സാധാരണ ബാൻഡേജുകളേക്കാൾ നാലിരട്ടി വേഗത്തിൽ മുറിവുണക്കാൻ സഹായിക്കുന്ന ഇലക്ട്രോണിക് ബാൻഡേജുകൾ കണ്ടുപിടിച്ച് ശാസ്ത്രജ്ഞർ. വൈദ്യുത തരംഗങ്ങൾ പുറപ്പെടുവിച്ച് ഇത്തരത്തിൽ മുറിവുണക്കാൻ സഹായിക്കുന്ന ഇ- ബാൻഡുകൾ വികസിപ്പിച്ചെടുത്തിരിക്കുന്നത് യൂണിവേഴ്‌സിറ്റി ഓഫ് വിൻകോസിൻ ആൻഡ് മാഡിസണിലെ ശാസ്ത്രജ്ഞരാണ്. പ്രമേഹം മൂലം ഉണങ്ങാത്ത മുറിവുകൾ, ശസ്ത്രക്രിയയെ തുടർന്നുള്ള മുറിവുകൾ, കാലിലുണ്ടാകുന്ന വ്രണങ്ങൾ തുടങ്ങിയവ സുഖപ്പെടുത്താൻ പുതിയ ഇ-ബാൻഡുകൾ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത ഇ-ബാൻഡുകൾ എലികളിൽ നടത്തിയ പരീക്ഷണം വിജയിച്ചതായി കണ്ടെത്തിയിരുന്നു.
വൈദ്യുത തരംഗങ്ങൾ പുറപ്പെടുവിക്കുന്നതിലൂടെയാണ് ഇ-ബാൻഡ് മുറിവ് ഉണക്കുന്നത്. ഇതുസംബന്ധിച്ച് എലികളിൽ നടത്തിയ പരീക്ഷണം ഏറെ വിജയകരമായിരുന്നു. പുറത്ത് മുറിവുകളുള്ള എലികളുടെ നെഞ്ചിൽ ഇ- ബാൻഡുകൾ ചുറ്റിക്കെട്ടി വച്ചാണ് പരീക്ഷണം നടത്തിയത്. ഓരോ തവണയും എലികൾ ശ്വാസമെടുക്കുമ്പോൾ അതിന്റെ ഫലമായി ഉണ്ടാകുന്ന ചലനം മൂലം ഇലക്ട്രിൽ പൾസ് രൂപപ്പെടുന്നു. ഇതാണ് മുറിവുണങ്ങാൻ സഹായകമാകുന്നത്. ഇത്തരത്തിൽ മുറിവുണങ്ങുന്നതിന് ആവശ്യമായ കോളാജൻ എന്ന പദാർഥം ഉത്പാദിപ്പിക്കപ്പെടുകയും അവിടെ പുതിയ കോശങ്ങൾ ഉണ്ടാകുകയും ചെയ്യും.
960കളിലാണ് ഇലക്ട്രിക്കൽ തരംഗങ്ങൾ മുറിവുകളും മറ്റും സൗഖ്യമാക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയത്. നീരു കുറയ്ക്കുന്നതിനും രക്തയോട്ടം വർധിപ്പിക്കുന്നതിനും വൈദ്യുത തരംഗങ്ങൾ സഹായകമാകുമെന്ന് അന്ന് കണ്ടെത്തിയിരുന്നു. കൂടാതെ പുതിയ കോശങ്ങളുടെ ഉത്പാദനത്തിനും ഇതു വഴിവയ്ക്കുമെന്നും കണ്ടുപിടിച്ചിരുന്നു.
പുതിയ ഇ-ബാൻഡുകൾക്ക് മറ്റു പാർശ്വഫലങ്ങൾ ഇല്ലെന്നതാണ് മറ്റൊരു പ്രത്യേകത. ചെറിയ തോതിൽ വൈദ്യുത തരംഗങ്ങൾ ശരീരത്തിൽ പ്രവേശിച്ചപ്പോൾ അസ്വസ്ഥതകളൊന്നും എലികൾ പ്രകടിപ്പിച്ചതുമില്ല. നിലവിൽ മുറിവുകൾ ഉണക്കാൻ ഇ-ബാൻഡുകൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞർ ഇതേ സംവിധാനം ഉപയോഗിച്ച് ചിക്കൻ പോക്‌സ് പാടുകൾ, മുഖക്കുരുവിന്റെ പാടുകൾ തുടങ്ങിയ മാറ്റാൻ ശ്രമിക്കുന്നുണ്ട്.