Latest News

വായിൽ എങ്ങനെയാണ് കാൻസർ ഉണ്ടാകുന്നത്? അതു തടയാൻ വഴികളുണ്ടോ?

Malayalilife
വായിൽ എങ്ങനെയാണ് കാൻസർ ഉണ്ടാകുന്നത്? അതു തടയാൻ വഴികളുണ്ടോ?

കാൻസർ ഒരു ശരാശരി മലയാളിയുടെ മനസ്സിൽ ഇടിത്തീ വീഴ്‌ത്തുന്ന പദം. ശാരീരികവും മാനസികവുമായി മനുഷ്യ ജീവിതം തല്ലിത്തകർക്കുന്ന മഹാ രോഗം. എന്നാൽ ഒരർത്ഥത്തിൽ നാം തന്നെയാണ് അറിഞ്ഞോ അറിയാതയോ ഈ മഹാ വിപത്തിനെ നമ്മുടെ ജീവിതത്തിലേയ്ക് വിളിച്ചു വരുത്തുന്നത്. അതെ നൈമിഷിക ആനന്ദത്തിന് വേണ്ടി നിങ്ങൾ ഉപയോഗിക്കുന്ന ലഹരി പദാർഥങ്ങളാണ് പലപ്പോഴും കാൻസറിന് കാരണമാകുന്നത്. വായിലുണ്ടാകുന്ന കാൻസറും അതിനുപിന്നിലെ കാരണങ്ങളും രോഗാവസ്ഥയുണ്ടാകുന്ന ജീവിത പ്രശ്‌നങ്ങളുമാണ് ഡോക്ടർ ഫെരീഫ് കെ ബാവ ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്.

കണ്ടെത്താം രോഗകാരണങ്ങൾ 


1980 ൽ അമേരിക്കയിൽ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത് വായിലുണ്ടാകുന്ന 75% കാൻസറിനും കാരണം പുകയിലയുടെ ഉപയോഗമാണ്. പുകയിലയുടെ ഉപയോഗം മലയാളിയുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് പുകവലിയുടെ രൂപത്തിലാണ്. പുകവലിക്കുമ്പോൾ ഉണ്ടാകുന്ന ചൂടും സിഗററ്റിലടങ്ങിയിരിക്കുന്ന 60 ഓളംവരുന്ന കാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങളും (കാർസിനോജൻസ്) അവ കത്തുമ്പോഴുണ്ടാകുന്ന വകഭേദങ്ങളും വായിനകത്തെ കോശങ്ങളിലുണ്ടാകുന്ന പ്രകോപനമാണ് (irritation) കാൻസറിന് കാരണമാകുന്നത്.

പുകവലിയോടപ്പം കാണപ്പെടുന്ന മദ്യപാനവും കാൻസറിന് കാരണമാകുന്നു. മദ്യം പുകയില ഉത്പന്നങ്ങൾ വായിലുണ്ടാകുന്ന പ്രകോപനത്തിന്റെ തോത് കൂട്ടുകയും തൽഫലമായി കാൻസർ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെ അധികം കൂട്ടുകയും ചെയ്യുന്നു. വെറ്റിലയും ചുണ്ണാമ്പും പുകയിലയും ചേർത്ത് മൂന്നും കൂട്ടി മുറുക്കുന്ന മധ്യവയസ്‌കർ ഒരു കാലത്ത് മലയാളിയുടെ ഉമ്മറത്തെ സ്ഥിരം കാഴ്ചയായിരുന്നു, എന്നാൽ ഇതും കാൻസറിന് കരണമാകുന്നതിൽ പ്രധാനിയാണ്.

തുടർച്ചയായി ഇത്തരത്തിലുള്ള പുകയിലയുടെ ഉപയോഗം leukoplakia പോലുള്ള കാൻസറിന് തൊട്ടുമുൻപുള്ള രോഗാവസ്ഥയിലേയ്ക്കും (premalignant le-sion) പിന്നീട് കാൻസറിനും കാരണമാകുന്നു. പുകയിലയോടപ്പം തന്നെ കൂർത്ത പല്ലുകൾ കൂർത്ത അരികുകളുള്ള കൃത്രിമ പല്ലുകൾ എന്നിവയും കാൻസറിന് കാരണമാകുന്നു. കൂർത്ത പല്ലുകളും കൂർത്ത അരികുകളുള്ള കൃത്രിമ പല്ലുകളുമുണ്ടാകുന്ന തുടർച്ചയായ പ്രകോപനം(irritation ) വായിനകത്തെ കോശങ്ങളുടെ ആന്തരികവും ബാഹ്യവുമായ ഘടനയിൽ മാറ്റമുണ്ടാകുകയും അവ കാൻസർ കോശങ്ങളായിട്ട് മാറുകയും ചെയ്യുന്നു.

തിരിച്ചറിയാം രോഗലക്ഷണങ്ങൾ 
കണ്ടെത്താൻ താമസിക്കുന്നതാണ് പലപ്പോഴും കാൻസറിനെ കൂടുതൽ മാരകമാക്കുന്നത്. ഏതൊരു രോഗാവസ്ഥയോടെന്നും പോലെ കാൻസറിനോടും നമ്മുടെ ശരീരം പെട്ടെന്ന് പ്രതികരിച്ചു തുടങ്ങുന്നു. സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇത് പെട്ടെന്ന് മനസ്സിലാക്കാവുന്നതാണ്. വായുടെ വിവിധ ഭാഗത്തായി കാണപ്പെടുന്ന ചുവന്ന നിറത്തിലോ വെളുത്ത നിറത്തിലോ ഉള്ള നീക്കം ചെയ്യാനാകാത്ത(unscrapable ) തടിപ്പുകൾ, രണ്ടാഴ്ചയിലധികമായി കരിയുന്നതിന്റെ ഒരു ലക്ഷണവും കാണിക്കാത്ത മുറിവുകൾ( non healing ulcer), വായിൽ അസാധാരണമായി കാണപ്പെടുന്ന പ്രതലമാറ്റങ്ങൾ, ഒരു കരണവുമില്ലതെ പല്ലുകൾക് ഇളക്കം സംഭവിക്കുക, അസാധാരണമായി വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വരിക എന്നിവയാണ് വായിലുണ്ടാകുന്ന കാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങൾ. രോഗാവസ്ഥയുടെ തൊട്ടടുത്ത ഘട്ടത്തിൽ നാക്കിലും ചുണ്ടുകളിലും തരിപ്പ് അനുഭവപ്പെടുകയും, ചെവിക്കകത്ത് തുടർച്ചയായി ഉണ്ടാകുന്ന പഴുപ്പും, വായ തുറക്കാനുള്ള ബുദ്ധിമുട്ടും, നേരത്തെ ഉണ്ടായിരുന്ന തടിപ്പുകൾ മുറിവുകളിയി മാറുകയും അവയിൽ നിന്നുണ്ടാകുന്ന തുടർച്ചയായ അസഹനീയമായ വേദനയും കാണപ്പെടുന്നു.

ഫലപ്രദമായ ചികിത്സ എങ്ങിനെ എപ്പോൾ നേടാം?


കാൻസർ ചികിത്സയുടെ പ്രധാന ഘട്ടം രോഗ നിർണയമാണ്. നേരത്തെയുള്ള രോഗ നിർണയം മരണ സാധ്യത കുറക്കുകയും, ചികിത്സ രീതികളുടെ പ്രവർത്തന ക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നു. വായിനകത്തു അസാധാരണമായി മേൽപറഞ്ഞ ലക്ഷണങ്ങൾ കാണുന്നുവെങ്കിൽ ഉടൻതന്നെ വിദഗ്ധ സേവനം തേടുക. വിദഗ്ധനായ ഒരു ഡെന്റിസ്റ്റിനോ ഓറൽ പാത്തോളജിസ്റ്റനോ കാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങൾ നിഷ്പ്രയാസം കണ്ടുപിടിക്കാം. തുടർന്ന് വിദഗ്ധ നിർദ്ദേശ പ്രകാരം ബയോപ്‌സിക് വിധേയമാക്കുക. രോഗമുണ്ടെന്ന് സംശയിക്കുന്ന ഭാഗത്തു നിന്ന് നീക്കം ചെയ്ത കോശങ്ങളിൽ പഠനം നടത്തി കാൻസർ ഉണ്ടോ ഇല്ലയോ എന്ന സ്ഥീതികരിക്കുന്ന ചികത്സ രീതിയാണ് ബയോപ്‌സി. ബയോപ്സിയിലൂടെ രോഗാവസ്ഥയുടെ ഘട്ടവും നിർണയിക്കാൻ സാധിക്കും. 

കാൻസർ എത്തി നിൽക്കുന്ന ഘട്ടവും രോഗിയുടെ ആരോഗ്യ സ്ഥിതിയുമനുസരിച്ചാണ് ചികിത്സ രീതികൾ നിർണയിക്കുന്നത്. പ്രധാനമായും മൂന്ന് ചികിത്സ രീതികളാണ് ഇന്ന് കാൻസറിന് നൽകി വരുന്നത്. കാൻസർ കോശങ്ങളെ ശാസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുക എന്നുള്ളതാണ് ഇതിലെ ആദ്യ മാർഗം എന്നാൽ കാൻസർ ബാധിച്ചിരിക്കുന്ന ഭാഗങ്ങൾ ചെറുതാണെങ്കിലും മാത്രമേ ഇത് ഫലപ്രദമാകുകയുള്ളു. തൊട്ടടുത്ത ചികിത്സ മാർഗം റേഡിയേഷൻ തെറാപ്പിയാണ്. റേഡിയേഷൻ ഉപയോഗിച്ച കൊണ്ട് കാൻസർ കോശങ്ങളെ നശിപ്പിക്കുന്ന ചികിത്സാരീതിയാണിത്.

രോഗാവസ്ഥയുടെ ഘട്ടമനുസരിച്ച് ഇത് ഒറ്റയ്‌ക്കോ കീമോതെറാപ്പിയുമായി സംയോജിപ്പിച്ചോ ചെയ്യാവുന്നതാണ്. അടുത്ത ചികിത്സ മാർഗമാണ് കീമോതെറാപ്പി. വീര്യം കൂടിയ മരുന്നുകൾ ഉപയോഗിച്ചുകൊണ്ട് കാൻസർ കോശങ്ങളെ നശിപ്പിക്കുന്ന ചികിത്സ രീതിയാണിത്. എന്നാൽ ഇത് ഒറ്റയ്ക്ക് ചെയ്യാറില്ല റേഡിയേഷൻ തെറാപ്പിയുമായോ ശാസ്ത്രക്രിയയുമായോ സംയോജിപ്പിച്ചാണ് ചെയ്യാറുള്ളത്. ചികിത്സയുടെ തൊട്ടടുത്ത ഘട്ടം രോഗാവസ്ഥയും ചികിത്സ രീതികളും സൃഷിടിക്കുന്ന അംഗവൈകല്യത്തെ മറികടക്കലാണ്. കൃത്രിമമായുണ്ടാകുന്ന ശരീര ഭാഗങ്ങളും വിദഗ്ദ്ധ സേവനങ്ങളും ഉപയോഗപ്പെടുത്തി ഈ അംഗ വൈകല്യങ്ങളെ മറികടക്കാവുന്നതാണ്. 

ഒരു കാൻസർ രോഗിയുടെ തിരിച്ചവരവിന് ഏറ്റവും അത്യാവശ്യം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്‌നേഹവും പരിചരണവും അത് രോഗിയിലുണ്ടാക്കുന്ന ആത്മവിശോസവുമാണ്. ഒരു നിമിഷത്തിന്റെ ഉന്മാദത്തിന് വേണ്ടി നിങ്ങൾ കത്തിച്ചുതീർക്കുന്നത് ഒരായുസ്സിന്റെ സ്വപ്നങ്ങളാണ്, തിരിച്ചറിയേണ്ടതും തിരുത്തേണ്ടതും നമ്മളാണ്, കാരണം ജീവിതത്തിൽ റീടേക്കുകളില്ല....

ഡോ.ഷെരീഫ്.കെ.ബാവ 
ഇന്ദിര ഗാന്ധി ഡെന്റൽ കോളേജ്

Read more topics: # how can we prevent oral cancer
how can we prevent oral cancer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES