Latest News

ജയറാമിന് ഇഡി നോട്ടീസ്; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തിലും സാമ്പത്തിക ഇടപാടുകളിലും നടന്‍ വിശദീകരണം നല്‍കേണ്ടി വരും; അടുത്ത ആഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകണം; മൊഴി എടുക്കല്‍ നടന്റെ കൂടി സൗകര്യം പരിഗണിച്ച്

Malayalilife
ജയറാമിന് ഇഡി നോട്ടീസ്; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തിലും സാമ്പത്തിക ഇടപാടുകളിലും നടന്‍ വിശദീകരണം നല്‍കേണ്ടി വരും; അടുത്ത ആഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകണം; മൊഴി എടുക്കല്‍ നടന്റെ കൂടി സൗകര്യം പരിഗണിച്ച്

ശബരിമല സന്നിധാനത്തെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം പുതിയ തലത്തിലേക്ക്. കേസില്‍ നടന്‍ ജയറാമിനോട് അടുത്ത ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിര്‍ദ്ദേശം നല്‍കി. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തിലും സാമ്പത്തിക ഇടപാടുകളിലുമാണ് ഇഡി വ്യക്തത തേടുന്നത്. 

സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങള്‍ ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജ നടത്തിയതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. വീട്ടില്‍ ഐശ്വര്യം വരാന്‍ വേണ്ടിയാണ് പൂജ നടത്തിയതെന്നും പോറ്റിയുടെ തട്ടിപ്പുകളെക്കുറിച്ച് അറിയില്ലെന്നുമാണ് ജയറാം നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) നല്‍കിയ മൊഴി. എന്നാല്‍ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സുകള്‍ തേടുന്ന ഇഡി, ജയറാമില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. നേരത്തെ പ്രത്യേക അന്വേഷണ സംഘം ജയറാമിനെ ചോദ്യം ചെയ്തിരുന്നു. ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു.

കേസില്‍ ജയറാമിനെ സാക്ഷിയാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. അതിനിടെയാണ് ഇഡിയുടെ നീക്കം. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്നും വിശ്വാസിയെന്ന നിലയില്‍ തന്റെ വീട്ടില്‍ സ്വര്‍ണ്ണ പാളികള്‍ പൂജയ്ക്ക് കൊണ്ടു വന്നുവെന്നുമാണ് ജയറാം പറയുന്നത്. ഇത് തന്നെ ഇഡിയേയും അറിയിക്കും. ഇത് ഇഡി വിശ്വാസത്തില്‍ എടുക്കുമോ എന്നതാണ് നിര്‍ണ്ണായകം. ഇഡി കേസിലും ജയറാം സാക്ഷിയാകാനാണ് വിലയിരുത്തല്‍. 

സ്വര്‍ണ്ണക്കൊള്ളയില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ കൂടി ഉടന്‍ പ്രതിപ്പട്ടികയില്‍ ഇടംപിടിക്കും. ദ്വാരപാലക പാളി കേസില്‍ രണ്ടുപേരും കട്ടിളപ്പാളി കേസില്‍ ഒരാളുമാണ് പ്രതികളാവുക. നിലവില്‍ അന്വേഷണം ഉദ്യോഗസ്ഥരിലേക്ക് മാത്രമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കടകംപള്ളി സുരേന്ദ്രന്‍, പ്രശാന്ത് തുടങ്ങിയ രാഷ്ട്രീയ നേതാക്കളിലേക്ക് അന്വേഷണം നീളുന്നില്ല എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ കുറ്റപത്രം നല്‍കുന്നത് വൈകുന്നത് പ്രതികള്‍ക്ക് നിയമപരമായി രക്ഷപ്പെടാന്‍ വഴിയൊരുക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. 

2017-ലെ സ്വര്‍ണക്കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തുന്ന ത്വരിത പരിശോധന കേസില്‍ വഴിത്തിരിവാകും. ഹൈദരാബാദിലെ ഫീനിക്‌സ് ഗ്രൂപ്പ് നല്‍കിയ 3.2 കോടി രൂപയ്ക്ക് പുറമെ, ഒരു പ്രമുഖ സിനിമാതാരവും ജ്വല്ലറിയും നല്‍കിയ സ്വര്‍ണ്ണത്തിന് ദേവസ്വം ബോര്‍ഡ് രസീത് നല്‍കിയിട്ടില്ല. ഈ സ്വര്‍ണ്ണം എവിടെപ്പോയി എന്നതിലാണ് അന്വേഷണം നടക്കുന്നത്. 3.7 കിലോ സ്വര്‍ണ്ണത്തിന്റെ കുറവ് കണ്ടെത്തിയ സാഹചര്യത്തില്‍, സന്നിധാനത്തെ സ്വര്‍ണ്ണപ്പാളികള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിലേക്ക് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന. 

Read more topics: # ജയറാം
jayaram got ed summons

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES