സോഷ്യല്‍ മീഡിയയിലൂടെ തുടര്‍ച്ചയായി വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ നിയമനടപടിയുമായി ബിഗ് ബോസ് മലയാളം സീസണ്‍ 7 റണ്ണറപ്പ് അനീഷ്. മാന്യമായി ജീവിക്കാനുള്ള അവകാശത്തെപ്പോലും ചോദ്യം ചെയ്യുന്ന രീതിയില്‍ ചില പ്രൊഫൈലുകളില്‍ നിന്ന് മോശം കമന്റുകള്‍ വരുന്നുണ്ടെന്നും ഇതിന് പിന്നില്‍ കൃത്യമായ അജണ്ടകളുണ്ടോ എന്ന് പരിശോധിക്കുമെന്നും അനീഷ് വ്യക്തമാക്കി.
സൈബര്‍ ഇടങ്ങളില്‍ എന്തും എഴുതിപ്പിടിപ്പിക്കാമെന്ന 'സൈക്കോ' മാനസികാവസ്ഥയുള്ളവര്‍ക്ക് നിയമത്തിലൂടെ തന്നെ മറുപടി നല്‍കുമെന്ന് അനീഷ് പറഞ്ഞു. മോശം കമന്റുകള്‍ പോസ്റ്റ് ചെയ്ത പ്രൊഫൈലുകള്‍ കണ്ടെത്തിയിട്ടുണ്ട്. തനിക്കെതിരെ നടക്കുന്ന ഈ ആക്രമണം കേവലം വ്യക്തിവൈരാഗ്യം കൊണ്ടാണോ അതോ മറ്റാര്‍ക്കെങ്കിലും വേണ്ടിയുള്ള പിആര്‍ വര്‍ക്കിന്റെ ഭാഗമാണോ എന്ന് അറിയേണ്ടതുണ്ടെന്നും അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ കുറിപ്പില്‍ വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ ചെയ്യുന്ന ഓരോ കാര്യത്തിനും നിങ്ങള്‍ തന്നെ ഉത്തരവാദിത്തം പറയേണ്ടി വരും. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് നിയമത്തിന് മുന്നില്‍ തെളിയട്ടെയെന്നും അനീഷ് പറഞ്ഞു. ബിഗ് ബോസ് ഏഴാം സീസണിലെ ഏറ്റവും കരുത്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു അനീഷ്. ഷോയില്‍ സഹമത്സരാര്‍ത്ഥിയായിരുന്ന അനുമോളോട് അനീഷ് വിവാഹാഭ്യര്‍ത്ഥന നടത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. അന്ന് അനുമോള്‍ അത് നിരസിച്ചിരുന്നെങ്കിലും ഷോയ്ക്ക് പുറത്തും ഇരുവരെയും ചേര്‍ത്തുള്ള സൈബര്‍ ചര്‍ച്ചകള്‍ അവസാനിച്ചിരുന്നില്ല. ഇതിനിടെയാണ് തനിക്കെതിരെ നടക്കുന്ന സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി താരം രംഗത്തെത്തിയിരിക്കുന്നത്.