ആവശ്യമുള്ള സാധനങ്ങള്‍
ബീറ്റ്റൂട്ട് - രണ്ട്
ഉരുളക്കിഴങ്ങ് - മൂന്ന്
ക്യാരറ്റ് - ഒന്ന്
സവാള:- ഒന്ന്
പച്ചമുളക് - മൂന്ന്
ഇഞ്ചി - ഒരു കഷണം
വെളുത്തുള്ളി - മൂന്ന് അല്ലി
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
വെള്ളം - ഒന്നര കപ്പ്
എണ്ണ - മൂന്ന് ടീസ്പൂണ്‍
കടുക് - അര ടീസ്പൂണ്‍
ഉഴുന്നുപരിപ്പ് - കാല്‍ ടീസ്പൂണ്‍
കറിവേപ്പില - ഒരു തണ്ട്
ദോശമാവ് - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
കഴുകി വച്ചിരിക്കുന്ന ബീറ്റ്റൂട്ടും ക്യാരറ്റും കിഴങ്ങും പ്രഷര്‍ കുക്കറില്‍ മൂന്ന് വിസില്‍ കേള്‍ക്കുംവരെ വേവിക്കുക. ചൂടാറിയശേഷം തൊലി കളഞ്ഞ് നന്നായി ഉടച്ചു മാറ്റിവയ്ക്കാം. ഈ നേരം എണ്ണയില്‍ കടുകും ഉഴുന്നുപരിപ്പും കറിവേപ്പിലയും താളിക്കാം. ഒന്ന് ഇളക്കിയശേഷം പൊടിയായി അരിഞ്ഞ സവാളയും പച്ചമുളകും ഇതിലേക്ക് ചേര്‍ത്ത് വഴന്നുവരുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും മൂപ്പിക്കാം. ഉടച്ചുവച്ചിരിക്കുന്ന പച്ചക്കറിക്കൂട്ടും മഞ്ഞള്‍പ്പൊടിയും ഉപ്പും വെള്ളവും കൂടി ചേര്‍ത്ത് മസാലയുടെ പരുവം ആകുംവരെ വേവിക്കാം.
ചൂടായ തവയില്‍ എണ്ണ തടവി മാവൊഴിച്ച് പരമാവധി കനം കുറച്ച് തവികൊണ്ട് വട്ടത്തില്‍ പരത്തുക. ഒരു വശം വേകുമ്പോള്‍ പുറമേ എണ്ണ തടവി , തയ്യാറാക്കിയ മസാലക്കൂട്ടില്‍ നിന്ന് ഒരു സ്പൂണ്‍ ദോശയുടെ ഉള്ളില്‍ വച്ച് ത്രികോണാകൃതിയില്‍ മടക്കുക. ഇന്ത്യന്‍ കോഫി ഹൗസ് സ്പെഷ്യല്‍ മസാല ദോശ തയ്യാര്‍.