നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ തായ്ലന്‍ഡില്‍ ആയോധന മുറകള്‍ അഭ്യസിക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ വൈറല്‍. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലൂടെ് സിനിമാ അരങ്ങേറ്റത്തിനൊരുങ്ങുന്ന താരത്തിന്റെ മുന്നൊരുക്കമാണോ ഇതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഏറെ നാളുകളായി മുവായ് തായ് ഉള്‍പ്പെടെയുള്ള ആയോധന കലകളില്‍ വിസ്മയ പരിശീലനം ചെയ്യുന്നുണ്ട്.
തായ്ലന്‍ഡിലെ ഫീറ്റ്‌കോ എന്ന സ്ഥാപനത്തിലാണ് വിസ്മയ മുവായ് തായ് ഉള്‍പ്പെടെയുള്ള ആയോധന കലകളില്‍ പരിശീലനം നേടുന്നത്.
തന്റെ പരിശീലന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് വിസ്മയ കുറിച്ചത് ഇങ്ങനെയാണ്: 'പരിശീലനം നടത്താന്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ഫീറ്റ്കോ തായ്ലന്‍ഡ്. വീണ്ടും ഇവിടെ തിരിച്ചെത്തി പരിശീലിക്കാന്‍ കഴിഞ്ഞത് വളരെ സന്തോഷകരമായി. എന്റെ കോച്ച് ടോണി ലയണ്‍ഹാര്‍ട്ടിന് മുവായ് തായ് പരിശീലനത്തിന് വലിയ നന്ദി.' വിസ്മയ കുറിച്ചു. തയ്ലന്‍ഡിലെ ഫിറ്റ്കോ എന്ന സ്ഥാപനത്തില്‍ പരിശീലനം നടത്തുന്നതിനിടെയുള്ള ചിത്രങ്ങളാണ് വിസ്മയ പങ്കുവെച്ചത്.
ആയോധന കലകളില്‍ വിസ്മയയ്ക്കുള്ള താല്‍പ്പര്യം കണക്കിലെടുത്താണ് ഇത്തരമൊരു പ്രാധാന്യമുള്ള സിനിമയില്‍ നായികയായി പരിഗണിച്ചതെന്നാണ് സൂചനകള്‍.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന 'തുടക്കം' എന്ന ചിത്രത്തിനായി സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. എഴുത്തിലും ചിത്രരചനയിലും താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന വിസ്മയയുടെ അഭിനയരംഗത്തേക്കുള്ള ഈ പുതിയ 'തുടക്കം' ശ്രദ്ധേയമാകുകയാണ്.