ്നങ്ങളും പരിഹരിച്ചെങ്കില്‍ മാത്രമേ ചികിത്സ പൂര്‍ണമാകൂ. സ്നേഹംനിറഞ്ഞ പരിചരണങ്ങള്‍ക്ക് വൃദ്ധരില്‍ വലിയ മാറ്റം വരുത്താനാകും.