അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് പ്രണയം സ്ഥിരീകരിച്ച് ചലച്ചിത്രതാരങ്ങളായ രശ്മികാ മന്ദാനയും വിജയ് ദേവരകൊണ്ടയും.ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇരുവരും തങ്ങളുടെ പ്രണയം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും വിവാഹിതരാകാന്‍ പോകുകയാണെന്ന് അറിയിക്കുകയും ചെയ്തത്.തങ്ങളുടെ വിവാഹത്തിന് ആരാധകര്‍ സ്നേഹത്തോടെ നല്‍കിയ പേര് സ്വീകരിക്കുന്നതായും ഇരുവരും പറഞ്ഞു. 'വിരോഷിന്റെ വിവാഹം' എന്നാണ് താരങ്ങളുടെ വിവാഹത്തിന്റെ പേര്.
ഞങ്ങളുടെ പ്രിയപ്പെട്ടവരേ, ഞങ്ങള്‍ എന്തെങ്കിലും പ്ലാന്‍ ചെയ്യുന്നതിന് മുന്‍പേ, ഞങ്ങള്‍ എന്തെങ്കിലും തെരഞ്ഞെടുക്കുന്നതിന് മുന്‍പേ നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടു. ഒരുപാട് സ്നേഹത്തോടെ നിങ്ങള്‍ ഞങ്ങള്‍ക്ക് പേരിട്ടു. ഞങ്ങളെ വിരോഷ് എന്ന് വിളിച്ചു. ഇന്ന് നിറഞ്ഞ ഹൃദയത്തോടെ, ഞങ്ങളുടെ ഈ കൂടിച്ചേരലിനെ വിരോഷിന്റെ വിവാഹം എന്നു വിളിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ നല്‍കിയ സ്നേഹത്തിനുള്ള ആദരവാണിത്. എന്നും സ്നേഹത്തോടെ ചേര്‍ത്തുപിടിക്കുന്നതിന് ഒരുപാട് നന്ദി. നിങ്ങള്‍ എന്നെന്നും ഞങ്ങളുടെ ഭാഗമായിരിക്കും, നിറഞ്ഞ സ്‌നേഹം' എന്നാണ് ഇരുവരും കുറിച്ചത്.
വിവാഹ തിയ്യതിയോ എവിടെ വച്ചാണ് വിവാഹിതരാകുന്നതെന്നോ ഈ കുറിപ്പില്‍ പറയുന്നില്ല. ഫെബ്രുവരി 26നാണ് ഇരുവരുടെയും വിവാഹം എന്നാണ് റിപ്പോര്‍ട്ട്. ഉദയ്പൂരില്‍ നടക്കുന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. മാര്‍ച്ച് നാലിന് ഹൈദരാബാദില്‍ വച്ചുള്ള റിസപ്ഷനില്‍ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ പങ്കെടുക്കും എന്നാണ് വിവരം. വിജയ് ദേവരക്കൊണ്ടയുടേതെന്ന പേരിലുള്ള ക്ഷണക്കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ആദ്യമായി 2018ലാണ് ഒന്നിച്ച് അഭിനയിക്കുന്നത്. ഗീത ഗോവിന്ദം എന്ന ചിത്രത്തിലെ ഇവരുടെ കെമിസ്ട്രി ഏറെ ശ്രദ്ധ നേടുകയും ചിത്രം വന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു.
ശേഷം 2019-ല്‍ ഡിയര്‍ കോമ്രേഡിനായി ഇരുവരും വീണ്ടും ഒന്നിച്ചു. പിന്നാലെ താരങ്ങള്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും പരന്നു. പല പരിപാടികളിലും ഇരുവരും ഒന്നിച്ചെത്തിയതും മറ്റും ചര്‍ച്ചകള്‍ക്ക് കാരണമായി. എന്നാല്‍ പ്രണയത്തിലാണോ എന്ന ചോദ്യത്തില്‍ നിന്ന് പലപ്പോഴും ഇരുവരും ഒഴിഞ്ഞു മാറിയെങ്കിലും വിവാഹിതരാവാന്‍ പോവുകയാണെന്ന് ഇരുവരും സ്ഥിരീകരിച്ചിരിക്കുകയാണ്.
അതേസമയം വര്‍ഷങ്ങള്‍ക്കു മുന്‍പ് കന്നഡ നടന്‍ രക്ഷിത് ഷെട്ടിയുമായി രശ്മികയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. പിന്നീട് ഈ വിവാഹം വേണ്ടെന്നുവെച്ചു.