Latest News

ഉണ്ടയും തല്ലുമാലയും അനുരാഗ കരിക്കിന്‍ വെള്ളവും ലൗവും ഒരുക്കിയ ഖാലിദ് റഹ്‌മാന്‍; നൂറു കോടി ക്ലബ്ബിലേക്ക് കുതിക്കുന്ന ആലപ്പുഴ ജിംഖാന; തമാശയും ഭീമന്റെ വഴിയും സംവിധാനം ചെയ്ത അഷ്‌റഫ് ഹംസ; നിര്‍ണ്ണായക നീക്കത്തില്‍ സംവിധായകരില്‍ നിന്നും കണ്ടെത്തിയത് ഹൈബ്രിഡ് കഞ്ചാവ്; രണ്ട് പ്രമുഖ സിനിമാക്കാരും കൂട്ടാളിയും അറസ്റ്റില്‍

Malayalilife
ഉണ്ടയും തല്ലുമാലയും അനുരാഗ കരിക്കിന്‍ വെള്ളവും ലൗവും ഒരുക്കിയ ഖാലിദ് റഹ്‌മാന്‍; നൂറു കോടി ക്ലബ്ബിലേക്ക് കുതിക്കുന്ന ആലപ്പുഴ ജിംഖാന; തമാശയും ഭീമന്റെ വഴിയും സംവിധാനം ചെയ്ത അഷ്‌റഫ് ഹംസ; നിര്‍ണ്ണായക നീക്കത്തില്‍ സംവിധായകരില്‍ നിന്നും കണ്ടെത്തിയത് ഹൈബ്രിഡ് കഞ്ചാവ്; രണ്ട് പ്രമുഖ സിനിമാക്കാരും കൂട്ടാളിയും അറസ്റ്റില്‍

കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ മലയാള സിനിമ സംവിധായകരടക്കം മൂന്നു പേര്‍ എക്സൈസിന്റെ പിടിയിലാകുമ്പോള്‍ വെട്ടിലാകുന്നത് സിനിമയിലെ മട്ടാഞ്ചേരി മാഫിയ. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദുമാണ് അറസ്റ്റിലായത്. എക്സൈസ് സ്പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് ഇവര്‍ കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്ന് പുലര്‍ച്ചെ പിടിയിലായത്. 

മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടു. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം ഫ്ലാറ്റില്‍ പരിശോധന നടത്തുകയായിരുന്നു. ചെറിയ അളവിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ജാമ്യം നല്‍കാവുന്ന കുറ്റം മാത്രമേ ചുമത്താന്‍ കഴിയുമായിരുന്നുള്ളൂ. മലയാളത്തിലെ ഹിറ്റ് സിനിമകള്‍ക്ക് പിന്നിലെ അണിയറ പ്രവര്‍ത്തകരാണ് അറസ്റ്റിലാകുന്നത്. ഷൈന്‍ ടോം ചാക്കോയുടെ കേസിന് ശേഷമാണ് ഇതും സംഭവിക്കുന്നത്. സിനിമയിലെ ലഹരിക്കാരെ കണ്ടെത്താന്‍ എക്സൈസ് സജീവ നീക്കങ്ങളിലാണ്. ഇതാണ് ഈ അറസ്റ്റിലും തെളിയുന്നത്. ഛായാഗ്രാഹകന്‍ സമീര്‍ താഹയുടേതാണ് ഫ്ളാറ്റ്. 

കഞ്ചാവ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരെയും പിടികൂടിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്തിടെ ഇറങ്ങിയ ആലപ്പുഴ ജിംഖാനയടക്കം ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്‌മാന്‍. തമാശ, ഭീമന്റെ വഴി എന്നി സിനിമയുടെ സംവിധായകനാണ് അഷറ്ഫ് ഹംസ. തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചിയതാവ് കൂടിയാണ് അഷ്റഫ് ഹംസ. ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിന്‍ വെള്ളം, ലൗവ് തുടങ്ങിയ സിനിമയും ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്തിട്ടുണ്ട്. തല്ലുമാലയടക്കമുള്ള ഖാലിദ് റഹ്‌മാന്റെ സിനിമകള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു. വന്‍ വിജയമായ മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷവും ഖാലിദ് റഹ്‌മാന്‍ ചെയ്തിട്ടുണ്ട്. 

മലയാള സിനിമയിലെ ലഹരി വസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട എക്സൈസിന്റെ നടപടി പ്രമുഖരിലേക്ക് നീളുന്നുവെന്നാണ് ഇത് വ്യക്തമാകുന്നത്. ഇവര്‍ക്ക് കഞ്ചാവ് എവിടെ നിന്ന് കിട്ടിയെന്ന് കണ്ടെത്താനും എക്സൈസ് ശ്രമിക്കും. ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നാണ് ഇരുവരും പിടിയിലായത്. പിടിയിലായ സംവിധായകര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. പരിശോധന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലെന്നും കെ.പി.പ്രമോദ് വ്യക്തമാക്കി. ലഹരി ഉപയോഗിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലാത്. ഫ്ലാറ്റില്‍ നിന്ന് പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തു വന്നു. മലയാള സിനിമയെ ഈ സംഭവം കൂടുതല്‍ വെട്ടിലാകും. സിനിമാക്കാര്‍ക്ക് കഞ്ചാവ് നല്‍കുന്ന തസ്ലീമാ സുല്‍ത്താനെ എക്സൈസ് അറസ്റ്റു ചെയ്തിരുന്നു. ഇവരില്‍ നിന്ന് പല നിര്‍ണ്ണായക വിവരങ്ങളും എക്സൈസിന് കിട്ടി. 

അതിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണവും റെയ്ഡും നിര്‍ണ്ണായകമാക്കിയത്. നേരത്തെ തിരുവനന്തപുരത്തെ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനില്‍ ജോലി ചെയ്തിരുന്നവരുടെ മുറിയില്‍ നിന്നും എക്സൈസ് കഞ്ചാവ് പിടിച്ചെടുത്തിരുന്നു. അവിടേയും ചെറിയ അളവില്‍ മാത്രമാണ് കഞ്ചാവ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അറസ്റ്റിലായ ഒരാള്‍ക്ക് ഉടന്‍ ജാമ്യം കിട്ടി. ഇത് തന്നെയാണ് കൊച്ചിയിലെ സംവിധായക പ്രതിഭകള്‍ക്കും ജാമ്യത്തിന് വഴിയൊരുക്കിയത്. അടുത്ത ദിവസം ഷൈന്‍ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയേയും അടക്കം എക്സൈസ് കഞ്ചാവ് കേസില്‍ ചോദ്യം ചെയ്യുന്നുണ്ട്. തസ്ലീമയുമായുള്ള ബന്ധമാണ് ഇതിന് കാരണം. തസ്ലീമയുടെ ഫോണില്‍ ഇവരുമായുള്ള ആശയ വിനിമയ തെളിവുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ഈ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാണ്. 

അറസ്റ്റിലായ രണ്ടു സിനിമാക്കാരും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുമായി വലിയ അടുപ്പം പുലര്‍ത്തുന്നവരല്ല. ഈ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ സംഘടന എന്തു നടപടി എടുക്കുമെന്നതും നിര്‍ണ്ണായകമാണ്. മട്ടാഞ്ചേരി മാഫിയും സിനിമയിലെ മയക്കുമരുന്ന് ഉപയോഗവും കുറേ നാളുകളായി ചര്‍ച്ചകളിലുണ്ട്. ഇപ്പോഴാണ് ഈ കൂട്ടായ്മയ്ക്കെതിരെ എക്സൈസും പോലീസുമെല്ലാം നടപടികളിലേക്ക് കടക്കുന്നത്. നേരത്തെ താന്‍ മയക്കു മരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ഷൈന്‍ ടോം ചാക്കോ പോലീസിനോട് സമ്മതിച്ചിരുന്നു. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്സൈസ് നോട്ടീസ് അയച്ച ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ ചോദ്യം ചെയ്യലിന് എക്സൈസിന് മുമ്പില്‍ ഹാജരാകണം. നടന്മാരായ ശ്രീനാഥ് ഭാസി ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്ക് പുറമെ ഒരു നിര്‍മാതാവ്, കൊച്ചിയിലെ മോഡല്‍ ആയ യുവതി, മുന്‍ ബിഗ് ബോസ് താരം എന്നിവര്‍ക്കും എക്സൈസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. 

തസ്ലിമ ഇവരുമായി ലഹരി ഇടപാട് നടത്തിയതിന്റെ കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെങ്കിലും പലതവണ സാമ്പത്തിക ഇടപാട് നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് എന്തിനു വേണ്ടിയാണെന്നതില്‍ വ്യക്തത വരുത്താനാണ് ഇവരെ വിളിച്ചു വരുത്തുന്നത്. ലഹരി ഇടപാടുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നും പരിശോധിക്കും. കസ്റ്റഡിയില്‍ വാങ്ങിയ മൂന്ന് പ്രതികളെയും ഒരുമിച്ചും ഒറ്റക്കിരുത്തിയും അന്വേഷണസംഘം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ പൂര്‍ണമായും സഹകരിച്ചില്ലെങ്കിലും ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞെന്നാണ് അന്വേഷണം സംഘം വിലയിരുത്തുന്നത്. ഇതിനിടെയാണ് രണ്ട് പ്രമുഖര്‍ കൂടി എക്സൈസിന്റെ പിടിയിലായത്. 

എറണാകുളത്ത് തസ്ലീമ താമസിച്ച രണ്ട് ഹോട്ടലുകളിലും സുഹൃത്തിന്റെ ഫ്ലാറ്റിലും എത്തിച്ച് തെളിവെടുപ്പും എക്സൈസ് പൂര്‍ത്തിയാക്കിയിരുന്നു. തസ്ലിമയുടെ പെണ്‍വാണിഭ ഇടപാടുകളെക്കുറിച്ചും ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലിയുടെ രാജ്യന്തര സ്വര്‍ണക്കടത്തിനെ കുറിച്ചും എക്സൈസിന് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതു പൊലീസിന് കൈമാറാനാണ് ആലോചന. ആലപ്പുഴയിലേക്ക് കൊണ്ടുവന്ന രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് ഈ മാസം ഒന്നാം തീയതിയാണ് എക്സൈസ് പിടികൂടിയത്.


 

directors arrested with hybrid cannabis

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES