ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം 'ധുരന്ധറി'ലെ ഏറെ ശ്രദ്ധിക്കപ്പെട്ട 'ശരാരത്ത്' എന്ന ഗാനരംഗത്തിന്റെ ചിത്രീകരണത്തിനിടെ താന്‍ അനുഭവിച്ച കടുത്ത ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് വെളിപ്പെടുത്തി നടി അയേഷ ഖാന്‍. ആര്‍ത്തവ ദിനങ്ങളിലെ അസഹനീയമായ വേദനയും അവശതയും അവഗണിച്ചാണ് ചിത്രത്തിലെ ഊര്‍ജ്ജസ്വലമായ നൃത്തച്ചുവടുകള്‍ പൂര്‍ത്തിയാക്കിയതെന്ന് താരം പറഞ്ഞു. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അയേഷ തന്റെ അനുഭവം പങ്കുവെച്ചത്.
ഈ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും താരത്തിന്റെ സമര്‍പ്പണത്തിന് വ്യാപകമായ പ്രശംസ നേടിക്കൊടുക്കുകയും ചെയ്തിരിക്കുകയാണ്. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അയേഷ ഖാന്‍ തന്റെ അനുഭവം പങ്കുവെച്ചത്. കഠിനമായ നൃത്തച്ചുവടുകള്‍ ആവശ്യമായിരുന്ന 'ശരാരത്ത്' എന്ന ഗാനത്തിലെ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ രണ്ട് ദിവസത്തെ ഷൂട്ടാണ് ഉണ്ടായിരുന്നത്.
നൃത്തത്തില്‍ അയേഷ ഖാനും ക്രിസ്റ്റല്‍ ഡിസൂസയും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ''രണ്ട് ദിവസത്തെ ചിത്രീകരണം അതികഠിനമായിരുന്നു. ആര്‍ത്തവ ദിനങ്ങളായതുകൊണ്ട് ഞാന്‍ ശാരീരികമായി അത്ര മികച്ച അവസ്ഥയിലായിരുന്നില്ല. ശരീരം വീര്‍ത്തിരുന്നത് കാരണം ആഗ്രഹിച്ചത്രയും ഭംഗിയില്‍ കാര്യങ്ങള്‍ ചെയ്യാനായില്ല. കഠിനമായ നൃത്തച്ചുവടുകള്‍ കാരണം എല്ലുകള്‍ പോലും വേദനിക്കാനും തുടങ്ങി,'' അയേഷ ഖാന്‍ പറഞ്ഞു. ''ആര്‍ത്തവ നാളുകളായതിനാല്‍ എന്റെ വികാരങ്ങള്‍ നിയന്ത്രണത്തിലായിരുന്നില്ല. ഷൂട്ടിന്റെ അവസാനം ആനന്ദാശ്രുക്കളോടെ ഞാന്‍ പൊട്ടിക്കരഞ്ഞു. സെറ്റില്‍ എന്താണ് സംഭവിക്കുന്നതെന്നോ ആരൊക്കെ ഉണ്ടായിരുന്നുവെന്നോ പോലും ശ്രദ്ധിക്കാന്‍ സമയമുണ്ടായിരുന്നില്ല. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ വിവാഹ രംഗങ്ങളും ചിത്രീകരിക്കേണ്ടിയിരുന്നു,'' താരം കൂട്ടിച്ചേര്‍ത്തു.
രണ്‍വീര്‍ സിങ് നായകനായ 'ധുരന്ധര്‍' ബോക്സ് ഓഫീസില്‍ വലിയ വിജയം നേടുകയും പിന്നീട് ഒടിടി റിലീസിലും ശ്രദ്ധേയമാവുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ മേക്കിംഗും താരങ്ങളുടെ പ്രകടനവും സംഗീതവും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അയേഷ ഖാന്റെ ഈ വെളിപ്പെടുത്തലിന് പിന്നാലെ സോഷ്യല്‍ മീഡിയ താരത്തെ അഭിനന്ദനങ്ങളുമായി നിറഞ്ഞു. വേദനയിലും ഇത്രയും ഊര്‍ജ്ജസ്വലമായി നൃത്തം ചെയ്തതിന് ആരാധകര്‍ അയേഷയുടെ സമര്‍പ്പണത്തെ സല്യൂട്ട് ചെയ്യുകയാണ്. 'ശരാരത്ത്' ഗാനത്തിന് സംഗീതം നല്‍കിയത് ശാശ്വത് സച്ച്ദേവാണ്. മധുബന്ധി ബാഗ്ചിയും ജാസ്മിന്‍ സന്‍ഡ്ലാസും ചേര്‍ന്നാണ് ഗാനം ആലപിച്ചത്.