തരുണ്‍ മൂര്‍ത്തി- മോഹന്‍ലാല്‍ ചിത്രം തുടരും തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ റിലീസിന് പിന്നാലെ ഇതുവരെ പറയാതിരുന്ന ഒരു കാര്യം പങ്കുവെയ്ക്കുകയാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ശോഭന.
ചിത്രത്തില്‍ ത്രില്ലര്‍ ഘടകങ്ങള്‍ കൂടിയുണ്ട് എന്നതാണ് അത്. ഒപ്പം ചിത്രം നേടിയ വന്‍ പ്രതികരണത്തിലെ സന്തോഷം കൂടി അവര്‍ പങ്കുവെക്കുന്നു- ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ 38,000 ടിക്കറ്റുകള്‍ വിറ്റിരിക്കുന്നു തുടരും എന്ന ചിത്രം. വളരെ സന്തോഷം. ടീമിലെ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.
ലാല്‍ സാറിന്റെ പെര്‍ഫോമന്‍സ് കണ്ട് ഞാന്‍ തന്നെ സ്തംഭിച്ചുപോയി. കൂടുതല്‍ സ്പോയിലറുകള്‍ ഞാന്‍ പറയുന്നില്ല. സംവിധായകന്‍ തരുണ്‍ മൂര്‍ത്തിക്കും നിര്‍മ്മാതാവ് രഞ്ജിത്തിനും അഭിനന്ദനങ്ങള്‍. എല്ലാവര്‍ക്കും നന്ദി. എല്ലാവരും കാണുക. ഇത് നല്ലൊരു ഫാമിലി ഡ്രാമയാണ്. ത്രില്ലറും കൂടിയാണ്. ചിത്രം വേഗത്തില്‍ തന്നെ എല്ലാവരും കാണുമെന്ന് വിശ്വസിക്കുന്നു. നന്ദി, ശോഭന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെ പറഞ്ഞു
നീണ്ട 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശോഭന- മോഹന്‍ലാല്‍ കോമ്പോയില്‍ ഒരു ചിത്രം എത്തുന്നത്. പ്രകാശ് വര്‍മ്മ, ബിനു പപ്പു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് തുടരും നിര്‍മ്മിച്ചിരിക്കുന്നത്. ജേക്സ് ബിജോയ്യുടേതാണ് സംഗീതം. ഷാജി കുമാര്‍ ആണ് ഛായാഗ്രാഹകന്‍.