സ്‌ക്രീനിലെ പ്രകടനത്തിലും ഉപരിയായി സോഷ്യല്‍ മീഡിയ ഇടപെടലുകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ യുവ താരമാണ് മീനാക്ഷി അനൂപ്. ഇപ്പോഴിതാ താരം എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദിനെക്കുറിച്ച് നടത്തിയ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കക്ഷിരാഷ്ട്രീയത്തിനപ്പുറം കാര്യങ്ങള്‍ കൃത്യമായി അവതരിപ്പിക്കുന്ന നേതാവെന്ന നിലയില്‍ ശിവപ്രസാദിനെ കേള്‍ക്കാന്‍ തനിക്ക് ഇഷ്ടമാണെന്നാണ് മീനാക്ഷി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
'എം ശിവപ്രസാദ് എന്നൊരു ചേട്ടനില്ലേ. ആളെ എനിക്ക് ഇഷ്ടമാണ്. ഞാന്‍ എപ്പോഴും കേള്‍ക്കുന്ന ആളാണ്. കക്ഷി രാഷ്ട്രീയമല്ല ഞാന്‍ പറയുന്നത്. പാര്‍ട്ടിയേക്കാളുപരിയായി ചില നേതാക്കള്‍ പറയുന്നതില്‍ കാര്യമുണ്ടാകുമല്ലോ. അങ്ങനൊരാളാണ്. കാര്യമുള്ള കാര്യം പറയുന്നവരെ എനിക്ക് വലിയ ഇഷ്ടമാണ്'' എന്നാണ് മീനാക്ഷി പറഞ്ഞത്. ഈ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ബാലതാരമായി സിനിമയിലെത്തി പിന്നീട് ജനപ്രിയ അവതാരകയായി മാറിയ മീനാക്ഷി അനൂപ്, സ്‌ക്രീനിലെ പ്രകടനങ്ങളേക്കാള്‍ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളിലൂടെയാണ് നിലവില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഗൗരവമുള്ള വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, ചിരി പടര്‍ത്തുന്ന കമന്റുകളും ക്യാപ്ഷനുകളും എന്നിവയിലൂടെ മീനാക്ഷിക്ക് വലിയ ശ്രദ്ധ ലഭിക്കാറുണ്ട്.
അതേസമയം, മീനാക്ഷിയുടെ നിലപാടുകളും കാഴ്ചപ്പാടുകളും പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. അനുകൂലിച്ചും വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്താറുണ്ടെങ്കിലും, ട്രോളുകളെ അതേ നാണയത്തില്‍ നേരിട്ടാണ് മീനാക്ഷി ഇതിനെല്ലാം മറുപടി നല്‍കാറുള്ളത്. ഈ സാഹചര്യത്തിലാണ് ശിവപ്രസാദിനെക്കുറിച്ചുള്ള അവരുടെ വാക്കുകളും വൈറലായി മാറിയതും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ പ്രതികരണങ്ങളുമായി എത്തുന്നത്.