Latest News

കെഎസ്ആര്‍ടിസി പരസ്യത്തിനായി ലാല്‍ നായകനാകുമ്പോള്‍ ക്യാമറയ്ക്ക് പിന്നില്‍ പ്രിയദര്‍ശന്‍; സൂപ്പര്‍താരവും ഹിറ്റ് സംവിധായകനും ഒന്നിക്കുന്നത് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ; ഷൂട്ടിംഗ് തൊടുപുഴയില്‍ 

Malayalilife
 കെഎസ്ആര്‍ടിസി പരസ്യത്തിനായി ലാല്‍ നായകനാകുമ്പോള്‍ ക്യാമറയ്ക്ക് പിന്നില്‍ പ്രിയദര്‍ശന്‍; സൂപ്പര്‍താരവും ഹിറ്റ് സംവിധായകനും ഒന്നിക്കുന്നത് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ; ഷൂട്ടിംഗ് തൊടുപുഴയില്‍ 

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകെട്ടുകളില്‍ ഒന്നാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീം. ഈ കോമ്പോയില്‍ നിരവധി ഹിറ്റുകളാണ് മോളിവുഡില്‍ ഉണ്ടായിട്ടുള്ളത്. ഇപ്പോഴിതാ കെ.എസ്.ആര്‍.ടി.സിക്കുവേണ്ടിയുള്ള പരസ്യചിത്രത്തില്‍ ഇരുവരും ഒന്നിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഈ പരസ്യചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകും. ഇരുവരും ഈ സംരംഭത്തിനായി പ്രതിഫലം വാങ്ങുന്നില്ലെന്നതും ശ്രദ്ധേയമാണ്. 

 ഈ മാസം എട്ട്, ഒന്‍പത് തീയതികളിലായി തൊടുപുഴയില്‍ വെച്ചാണ് പരസ്യചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ കോന്നി അട്ടച്ചാക്കലില്‍ ബ്ലൂ ഹില്‍ ഫൗണ്ടേഷന്റെ ഒന്നാം വാര്‍ഷിക വേദിയില്‍ സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ ഒരു ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഒരു സൂപ്പര്‍സ്റ്റാറിനെ വെച്ച് ആദ്യമായി പരസ്യം ഇറക്കുന്നത് ഇതാദ്യമായിരിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പരസ്യചിത്രത്തിനായി പ്രിയദര്‍ശന്‍ തന്റെ സ്റ്റുഡിയോ സൗജന്യമായി നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'കിലുക്കം', 'വന്ദനം', 'ചിത്രം', 'താളവട്ടം' തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റുകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയതാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ട്. മോഹന്‍ലാലിനെ നായകനാക്കിയുള്ള ചിത്രത്തിലൂടെയാണ് പ്രിയദര്‍ശന്‍ സംവിധാന രംഗത്തേക്ക് അരങ്ങേറിയത്. തന്റെ കരിയറിലെ നൂറാം ചിത്രത്തിലും മോഹന്‍ലാല്‍ നായകനാകുമെന്ന് പ്രിയദര്‍ശന്‍ നേരത്തെ അറിയിച്ചിരുന്നു. 2027-ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ആ സിനിമയ്ക്ക് മുന്‍പാണ് ഈ പരസ്യചിത്രത്തിനായി ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
 

mohanlal priyadarshan team for ksrtcs

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES