ബ്രെഡ് കൊണ്ട് പലതരം പലഹാരങ്ങള്‍ ഉണ്ടാക്കാം. കുട്ടികളെ സംബന്ധിച്ച് ബ്രെഡ് കൊണ്ടുള്ള പലഹാരങ്ങള്‍ പെട്ടെന്ന് ഇഷ്ടമാകും. ബ്രെഡിനൊപ്പം എന്ത് ചേര്‍ന്നാലും രുചിയാണ്. ഇന്ന് ബ്രെഡ്ഡും പഴവും ചേര്‍ത്തുളള ബ്രെഡ് റോള്‍ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങള്‍
1. ഏത്തപ്പഴം- വലുത് ഒരു ചെറിയ ക്യൂബ് ആയി മുറിച്ചത്
2. തേങ്ങ ചുരണ്ടിയത് കാല്‍ കപ്പ്.
3. പഞ്ചസാര 2 ടീസ്പൂണ്‍
4. ഏലയ്ക്കപ്പൊടി അര ടീസ്പൂണ്‍
5. നെയ്യ് 2 ടീസ്പൂണ്‍
6. റൊട്ടിപ്പൊടി 1 കപ്പ്
7. എണ്ണ വറുക്കാന്‍ ആവശ്യത്തിന്
8. പാല്‍ അര ലിറ്റര്‍
9. മില്‍ക്കി ബ്രെഡ് 6 എണ്ണം
10. മൈദ രണ്ടര ടീസ്പൂണ്‍
11. മുട്ട 2 എണ്ണം
ബ്രെഡ് റോള്‍ തയ്യാറാക്കുന്ന വിധം..
ആദ്യമായി ബ്രെഡ് പാലില്‍ ചെറുതായി മുക്കിയെടുത്ത് മാറ്റി വെയ്ക്കുക. അതിന് ശേഷം ചൂടായ പാനില്‍ അല്‍പം നെയ്യൊഴിച്ച് ഏത്തപ്പഴം, തേങ്ങ ചുരണ്ടിയത്, പഞ്ചസാര, ഏലയ്ക്കപ്പൊടി എന്നിവ ഇട്ട് നന്നായി വഴറ്റി എടുക്കുക. ശേഷം മൈദയും മുട്ടയും നന്നായി അടിച്ചു പതപ്പിച്ച് മാറ്റിവെയ്ക്കുക. ഇനി ബ്രെഡ് ചപ്പാത്തി പലകയിലോ കിച്ചന്‍ ടേബിളിലോ വെച്ച് പരത്തി എടുക്കാം. ശേഷം തയ്യാറാക്കിവെച്ച ബനാന ഫില്ലിംഗ് ആവശ്യത്തിനു നിറയ്ക്കുക എന്നിട്ട് അത് സാവധാനം റോള്‍ ചെയ്യുക. ഇനി ഈ റോള്‍ മുമ്പ് തയാറാക്കിയ മുട്ടയുടെ ബാറ്ററില്‍ മുക്കുക. ശേഷം റൊട്ടി പൊടിയില്‍ മുക്കി ചെറുതീയില്‍ വറുത്തെടുത്തു കോരുക. ഇനി ചായയ്‌ക്കൊപ്പം ചൂടോടെ നല്‍കാം ഈ ബ്രെഡ് റോള്‍.