ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരവുമായി മൂന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റകള്‍. ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയതിനും പീഡനങ്ങളെ ചെറുക്കുന്നതിനും തങ്ങളെ സംഘടനയില്‍നിന്ന് പുറത്താക്കുകയും സസ്പെന്‍ഡ് ചെയ്യുകയുമാണെന്ന് അവര്‍ പറഞ്ഞു. ഫെഫ്കയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓള്‍ കേരള സിനി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് ഹെയര്‍സ്റ്റൈലിസ്റ്റ് യൂണിയന്റെ ഓഫിസിനു മുന്നിലാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ രോഹിണി, എയ്ഞ്ചല്‍, എലിസബത്ത് എന്നിവര്‍ സമരം ചെയ്യുന്നത്.
ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി പ്രദീപ് രംഗന്‍ എന്നിവര്‍ രാജിവയ്ക്കുക എന്നതാണ് പ്രധാന ആവശ്യം. മേക്കപ്പ് വിഭാഗം മേധാവികളുടെ കീഴില്‍നിന്നു ഹെയര്‍ സ്റ്റൈലിസ്റ്റുകളെ സ്വതന്ത്രരാക്കുക, സിനിമ തൊഴില്‍ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടുക, തൊഴില്‍ നിഷേധം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരം ചെയ്യുന്നവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴില്‍ ചെയ്യാന്‍ സാധിക്കാത്ത അന്തരീക്ഷമുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു.
സിനിമാ മേഖലയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റകള്‍ നേരിടുന്ന ചൂഷണങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ലൈംഗിക പീഡനശ്രമം ചെറുത്തതിന് ജോലി നഷ്ടപ്പെട്ടെന്നും ഫെഫ്കയില്‍ ഇക്കാര്യം അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും കത്തില്‍ പറയുന്നു. വനിതാ പ്രവര്‍ത്തകരുടെ സംഘടനയെ തകര്‍ത്തു എന്ന പേരില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെയും കത്തില്‍ ആരോപണമുന്നയിച്ചിട്ടുണ്ട്. അതേസമയം, സമരം ചെയ്യുന്ന ആര്‍ട്ടിസ്റ്റകള്‍ക്ക് പിന്തുണയുമായി നടി റീമ കല്ലിങ്കലും രംഗത്ത് എത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം പിന്തുണ അറിയിച്ചത്.
2025 ലെ കമ്യൂണിസ്റ്റ് കേരളത്തിലെ വനിതാ തൊഴിലാളികളാണിവര്‍ എന്ന റിമ സമൂഹമാധ്യമത്തില്‍ കുറിച്ചു. മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍, ഹെയര്‍ സ്റ്റൈലിസ്റ്റ് യൂണിയന്റെ ഭാഗമായവര്‍, ജോലി ചെയ്യാനും വിയോജിപ്പ് പ്രകടിപ്പിക്കാനും മേക്കപ്പ് മേധാവികളില്‍ നിന്നു സ്വതന്ത്രരാകാനും മേക്കപ്പ് മേധാവികളായി ജോലി ചെയ്യാനും സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷത്തിനും അതിക്രമങ്ങളും അവഹേളനങ്ങളും നേരിടാതെ ജോലി ചെയ്യുന്നതിനുമായി സംസാരിച്ചതിന്റെ പേരില്‍ സസ്പന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നു. തങ്ങളുടെ ശബ്ദമുയര്‍ത്തിയതിന് മാറ്റി നിര്‍ത്തിയിരിക്കുന്നു. 2025ലെ കമ്യൂണിസ്റ്റ് കേരളത്തിലെ വനിതാ തൊഴിലാളികളാണിവര്‍.'' ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ റിമ പറയുന്നു.