കഴിഞ്ഞ ദിവസം ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ തമിഴിലെയും തെലുങ്കിലെയും അഭിനേതാക്കള്‍ ഉപയോഗിക്കുന്ന ചില രീതികളെക്കുറിച്ച് മാളവിക മോഹന്‍ പറഞ്ഞ കാര്യം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്യ വീഡിയോ വൈറലായതിന് പിന്നാലെ താരത്തെ വിമര്‍ശിച്ച് പല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും രംഗത്തെത്തുന്നുണ്ട്.
സ്‌ക്രിപ്റ്റില്‍ എഴുതിവെച്ച വരികള്‍ നോക്കുക കൂടി ചെയ്യാതെ ഇമോഷണല്‍ സീനുകളില്‍ അഭിനയിക്കുന്ന തെലുങ്കിലെയും തമിഴിലെയും അഭിനേത്രികളെ തനിക്ക് അറിയാമെന്നാണ് താരം പറഞ്ഞത്. ഇമോഷണല്‍ സീനുകളില്‍ ഡയലോഗ് പറയുന്നതിന് പകരം സങ്കട ഭാവത്തോടെ ഒന്ന് രണ്ട് മൂന്ന് നാല് എന്ന് എണ്ണുകയാണ് ഇത്തരക്കാര്‍ ചെയ്യുകയെന്നും ശേഷം ഡബ്ബിങ്ങില്‍ ഇവര്‍ ഡയലോഗ് ശരിയാക്കിയെടുക്കുമെന്നും മാളവിക പറയുന്നു.
നടിമാര്‍ സംഭാഷണങ്ങള്‍ പഠിക്കാറില്ലെന്നും പകരം രംഗങ്ങളില്‍ സംഖ്യകളോ അക്ഷരങ്ങളോ ഉപയോഗിച്ച് ഡയലോഗുകള്‍ക്ക് പകരമായി ലിപ് സിങ്ക് ചെയ്യാറാണ് പതിവെന്നുമാണ് നടി പറയുന്നത്.നിരവധി നടിമാര്‍ കരിയറിലുടനീളം ഈ രീതി പിന്തുടരുന്നുണ്ടെന്നും ഇത് കാലങ്ങളായി തുടരുന്ന പ്രവണതയാണെന്നും മാളവിക ചൂണ്ടിക്കാട്ടി.
ഒരു ദുഃഖരംഗമാണെങ്കില്‍ നടിമാര്‍ മുഖത്ത് സങ്കടഭാവം വരുത്തി ഡയലോഗിന് പകരം 'ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്' എന്നിങ്ങനെ എണ്ണുകയും, കാമുകനോട് ദേഷ്യപ്പെടുന്ന രംഗമാണെങ്കില്‍ 'എ, ബി, സി, ഡി' എന്ന് പറയുകയും ചെയ്യും. പിന്നീട് ഡബ്ബിംഗ് സമയത്ത് ഈ ശബ്ദങ്ങള്‍ക്ക് അനുസരിച്ച് ചുണ്ടനക്കം കൃത്യമാക്കുകയാണ് ചെയ്യുന്നതെന്നും മാളവിക വിശദീകരിച്ചു.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ പട്ടം പോലെ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നായികയാണ് മാളവിക. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തി കഴിഞ്ഞ വര്‍ഷം ഹിറ്റായ ഹൃദയപൂര്‍വ്വത്തിലും താരം പ്രധാനവേഷത്തിലെത്തിയിരുന്നു. തമിഴ് ചിത്രമായ പേട്ടയിലൂടെയും മാസ്റ്ററിലൂടെയുമാണ് താരം തെന്നിന്ത്യയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്.