കുടുംബത്തോടെ നേരിടാം ഓട്ടിസത്തെ

Malayalilife
കുടുംബത്തോടെ നേരിടാം ഓട്ടിസത്തെ

രോ വ്യക്തിയും തന്റെ ആദ്യ ജീവിതപാഠങ്ങള്‍ പഠിച്ചു തുടങ്ങുന്നത് സ്വന്തം കുടുംബങ്ങളില്‍ നിന്നാണ്. കുടുംബമാണ് അവന്റെ ആദ്യ വിദ്യാലയം. ഓട്ടിസം ബാധിച്ച കുട്ടികള്‍ മറ്റു കുട്ടികളേക്കാള്‍ കൂടുതല്‍ സമയം വീടുകളില്‍ ചിലവഴിക്കുന്നു. എന്നാല്‍ ഈ  കുട്ടികള്‍ എല്ലാ കുടുംബങ്ങളിലും അംഗീകരിക്കപ്പെടുന്നുണ്ടോ എന്നുള്ള വസ്തുത വിലയിരുത്തേണ്ടിയിരിക്കുന്നു. ഇത്തരം കുട്ടികള്‍ പല കുടുംബങ്ങളില്‍ നിന്നും പലവിധ അവഗണനകള്‍ നേരിടുന്നുണ്ട് എന്നുള്ളത് തീര്‍ത്തും വേദനാജനകമാണ്. 

പൊതു ഇടങ്ങളില്‍ നമുക്ക് ഇത്തരം കുട്ടികളില്‍ എത്രപേരെ കാണാനാകും? ആഘോഷങ്ങളില്‍ ഓട്ടിസം ഉള്ള കുട്ടിയെ കൊണ്ടുവരാതിരിക്കാനായി അതില്‍ പങ്കെടുക്കാതെ ഇരിക്കുന്ന എത്രയോ അമ്മമാരുണ്ട്? വീട്ടില്‍ അതിഥികള്‍ വന്നാല്‍ ഒരു മുറിയിലേക്ക് ഒതുങ്ങി പോകേണ്ടി വരുന്ന എത്ര കുട്ടികളുണ്ട്?എന്തിനേറെ പറയണം സ്വന്തം കുടുംബത്തില്‍ ഇത്തരം കുട്ടികള്‍ ഉണ്ടെന്ന് പറയാന്‍ പോലും മടിക്കുന്നവര്‍ ഈ സമൂഹത്തില്‍ ഇന്നേറെയാണ്.

ശരിയായ ചികിത്സാരീതികളിലൂടെ ഓട്ടിസം ബാധിതര്‍ക്കും സമൂഹത്തില്‍ സാധാരണ ജീവിതം നയിക്കാനാകും എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. അത് തുടങ്ങേണ്ടത് കുടുംബങ്ങളില്‍ നിന്നാണ്. ഒരു ഓട്ടിസം സ്‌കൂളില്‍ അയയ്ക്കുന്നതിലൂടെയോ അവരെ പരിപാലിക്കാന്‍ ഒരാളെ നിയോഗിക്കുന്നതിലോ അവസാനിക്കുന്നില്ല കുടുംബത്തിനുള്ള ഉത്തരവാദിത്തം. അവരുടെ കൂടെ സമയം ചിലവഴിക്കുന്നത് അത്യാവശ്യ ഘടകങ്ങളിലൊന്നാണ് . സമയമാണ് ഒരു രക്ഷിതാവിനു തന്റെ കുട്ടിക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വിലയേറിയ സമ്മാനം. കൂടാതെ അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക്  അവരെ അഭിനന്ദിക്കുകയും വീണ്ടും ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരുപോലെ സന്തോഷം കണ്ടെത്താന്‍ സാധിക്കുന്നതാണ്.

മാതാപിതാക്കള്‍ ആദ്യം ചെയ്യേണ്ടത് തങ്ങളുടെ കുട്ടിയെ അംഗീകരിക്കുക എന്നതാണ്. ഓട്ടിസം എന്താണെന്നും അതിന്റെ ചികിത്സാസാധ്യതകളെയും പറ്റിയും മനസ്സിലാക്കി, കുട്ടിയെ മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്താതെ സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുക. തങ്ങളുടെ കുട്ടിയുടെ ഭാവി ജീവിതം എങ്ങനെ ആയിരിക്കും എന്ന നിഗമനത്തില്‍ എത്തിച്ചേരാതെ അവര്‍ക്ക് കൃത്യമായ ചികിത്സയും പരിശീലനവും നല്‍കുക.നമ്മുടെ പ്രതീക്ഷകള്‍ക്ക് ഒപ്പമെത്താന്‍  അവര്‍ക്കു സാധിച്ചില്ലെങ്കില്‍ നമ്മളില്‍ അത് നിരാശ ഉണ്ടാക്കാതെ വീണ്ടും പരിശ്രമിക്കുക. അവരുടെ ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ അവരെ പ്രാപ്തരാക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ക്ഷമയോടെ അതിനായി പരിശ്രമിക്കുക.

കൃത്യമായി കുട്ടിയെ സ്‌കൂളിലും തെറാപ്പികള്‍ക്കും കൊണ്ടുപോകുകയും  അധ്യപകരായും തെറാപ്പിസ്റ്റുമാരുമായും സംസാരിക്കുകയും അവരുടെ പുരോഗതി അറിയാനും ശ്രമിക്കുക. വിവിധ തെറാപ്പികളിലൂടെ അവര്‍ പഠിക്കുന്ന  ദിനചര്യകള്‍ കൃത്യമായി പാലിക്കാന്‍ അവരെ പരിശീലിപ്പിക്കേണ്ടത് വീട്ടില്‍ നിന്നാണ് . തെറാപ്പിയോടൊപ്പം വീട്ടില്‍ നിന്നുള്ള കൃത്യമായ പരിശീലനം അവരില്‍ പുതിയ കഴിവുകളും പെരുമാറ്റങ്ങളും  ഉടലെടുക്കുന്നത് എളുപ്പമാക്കുന്നു. ബിഹേവിയര്‍ തെറാപ്പിയില്‍ വീട്ടില്‍ പരിശീലിപ്പിക്കേണ്ട കാര്യങ്ങള്‍ കുട്ടികളെക്കൊണ്ട് ചെയ്യിക്കാം.


സാമ്പത്തികം,  ധാരാളം മാതാപിതാക്കളെ ഇത്തരക്കാരുടെ ചികിത്സക്കായി അലട്ടുന്നുണ്ടെന്നുള്ളത് ഒരു വസ്തുത ആണ്. ഒരുപാട് സാമ്പത്തിക ഇളവുകള്‍ നിലവിലുണ്ടെകിലും എല്ലാവരിലേക്കും സഹായങ്ങള്‍ എത്തുന്നില്ല എന്നുള്ളതാണ് വാസ്തവം. പൊതുഗതാഗത മാര്‍ഗ്ഗങ്ങള്‍ക്ക് പകരം വ്യക്തിഗത ഗതാഗതം, സ്ഥിരമായി ഒരു പരിചാരകനെ നിയമിക്കുക, കുട്ടിയെ പരിപാലിക്കുന്നതിനായി ജോലി ഉപേക്ഷിക്കേണ്ടി വരുക എന്നുള്ളവയാണ് മാതാപിതാക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ചിലത്. ആശയവിനിമയ വെല്ലുവിളികള്‍, സ്വയം പരിചരണത്തിനുള്ള സമയം കണ്ടെത്തുക എന്നുള്ളവയും മറ്റു പ്രയാസങ്ങളാണ് . എന്നാല്‍  ഒരു പരിധിവരെ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുവാന്‍ കുടുംബത്തിനകത്തു നിന്നുകൊണ്ട് തന്നെ സാധിക്കുന്നതാണ് . ഇത്തരത്തിലുള്ള  പ്രശ്‌നങ്ങളുണ്ടെങ്കിലും ഓട്ടിസം ബാധിച്ചവരെ സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുന്നത് അംഗീകരിക്കപ്പെടാനാവാത്ത പ്രവണതയാണ് .
 

കുട്ടികളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ ചികിത്സക്ക് ഒപ്പം തന്നെ പ്രധാനപ്പെട്ട  ഒന്നാണ് അവര്‍ക്ക് ആവിശ്യമായ പൊതു ഇടങ്ങള്‍ ഒരുക്കുക എന്നത്. പൊതു ഇടങ്ങളില്‍  ഇത്തരം കുട്ടികളെ കൊണ്ടുവരാന്‍ മാതാപിതാക്കള്‍ ഉത്സാഹം കാണിക്കണം. ഇത് അവരെ അവരുടെ പ്രായത്തിലെ മറ്റുകുട്ടികളോട് അടുക്കാനും ശാരീരിക പരമായ കഴിവുകള്‍ വികസിപ്പിക്കാനും സഹായിക്കും.

ആളുകളെ കാണുന്നതും തമ്മില്‍ ആശയവിനിമയം നടക്കുന്നതും കുട്ടികളില്‍ ഒറ്റക്കിരിക്കാനുള്ള പ്രവണത അകറ്റുകയും സമൂഹമായി കൂടുതല്‍ പരിജിതമാവാനും ഗുണം ചെയ്യും.
 
കുട്ടികള്‍ ഇടയ്ക്കിടെ ഹൈപ്പര്‍ ആക്റ്റീവ് ആകാന്‍ സാധ്യത ഉള്ളതിനാല്‍ ഇത്തരം സമയങ്ങളില്‍ കുടുംബാംഗങ്ങളുടെ സ്‌നേഹത്തോടെയുള്ള സമീപനം ഉറപ്പു വരുത്തേണ്ടതുണ്ട്. മറ്റുകാര്യങ്ങളിലേക്ക് അവരുടെ ശ്രദ്ധ കൊണ്ടുപോകുകയും അവരുടെ ഊര്‍ജ്ജം മറ്റുള്ള എന്തിലേക്കെങ്കിലും ഉപയോഗിക്കാനും ശ്രമിക്കുക.അവരെ ഹൈപ്പര്‍ ആക്റ്റീവ് ആക്കുന്ന ചോക്ലേറ്റ് പോലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിവതും ഒഴിവാകുവാന്‍ ശ്രമിക്കുക.

ഓട്ടിസം ബാധിച്ചവര്‍ക്ക് സമൂഹത്തില്‍ നല്ല രീതിയിലുള്ള ജീവിതം ഉറപ്പുവരുത്തേണ്ടതു നാം ഓരോരുത്തരുടേം കടമയാണ് .അവരെ ചേര്‍ത്ത് പിടിക്കാനും അവര്‍ക്ക് അവസരങ്ങള്‍ ഒരുക്കാനും കൂടെ ഒരു കുടുംബവും അതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹവുമുണ്ടെങ്കില്‍  ഓരോ കുഞ്ഞുങ്ങളും നമുക്ക് മുന്നില്‍ പാറി നടക്കും.

Read more topics: # ഓട്ടിസം
autism treatment

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES