പല നാടുകളില്‍ പല പേരുകളില്‍ അറിയപ്പെടുന്ന നത്തോലി,കൊഴുവ,ചൂട എന്നിങ്ങനെ ഉള്ള കുഞ്ഞന്‍മീനാണ് മീന്‍പീരയിലെ താരം. തേങ്ങയും കൊടംപുളിയും പച്ചമുളകും വെളിച്ചെണ്ണയും കൂട്ടിനെത്തുമ്പോള്‍ മീന്‍പീര. ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകള്‍
നത്തോലി, കൊഴുവ, ചൂട
പച്ചമുളക് - 8 എണ്ണം
തേങ്ങ - അരമുറി
വെളുത്തുള്ളി - 5 എണ്ണം
ഇഞ്ചി - ഒരു ചെറിയ കഷ്ണം
ചുവന്നുള്ളി - 10 എണ്ണം
കറിവേപ്പില - 2-3 കഷ്ണങ്ങള്‍
കൊടംപുളി
വെളിച്ചെണ്ണ.
മഞ്ഞള്‍പ്പൊടി
ഉപ്പ്
തയ്യാറാക്കുന്ന വിധം
മണ്‍ചട്ടിയില്‍ തയ്യാറാക്കുന്ന മീന്‍പീരയ്ക്ക് രുചിയേറും എന്നതിനാല്‍ മണ്‍ചട്ടിയില്‍ തയ്യാറാക്കുന്നതാണ് ഉചിതം. അടുപ്പില്‍ മണ്‍ചട്ടി വെച്ച് അല്‍പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അരമുറി തേങ്ങ ചിരകിയത്, പച്ചമുളക് നെടുകെ കീറി ചെറിയ കഷ്ണങ്ങളാക്കിയത്, വെളുത്തുള്ളി, ചുവന്നുള്ളി,ഇഞ്ചി ഇവയോരോന്നും ചതച്ചെടുത്തത്, കൊടംപുളി, കറിവേപ്പില, ആവശ്യത്തിന് മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ഒരു പാത്രത്തില്‍ ഒരുമിച്ചെടുത്ത് കൈ കൊണ്ട് നല്ലവണ്ണം കുഴച്ച് യോജിപ്പിക്കുക. ശേഷം ചൂടായ എണ്ണയിലേക്ക് ഈ കൂട്ട് ചേര്‍ക്കുക. കൂട്ട് ചൂടായ ശേഷം വൃത്തിയാക്കി വെച്ചിരിക്കുന്ന മീന്‍ ചേര്‍ക്കുക. നല്ലവണ്ണം ഇളക്കിയ ശേഷം അടച്ചുവെക്കുക. അഞ്ച് മിനിറ്റിനു ശേഷം രണ്ട് ടീസ്പൂണ്‍ പച്ചവെളിച്ചെണ്ണ ചേര്‍ക്കുക, തവി കൊണ്ട് ഇളക്കിയോജിപ്പിച്ച ശേഷം കുറച്ചു നേരം കൂടി ആവിയില്‍ വേവിക്കുക.