തേങ്ങ ചേര്‍ത്ത് പല തരത്തിലുള്ള ചമ്മന്തികള്‍ നിങ്ങള്‍ കഴിച്ചിട്ടുണ്ടാകും. എന്നാല്‍, ബീഫ് ചമ്മന്തി കഴിച്ചിട്ടുണ്ടോ. കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ കൊതിയൂറും. ചമ്മന്തിപ്പൊടി പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ബീഫ് ചമ്മന്തി. ദൂരെ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനും കുറച്ച് ദിവസം കേടുകൂടാതെ ഉപയോഗിക്കാനും സാധിക്കുന്ന ബീഫ് ചമ്മന്തി ഉണ്ടാക്കിനോക്കൂ. ബീഫ് ചമ്മന്തി എങ്ങനെ തയാറാക്കാമെന്ന് നോക്കാം
ചേരുവകള്‍:
ബീഫ് എല്ല് ഇല്ലാത്തത് -അരക്കിലോ
മുളകുപൊടി -ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
ഖരംമസാല -അര ടീസ്പൂണ്‍
കുരുമുളകുപൊടി -അര ടീസ്പൂണ്‍
പെരുംജീരകം -ഒരു നുള്ള്
വിനാഗിരി -ഒരു ടീസ്പൂണ്‍
കടുക് -ആവശ്യത്തിന്
ഇഞ്ചി -നാല് എണ്ണം
വെളുത്തുള്ളി -നാല് അല്ലി
ചുവന്ന ഉള്ളി -ഒരു കപ്പ്
ചുവന്നമുളക് -രണ്ട് എണ്ണം
കറിവേപ്പില -ആവശ്യത്തിന്
തയാറാക്കുന്നവിധം:
അരക്കിലോ ബീഫ് എല്ല് ഇല്ലാതെ ചെറുതാക്കി മുറിച്ചുവെക്കാം. ഒരു ടീസ്പൂണ്‍ മുളകുപൊടിയും അര ടീസ്പൂണ്‍ മഞ്ഞള്‍പൊടിയും ഖരംമസാലയും കുരുമുളകുപൊടിയും വേണം. ഒരു നുള്ള് പെരുംജീരകവും എടുക്കാം. ഇത് ബീഫിലേക്ക് യോജിപ്പിച്ച് ഒരു ടീസ്പൂണ്‍ വിനാഗിരിയും ചേര്‍ത്ത് വേവിച്ചെടുക്കാം. വെള്ളമൊന്നും ഒഴിക്കേണ്ട ആവശ്യമില്ല. ഡ്രൈ ആക്കിയ ശേഷം ഇത് മിക്സിയിലെ ജാറിലിട്ട് അരച്ചെടുക്കാം.
മറ്റൊരു പാനില്‍ കടുക് താളിച്ചെടുക്കാം. ഇതിലേക്ക് ചുവന്നമുളക് പൊടിച്ചതും കറിവേപ്പിലയും ഇടാം. അതിലേക്ക് ഒരു കപ്പ് ചുവന്ന ഉള്ളിയും ഇട്ടുകൊടുക്കാം. നന്നായി വയറ്റിയശേഷം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കാം. രണ്ട് ടീസ്പൂണ്‍ ചേര്‍ത്താല്‍ മതി. ഇതിലേക്ക് ബീഫ് ചേര്‍ക്കാം. നന്നായി ഇളക്കാം. തീ കുറച്ചുവെച്ച് മൊരിച്ചെടുത്താല്‍ സ്വാദിഷ്ടമായ ബീഫ് ചമ്മന്തി തയാര്‍.