കണവയുടെ തലഭാഗം ശ്രദ്ധയോടെ പുറത്തേക്കു വലിച്ചു ശരീരവുമായി വേര്‍പെടുത്തണം. പിന്നീട് രണ്ടു കണ്ണുകളും ഒഴിവാക്കി അതിന്റെ കൈകള്‍ പോലുള്ള ഭാഗം മുറിച്ചു മാറ്റാം. ഈ കൈകള്‍ക്കിടയിലായി ഉരുണ്ടു എല്ലുപോലെ ഒരു വസ്തുവുണ്ട്, ചെറുതായി ഒന്ന് ഞെക്കിയാല്‍ അത് പുറത്തേക്കു തള്ളി വരും. ഇത് ഭക്ഷണ യോഗ്യമല്ലാത്തതിനാല്‍ നീക്കം ചെയ്യേണ്ടതുണ്ട്.
ഇതിന്റെ കൈകള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് കാണാം, മറ്റുള്ളവയെ അപേക്ഷിച്ചു രണ്ടെണ്ണത്തിന് നീളം കൂടുതലാണ്. രണ്ടും കട്ട് ചെയ്തു കളയാം. ബാക്കി വരുന്ന കൈകള്‍ ഭക്ഷണ യോഗ്യമാണ്. ഇനി കോണ്‍ ആകൃതിയിലുള്ള ശരീരഭാഗത്തിന് അകത്തു നിന്ന് അതിന്റെ cartilage അഥവാ തരുണാസ്ഥി അടക്കം അകത്തുള്ള എല്ലാം ശ്രദ്ധയോടെ പുറത്തേക്ക് വലിച്ചെടുത്തു കളയാം. അകം പൂര്‍ണമായും വൃത്തിയായി കഴിഞ്ഞാല്‍ പുറമെ കാണുന്ന തൊലി ഉരിഞ്ഞു മാറ്റണം. ഇത്രയുമായാല്‍ കണവ പൂര്‍ണമായും വൃത്തിയായി.
ചേരുവകള്‍:
കണവ വട്ടത്തില്‍ അരിഞ്ഞത് - 500 ഗ്രാം
സവാള - 2 എണ്ണം (കനം കുറച്ചു അരിഞ്ഞത്)
ഇഞ്ചി ചതച്ചത് - ഒന്നര ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി ചതച്ചത് - ഒന്നര ടേബിള്‍സ്പൂണ്‍
തക്കാളി -1 ചെറുത്
പച്ചമുളക് - 2 എണ്ണം
മുളക് പൊടി - ഒന്നര ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - കാല്‍ ടീസ്പൂണ്‍
കുരുമുളക് പൊടി - അര ടീസ്പൂണ്‍
മല്ലിപ്പൊടി - 1 ടേബിള്‍സ്പൂണ്‍
പെരുംജീരകം പൊടി - അര ടീസ്പൂണ്‍
ഗരം മസാല - കാല്‍ ടീസ്പൂണ്‍
കറി വേപ്പില- ആവശ്യത്തിന്
ഉപ്പു - ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
അടി കട്ടിയുള്ള ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത്, പച്ചമുളക്, കറി വേപ്പില, സവാള എന്നിവ ചേര്‍ത്ത് നല്ലപോലെ വഴറ്റണം. സവാള നല്ലപോലെ വഴണ്ട് ഗോള്‍ഡന്‍ നിറം ആകുമ്പോള്‍ തീ കുറച്ചു വച്ച ശേഷം മസാല പൊടികള്‍ എല്ലാം ചേര്‍ക്കാം. മഞ്ഞള്‍പൊടി, മുളക്‌പൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി, പെരുംജീരകം പൊടി , ഗരം മസാല എന്നിവ ചേര്‍ത്ത് ഇതിന്റെ പച്ചമണം മാറും വരെ കൈ എടുക്കാതെ ഇളക്കണം. മസാല പൊടികളുടെ പച്ചമണം മാറി വരുമ്പോ തക്കാളി ചെറുതായ് അരിഞ്ഞത് ചേര്‍ത്ത് നല്ല പോലെ ഇളക്കാം. തക്കാളി വെന്തു ഉടഞ്ഞു എണ്ണ തെളിഞ്ഞു വരുമ്പോള്‍ അരിഞ്ഞു വച്ച കണവ ചേര്‍ത്ത് കൊടുക്കാം. ആവശ്യത്തിന് ഉപ്പു ചേര്‍ക്കാം. തീ കുറച്ചു 10 മിനിട്ടു ചട്ടി മൂടി വച്ച് വേവിക്കണം. ഇടയ്ക്കു അടപ്പു തുറന്നു ഇളക്കി കൊടുക്കാന്‍ മറക്കരുത്. തുടര്‍ന്ന് 5 മിനിറ്റ് അടപ്പു തുറന്നു വച്ച് വേവിക്കാം. നല്ല പോലെ ഇളക്കി കൂടുതലുള്ള വെള്ളം വറ്റിച്ചെടുക്കാം. കണവയിലെ വെള്ളം വറ്റി നല്ലപോലെ മസാല പിടിച്ചു വന്നു കഴിഞ്ഞാല്‍ അല്‍പ്പം കറി വേപ്പില കൂടി ചേര്‍ത്ത് വാങ്ങാം