ഏവർക്കും യൂണിനൊപ്പം മീൻ കറി കൂടി കഴിക്കാൻ ഉണ്ടാകുക എന്ന് പറഞ്ഞാൽ കുശാൽ ആണ് അന്ന്. എന്നാൽ വളരെ വ്യത്യസ്തമായ രീതിയിൽ തേങ്ങാ വറുത്തരച്ച മീൻ കറി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
മീൻ – 1/2 കിലോ
സവാള – 1
വെളുത്തുള്ളി – 3-4 എണ്ണം
ഇഞ്ചി – ഒരു ചെറിയ കഷ്ണം
തക്കാളി – 2 എണ്ണം നന്നായി പഴുത്തത്
പച്ച മുളക് – 2 എണ്ണം
കറിവേപ്പില – 4 തണ്ട്
തേങ്ങ – 2 ടേബിൾ സ്പൂൺ
കുരുമുളക് – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മുളകുപൊടി(കാശ്മീരി) – 2 ടേബിൾ സ്പൂൺ
മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ
ഉലുവാപ്പൊടി – 1/4 ടീ സ്പൂൺ
ഉലുവ – 1/4 ടീ സ്പൂൺ
കുടംപുളി – 2 കുടംപുളി ചെറിയ കഷ്ണങ്ങളാക്കിയത്
കടുക് – 1/4 ടീ സ്പൂൺ
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
ഉപ്പ് – പാകത്തിന്
തയാറെടുപ്പുകൾ
1. മീൻ വെട്ടി കഴുകി കഷ്ണങ്ങളാക്കുക.
2. നാളികേരം ചിരകി വയ്ക്കാം.
3. കുടംപുളി വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
4. സവാള, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, തക്കാളി ഇവ ചെറുതായി അരിഞ്ഞു വയ്ക്കുക.
മീൻ കറിക്ക് ഉള്ള അരപ്പുകൾ ഉണ്ടാക്കുന്ന വിധം
1. ഒരു ചട്ടി അടുപ്പത്തു വച്ചു ചൂടാക്കി കാൽ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞു വച്ചേക്കുന്ന സവാള, ഇഞ്ചി, പച്ചമുളക് എന്നിവ ഇട്ടു വഴറ്റുക. ഒന്ന് വഴന്നു വരുമ്പോൾ അരിഞ്ഞു വച്ചേക്കുന്ന തക്കാളിയും 2 തണ്ട് കറിവേപ്പിലയും പാകത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്കു മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി ഇവ ചേർത്ത് പച്ച മണം മാറി എണ്ണ തെളിഞ്ഞു വരുന്നത് വരെ വഴറ്റുക. ഈ കൂട്ട് തണുക്കാൻ മാറ്റി വയ്ക്കുക.
നന്നായി തണുത്തു കഴിയുമ്പോൾ മിക്സിയിൽ അല്ലെങ്കിൽ അരകല്ലിൽ നന്നായി അരച്ചു മാറ്റി വയ്ക്കുക. ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് അരപ്പ് കലക്കി വയ്ക്കാം.
2: രണ്ടു ടേബിൾ സ്പൂൺ തേങ്ങയും ഒരു ടീസ്പൂൺ കുരുമുളകും ഒരു ചീന ചട്ടിയിൽ ചെറുതീയിൽ നന്നായി ചൂടാക്കുക. ചെറുതായി മൂത്തു നിറം മാറി തുടങ്ങുമ്പോൾ തണുക്കാനായി മാറ്റി വയ്ക്കുക.
നന്നായി തണുത്തതിന് ശേഷം അരച്ച് എടുക്കുക.
തയാറാക്കുന്ന വിധം
ഒരു ചട്ടി അടുപ്പത്തു വെച്ചു ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്കു കടുകും ഉലുവയും ഇട്ടു പൊട്ടിക്കുക പിന്നീട് വറ്റൽ മുളകും കറിവേപ്പിലയും ഇട്ടു മൂത്തു വരുമ്പോൾ സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, തക്കാളി ഇവ വഴറ്റി അരച്ചു കലക്കിയ അരപ്പ് ഒഴിക്കാം. ഒന്ന് തിള വരുമ്പോൾ കുതിർത്തു വെച്ച കുടംപുളിയും ഉപ്പും ചേർത്ത ശേഷം വെട്ടി വെച്ച മീൻ കഷ്ണങ്ങൾ ചേർത്ത് ഇടത്തരം തീയിൽ തിളപ്പിക്കുക.
തിളച്ചു വരുമ്പോൾ തേങ്ങയും കുരുമുളകും മൂപ്പിച്ചു അരച്ച അരപ്പ് കൂടി ഒഴിച്ച് ഉലുവാപ്പൊടിയും ഇട്ടു ചട്ടി ഒന്ന് ചുറ്റിച്ചു അടച്ചു വെച്ചു ചെറു തീയിൽ തിളപ്പിക്കുക. തിളച്ചു കഴിഞ്ഞാൽ ബാക്കി ഉള്ള 2 തണ്ട് കറിവേപ്പില കൂടി ഇട്ടു തീ അണച്ചിട്ട് ചട്ടി മൂടി വയ്ക്കാം.
മീൻ കറി ഏത് ഉണ്ടാക്കിയാലും കറി വെച്ച ഉടനെ കഴിക്കാൻ എടുക്കരുത്. കഷ്ണങ്ങളിൽ അരപ്പ് പിടിച്ചതിനു ശേഷം...അതായത് മിനിമം ഒരു അരമണിക്കൂർ കഴിഞ്ഞതിനു ശേഷം മാത്രം ഉപയോഗിക്കാം.