1. പച്ചടി
2. കിച്ചടി
3. ഓലന്‍
4. കാളന്‍
5. തോരന്‍
6. എരിശ്ശേരി
7. അവിയല്‍
8. മാങ്ങാ അച്ചാര്‍
9. നാരങ്ങാ അച്ചാര്‍
10. ഇഞ്ചിക്കറി
11. പരിപ്പ്
12. സാമ്പാര്‍
13. രസം
14. പച്ചമോര്
15. പരിപ്പ് പ്രഥമന്‍
16. പാൽ പായസം
മറ്റു കൂട്ടുകൾ (വാങ്ങിക്കുക)
17. വാഴയില
18. ഉപ്പ്
19. കുത്തരി ചോറ്
20. കായ നുറുക്ക്
21. ശർക്കര വരട്ടി
22. നെയ്യ്
23. പഴം
24. പപ്പടം
25. വെള്ളം
പച്ചടി
വെണ്ടക്കയും പച്ചമുളകും കനം കുറച്ചു വട്ടത്തില്‍ അറിഞ്ഞ് വെളിച്ചെണ്ണയില്‍ നന്നായി വറുത്തു കോരുക. വറ്റല്‍മുളക്, കടുക്, കറിവേപ്പില ഇവ ബാക്കി വെളിച്ചെണ്ണയില്‍ കടുക് വറക്കുക.
തേങ്ങയും ജീരകവും നന്നായി അരച്ചതിനോടൊപ്പം കടുക് ചതച്ച് ചേര്‍ത്ത അരപ്പും ചേര്‍ത്തു ചെറുതായി തിളവരുമ്പോള്‍ വറുത്തു വച്ച വെണ്ടയ്ക്കയും ഉപ്പും ചേര്‍ക്കുക.തൈര് ചേര്‍ത്തിളക്കി നന്നായി ചൂടാക്കി വാങ്ങുക. തൈര് ചേര്‍ത്ത ശേഷം തിളക്കരുത്.
ഇതുപോലെ തന്നെ പാവയ്ക്കാ കൊണ്ടും കിച്ചടി ഉണ്ടാക്കാവുന്നതാണ്. ബീട്രൂറ്റ് ഉപയോഗിച്ചാണ് കിച്ചടി വക്കുന്നതെങ്കില്‍ ബീട്രൂടും പച്ചമുളകും വെള്ളം ചേര്‍ത്തു വേവിച്ച ശേഷം മുകളില്‍ പറഞ്ഞ അതേ രീതിയില്‍ അരപ്പും തൈരും ചേര്‍ത്ത് കടുക് താളിച്ച്് വാങ്ങുക.
കിച്ചടി
മധുരം ഉള്ള കറിയാണിത്. മാമ്പഴം, മുന്തിരിങ്ങ ഇവയില്‍ഏതെങ്കിലും ഇതിനായി ഉപയോഗിക്കുന്നു. മാമ്പഴം പച്ചമുളകും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിക്കുക. പകുതി വേവാകുമ്പോള്‍ ഇതിലേക്ക് അലപം ശര്‍ക്കര ചേര്‍ക്കുക.
തേങ്ങയും ജീരകവും നല്ലപോലെ അരച്ച് ചേര്‍ക്കുക. ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റല്‍ മുളകും ചേര്‍ത്ത് കടുക് പൊട്ടിച്ചു കരിയില്‍ ചേര്‍ത്ത് വാങ്ങാം.
ഓലന്‍
കുമ്പളങ്ങ ആണ് ഓലനിലെ പ്രധാന കഷണം. കുമ്പളങ്ങ ചെറിയ കഷണങ്ങള്‍ ആക്കി എടുക്കുക. ഒരു പിടി വന്‍പയര്‍ (ചുമന്ന പയര്‍) തലേദിവസം വെള്ളത്തിലിട്ടു കുതിര്‍ത്തതും കുമ്പളങ്ങ കഷണങ്ങളും പച്ചമുളകും കൂടെ വേവിക്കുക.
ഇതിലേക്ക് എണ്ണയും കറിവേപ്പിലയും ഇട്ടാല്‍ ഓലന്‍ ആയി. ചിലയിടങ്ങളില്‍ ഓലനില്‍ തേങ്ങാപ്പാല്‍ ചേര്‍ത്തും ഉണ്ടാക്കാറുണ്ട്.
കാളന്‍
നേന്ത്രപ്പഴം കൊണ്ടും നേന്ത്രക്കായും ചേനയും ചേര്‍ത്തും കഷണങ്ങള്‍ ഒന്നും ഇല്ലാതെയും കാളന്‍ ഉണ്ടാക്കാം. പച്ചമുളക് കഴുകി നെടുകെ പിളര്‍ന്ന് കല്‍ച്ചട്ടിയിലിട്ട് മഞ്ഞള്‍പ്പൊടിയും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക.
വെള്ളം വറ്റാറാകുമ്പോള്‍ കലക്കിയ തൈര് ഇതിലേക്കൊഴിച്ച് ചൂടാക്കുക. തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. അപ്പോള്‍സാവധാനം തൈരിന് മുകളിലേക്ക് കുറേശെ പതപോലെ പൊങ്ങിവരും. നന്നായി ഇളക്കി ഇത് വറ്റിച്ച് കുറുക്കുക.
കാളന്‍ വേണ്ടത്ര കുറുകിക്കഴിഞ്ഞാല്‍ തേങ്ങയും ജീരകവും കൂടി മിനുസമായി അരച്ചതു ചേര്‍ക്കുക. നന്നായി ഇളക്കി വക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, വറ്റല്‍ മുളക്, ഉലുവ ഇവയിട്ട് മൂപ്പിച്ച് കടുക് പൊട്ടിയാലുടന്‍ കറിയിലേക്കൊഴിക്കുക. കറിവേപ്പിലയുമിട്ട് ഉലുവാപ്പൊടി തൂകി ഇളക്കിവക്കുക. അല്‍പംകൂടി കഴിഞ്ഞ് ഉപ്പിട്ട് നന്നായി ഇളക്കി വാങ്ങാം.
തോരന്‍
പയര്‍, കാബേജ്, ബീന്‍സ്, ബീട്രൂറ്റ്, കാരറ്റ് തുടങ്ങി എന്തും തോരന് മുഖ്യ ചേരുവയാകാം.പയര്‍ തോരന്‍ പച്ച പയര്‍ ചെറുതായി അരിയുക. ചീനച്ചട്ടിയില്‍ഒരു സ്പൂണ്‍ അരി ഇട്ടു മൂക്കുമ്പോള്‍ കടുകും കറിവേപ്പിലയും ഇട്ടു പൊട്ടിക്കുക. തുടര്‍ന്ന് പയര്‍ ഇട്ട് ഇളക്കി അടച്ചു വേവിക്കുക. വെള്ളം തോര്‍ന്നു കഴിയുമ്പോള്‍ തേങ്ങയും പച്ചമുളകും ഒരുനുള്ളു ജീരകവും ഒരു വെളുത്തുള്ളി അല്ലിയും ചേര്‍ത്ത് ചതച്ചെടുത്ത മിശ്രിതം ചേര്‍ത്തിളക്കി തോര്‍ത്തി എടുക്കുക.
എരിശ്ശേരി
ചേരുവകള്‍ മത്തങ്ങ -500 ഗ്രാം വന്‍പയര്‍ -100 ഗ്രാം വെളുത്തുള്ളി -4 അല്ലി ചുവന്നുള്ളി -2 വറ്റല്‍മുളക്- 2 ജീരകം -അര ടീസ്പൂണ്‍മുളകുപൊടി ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍തേങ്ങ ചിരകിയത്- ഒരു തേങ്ങയുടേത് ഉപ്പ് -ആവശ്യത്തിന് കടുക് -ആവശ്യത്തിന് വെളിച്ചെണ്ണ -ആവശ്യത്തിന് കറിവേപ്പില -ആവശ്യത്തിന്
ആദ്യം വന്‍പയര്‍ വേവാന്‍ വയ്ക്കുക. കുക്കറില്‍വേവിക്കുന്നതാണ് എളുപ്പം. മുക്കാല്‍ വേവാകുമ്പോള്‍മത്തങ്ങയും മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് ഇവയും ചേര്‍ക്കുക. മത്തങ്ങ വെന്തുകഴിഞ്ഞാല്‍ അളവില്‍പറഞ്ഞിരിക്കുന്ന തേങ്ങയില്‍ നിന്നും കാല്‍ ഭാഗം എടുത്തു അതിനോടൊപ്പം ജീരകവും വെളുത്തുള്ളിയും നന്നായി അരച്ച് ചേര്‍ക്കുക.
ചേരുവകള്‍ നന്നായി തിളപ്പിച്ച് വാങ്ങി വയ്ക്കുക. ഇനി വെളിച്ചെണ്ണയില്‍ വറ്റല്‍മുളക്, കടുക്, ഉള്ളി, കറിവേപ്പില ഇവ കടുക് വറുത്ത ശേഷം ബാക്കി വച്ചിരിക്കുന്ന തേങ്ങയും ഇതോടൊപ്പം ചേര്‍ത്ത് വറുക്കുക. ഇളം ചുവപ്പ് നിറമായാല്‍വാങ്ങി വന്‍പയര്‍ മത്തങ്ങാ കൂട്ടില്‍ ചേര്‍ത്ത് ഇളക്കി എടുക്കുക. എരിശ്ശേരി തയ്യാര്‍.
അവിയല്‍
അവിയലില്‍ സാധാരണയായി ഒട്ടുമിക്ക എല്ലാ പച്ചക്കറികളും ഇടാറുണ്ട്. നേന്ത്രക്കായ, ചേന, പയര്‍, പടവലങ്ങ, വെള്ളരിക്ക, മുരിങ്ങക്കായ, കാരറ്റ്, പച്ചമുളക് ഇവയാണ് പ്രധാനമായും അവിയലിന് ഉപയോഗിക്കുന്ന പച്ചക്കറികള്‍. പുളിക്കുവേണ്ടി മാങ്ങയോ പുളി വെള്ളമോ തൈരോ ആണ് ഉപയോഗിക്കുന്നത്.
തേങ്ങ, ജീരകം, ചുമന്നുള്ളി എന്നിവ അരച്ചെടുക്കുക. എല്ലാ പച്ചക്കറികളും മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. മുക്കാല്‍ ഭാഗം വെന്ത കഷ്ണങ്ങളില്‍ പുളി പിഴിഞ്ഞത് (തൈര്‍) ഒഴിക്കുക. ഉപ്പ് പാകത്തിന് ആയോ എന്നുനോക്കിയ ശേഷം അരപ്പ് ചേര്‍ക്കുക.
അവിയല്‍ വാങ്ങി വെച്ചു അല്പം വെളിച്ചെണ്ണ താളിച്ച് കറിവേപ്പില വിതറി അടച്ചു വയ്ക്കുക.
മാങ്ങാ അച്ചാര്‍
ആദ്യമായി മാങ്ങ അരിഞ്ഞ് ഉപ്പ് പുരട്ടി വയ്ക്കുക. നല്ലെണ്ണയില്‍മുളകും കടുകും കറിവേപ്പിലയും ഇട്ടു പൊട്ടുമ്പോള്‍മുളകുപൊടിയും കായവും അതിലേക്കിട്ടു വാട്ടി ഉലുവാപ്പൊടി ചേര്‍ക്കുക. പിന്നീട് മാങ്ങാ ചേര്‍ത്തിളക്കി ആവശ്യമെങ്കില്‍അല്പം ഉപ്പും ചേര്‍ത്ത് വാങ്ങാം.
നാരങ്ങാ അച്ചാര്‍
നല്ലെണ്ണയില്‍ നാരങ്ങ വാഴറ്റി എടുക്കുക. വറ്റല്‍മുളക്, കടുക്, കറിവേപ്പില എന്നിവ പൊട്ടിച്ചു അതില്‍ മുളകുപൊടി, കായം, ഉലുവാപ്പൊടി എന്നിവ ചേര്‍ത്തിളക്കി ഉപ്പും വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് വാങ്ങി വച്ച ശേഷം വാട്ടി വച്ച നാരങ്ങ ചേര്‍ക്കുക. നാരങ്ങ കറി തയ്യാര്‍.
ഇഞ്ചിക്കറി
ഇഞ്ചി കനം കുറച്ചു വട്ടത്തിലരിഞ്ഞു വെളിച്ചെണ്ണയില്‍വറുത്തുപൊടിച്ചു വയ്ക്കുക. ഒരു സ്പൂണ്‍ വെളിച്ചെണ്ണയില്‍വറ്റല്‍മുളക്, കടുക്, കറിവേപ്പില എന്നിവ പൊട്ടിച്ച് പച്ചമുളകും മുളകുപൊടിയും ചേര്‍ത്ത് വഴറ്റുക.
വെള്ളത്തില്‍ പുളി പിഴിഞ്ഞ് ചേര്‍ക്കുക. ഉപ്പ് ചേര്‍ത്ത് നന്നായി തിളപ്പിക്കുക. പൊടിച്ചു വച്ച ഇഞ്ചി ചേര്‍ക്കുക. ഒരു സ്പൂണ്‍പഞ്ചസാര അല്ലെങ്കില്‍ 50 ഗ്രാം ശര്‍ക്കര ചേര്‍ത്ത് വാങ്ങുക. (ശര്‍ക്കരയാണ് ചേര്‍ക്കുന്നതെങ്കില്‍ ഉരുക്കി അരിച്ചു വേണം ചേര്‍ക്കാന്‍).
പരിപ്പ്
ആദ്യം ചെറുപയര്‍ പരിപ്പ് ചീനച്ചട്ടിയിലിട്ടു നന്നായിളക്കി ചൂടാക്കുക. പിന്നീട് വേവാനുള്ള വെള്ളം ഒഴിച്ച് മഞ്ഞള്‍പ്പൊടിയും ഉപ്പും ഒരു സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്തു നന്നായി വേവിക്കുക. വെന്ത പരിപ്പ് ഒരു തവി കൊണ്ടു നന്നായി ഉടയ്ക്കുക.
തേങ്ങ ജീരകവും വെളുത്തുള്ളിയും ചേര്‍ത്തു നന്നായി അരച്ച് അതിനോടൊപ്പം പച്ചമുളക് ചതച്ച് ചേര്‍ത്ത അരപ്പ് പരിപ്പിലേക്ക് യോജിപ്പിക്കുക. ചെറുതായി തിള വരുമ്പോള്‍ വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തു ഇളക്കി വാങ്ങുക.
സാമ്പാര്‍
പരിപ്പും പച്ചക്കറികളും (കുമ്പളങ്ങ, വെള്ളരിക്ക, പടവലങ്ങ, മുരിങ്ങക്ക, സവാള, കിഴങ്ങ്, തക്കാളി, വെണ്ടയ്ക്ക തുടങ്ങിയവ) വേവിച്ചെടുക്കുക. സാമ്പാര്‍ മസാലയും (മുളകുപൊടി, മല്ലിപ്പൊടി, കായപ്പൊടി, ഉലുവാപ്പൊടി എന്നിവ ചെറുതായി മൂപ്പിച്ച് എടുത്തത്. ചിലയിടങ്ങളില്‍ വറുത്ത തേങ്ങ അരച്ചതും ചേര്‍ക്കാറുണ്ട്) പുളി വെള്ളവും ചേര്‍ത്തു നന്നായി വേവിച്ചെടുക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു കടുകും വറ്റല്‍ മുളകും കറിവേപ്പിലയും കൂടെ ഇട്ടു കടുക് പൊട്ടിച്ചു എടുത്തു കറിയില്‍ചേര്‍ക്കുക.
പച്ചമോര്
നല്ലതു പോലെ പുളിച്ച തൈര് കട്ടയില്ലാതെ ഉടച്ചെടുക്കുക. അര ലിറ്റര്‍ തൈരിന് അര ലിറ്റര്‍ വെള്ളം എന്ന അളവില്‍ പച്ചവെള്ളം ചേര്‍ത്ത് യോജിപ്പിക്കുക. ഇതിലേക്ക് ഏഴ് പച്ചമുളക്, അഞ്ച് ചെറിയ ഉള്ളി, ഒരു വലിയ കഷണം ഇഞ്ചി എന്നിവ ചതച്ചു ചേര്‍ക്കുക. ഇതിലേക്ക് ഒരു തണ്ട് കറിവേപ്പില കൈകൊണ്ട് തിരുമ്മി ഇടുക.
രസം
ഒരു ചെറുനെല്ലിക്കാ വലുപ്പത്തില്‍ പുളി വെള്ളത്തിലിട്ട് 15 മിനിട്ട് കുതിര്‍ക്കാന്‍ വയ്ക്കുക. ശേഷം പുളി പിഴിഞ്ഞ് വെള്ളം മാറ്റി വയ്ക്കുക. ചെറിയ മണ്‍ ചട്ടി ചൂടാകുമ്പോള്‍ രണ്ടു സ്പൂണ്‍എണ്ണയൊഴിച്ച് ചൂടാക്കുക.
എണ്ണ ചൂടാകുമ്പോള്‍ കടുക്, ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത്, കറിവേപ്പില, വറ്റല്‍മുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. ശേഷം 2 ഉള്ളി, വെളുത്തുള്ളി, കുരുമുളക് ഇവ നന്നായി ചതച്ചെടുക്കുക. ശേഷം ചതച്ചുവച്ചിരിക്കുന്ന കൂട്ട് ഇതിലേക്കിട്ട് പച്ചമണം മാറുന്നതു വരെ വഴറ്റുക.
ഇനി അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ഇതിലേക്കിട്ട് വഴറ്റുക. തക്കാളി നന്നായി വഴറ്റിക്കഴിയുമ്പോള്‍ മഞ്ഞള്‍ പൊടി, മുളകു പൊടി, മല്ലിപ്പൊടി, ഉലുവാപ്പൊടി എന്നിവ ചേര്‍ത്ത് പച്ചമണം മാറുമ്പോള്‍ നേരത്തേ തയ്യാറാക്കി വച്ചിരിക്കുന്ന പുളിവെള്ളം ചേര്‍ക്കാം.
ഇനി ആവശ്യത്തിന് ഉപ്പും കാല്‍ ടീസ്പൂണ്‍ കായപ്പൊടിയും ചേര്‍ത്ത് വഴറ്റണം. അതിലേക്ക് അര ലിറ്റര്‍ വെള്ളവും ചേര്‍ത്ത് മൂടിവയ്ക്കാം. തിള വന്നു കഴിഞ്ഞാല്‍ വാങ്ങാം.
പരിപ്പ് പ്രഥമന്‍
ചേരുവകള്‍ ചെറുപയര്‍ പരിപ്പ് -250 ഗ്രാം ശര്‍ക്കര -500 ഗ്രാം നെയ്യ് -100 ഗ്രാം അണ്ടിപ്പരിപ്പ് -50 ഗ്രാം കിസ്മിസ് -25 ഗ്രാം ഏലക്കാപ്പൊടി -5 ഗ്രാം ചുക്കുപൊടി -5 ഗ്രാം തേങ്ങ -2 ഉണങ്ങിയ തേങ്ങ -1
തയ്യാറാക്കുന്ന വിധം പരിപ്പ് കഴുകി വറുത്ത ശേഷം നന്നായി വേവിക്കുക. കുക്കറില്‍ വേവിക്കുന്നതാണ് എളുപ്പം. ഇതിലേക്ക് ശര്‍ക്കര ഉരുക്കിയരിച്ചത് ചേര്‍ത്തു വെള്ളം നന്നായി വറ്റുമ്പോള്‍പകുതി നെയ്യൊഴിച്ച് വരട്ടുക. തേങ്ങാ ചിരകി ഒന്നാംപാല്‍ മാറ്റി വയ്ക്കുക.
6 കപ്പ് വെള്ളത്തില്‍ രണ്ടാം പാല്‍ പിഴിഞ്ഞ് വരട്ടിയെടുത്ത പരിപ്പിലേക്ക് ചേര്‍ത്തു നന്നായിളക്കി യോജിപ്പിക്കുക. വെള്ളം വറ്റി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തു ഏലക്കാപ്പൊടി ചുക്കുപൊടി എന്നിവ ചേര്‍ത്തു നന്നായി ചൂടാക്കി വാങ്ങുക.
ചെരുതായി അരിഞ്ഞ കൊട്ടത്തേങ്ങ, അണ്ടിപ്പരിപ്പ്, കിസ്മിസ് ഇവ ബാക്കിയുള്ള നെയ്യില്‍ വറുത്തു ചേര്‍ക്കുക. പരിപ്പ് പ്രഥമന്‍തയ്യാര്‍.
പാൽ പായസം
പുഴുകലരി 1 കപ്പ് പാൽ 4 കപ്പ് വെള്ളം 3 കപ്പ് പഞ്ചസാര 1 കപ്പ്
അരി നന്നായി കഴുകി വേവിക്കുക പാതി വേവിനു 2 കപ്പു പാലു ചേർത്തു വേവിക്കുക നന്നായി വെന്താൽ അതിൽ ബാക്കി പാലു ഒഴിച് വേവിക്കുക പഞ്ചസാര ചേർക്കുക. നെയ്യിൽ കദലിപഴ്ം വഴയ്റ്റി ചേർകുക അൽപം ഏലക്ക ചേർക്കുക രുചി കരമായ പായസം തയ്യാർ