മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ വെള്ളിത്തിരയിലേക്ക് കാലെടുത്ത് വെക്കുകയാണ്. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന തുടക്കം എന്ന സിനിമയിലൂടെയാണ് വിസ്മയ നായികയായി അരങ്ങേറുന്നത്. സിനിമയുടെ പൂജ ചടങ്ങ് ഇന്ന് കൊച്ചിയില്‍ നടക്കുമ്പോള്‍ താരകുടുംബം ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയ ദൃശ്യങ്ങളാണ് സോഷ്യലിടത്തില്‍ വൈറലായി മാറുന്നത്. വളരെ അപൂര്‍വ്വമായി മാത്രമാണ് നാല് പേരും ഒരുമിച്ച് പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ളത്.
കൊച്ചി ക്രൗണ്‍പ്ലാസയില്‍ വച്ചാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നത്. മോഹന്‍ലാല്‍, സുചിത്ര, പ്രണവ് എന്നിവരും പൂജ ചടങ്ങിനെത്തി. ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖരും പൂജ ചടങ്ങിനെത്തി. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം ആശിര്‍വാദ് സിനിമാസിന്റെ 37-ാമത്തെ ചിത്രമാണ്.
ആദ്യ സിനിമയില്‍ അഭിനയിച്ചതും മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ ഓഡിഷന് പോയതുമൊക്കെ താനിപ്പോള്‍ ആലോചിക്കുകയായിരുന്നെന്ന് ചടങ്ങില്‍ സംസാരിക്കവെ മോഹന്‍ലാല്‍ പറഞ്ഞു.മകള്‍ സിനിമയിലേക്ക് എത്തിയതില്‍ സന്തോഷമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. 'ഞാനൊരിക്കല്‍ പോലും വിചാരിച്ചതല്ല എന്റെ കുട്ടികള്‍ സിനിമയില്‍ അഭിനയിക്കുമെന്ന്. കാരണം അവര്‍ക്ക് അവരുടേതായിട്ടുള്ള പ്രൈവസി ഉണ്ട്. അതിനെല്ലാം സമ്മതിച്ച ഒരാളാണ് ഞാനും സുചിയും. ആന്റണിയുടെ വലിയൊരു ആഗ്രഹമായിരുന്നു അപ്പുവും മായയും സിനിമയില്‍ വരണമെന്ന്. ഞാനും സിനിമയില്‍ ഒരു നടനാകണമെന്ന് ആ?ഗ്രഹിച്ച ഒരാളല്ല. കാലത്തിന്റെ നിശ്ചയം പോലെ സിനിമയില്‍ വന്നു. നിങ്ങളൊക്കെ തന്നെയാണ് എന്നെ നടനാക്കിയതും 48 വര്‍ഷങ്ങള്‍ നിലനിര്‍ത്തിയത്' - മോഹന്‍ലാല്‍ പറഞ്ഞു.
'എന്റെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം വിസ്മയമായാണ് കരുതുന്നത്. അതുകൊണ്ട് മകള്‍ക്കിട്ട പേര് പോലും വിസ്മയ മോഹന്‍ലാല്‍ എന്നാണ്. ഒരുപാട് കാര്യങ്ങള്‍ വിസ്മയ പഠിച്ചിട്ടുണ്ട്. മകള്‍ സിനിമയില്‍ അഭിനയിക്കണമെന്ന് ഒരു ആ?ഗ്രഹം പറഞ്ഞു.
സിനിമയില്‍ അഭിനയിക്കുക എന്നത് എത്ര അനായാസമായ ഒരു കാര്യമല്ല. എന്നാല്‍ അതിനുള്ള എല്ലാ സൗകര്യങ്ങളും ഞങ്ങള്‍ക്കുണ്ട്. നിര്‍മാണ കമ്പനിയും കൂടെ നില്‍ക്കുന്ന ഒരു പ്രൊഡ്യൂസറുമുണ്ട്. ഒത്തിണങ്ങിയ ഒരു കഥ കിട്ടിയപ്പോള്‍ വിസ്മയ അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നു'- മോഹന്‍ലാല്‍ പറഞ്ഞു. ആന്റണി പെരുമ്പാവൂരിന്റെ മകനും തുടക്കത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
'മോഹന്‍ലാലിന്റെ ഭാര്യ എന്നതിനേക്കാള്‍ വിസ്മയയുടെ അമ്മ എന്ന രീതിയില്‍ അല്ലേ എനിക്ക് അവളെ ഉപദേശിക്കാന്‍ പറ്റുകയുള്ളൂ. പറയാനുള്ളത് എല്ലാം ഞാന്‍ ആദ്യമേ അവളോട് പറഞ്ഞിട്ടുണ്ട്.ഇതൊരു അഭിമാന നിമിഷമാണെന്നും മകള്‍ സിനിമയിലെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ചടങ്ങില്‍ സംസാരിച്ച സുചിത്ര മോഹന്‍ലാല്‍ പറഞ്ഞു. വളരെ സന്തോഷമുള്ള വര്‍ഷമാണ് കടന്നു പോകുന്നത്. ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഉള്‍പ്പെടെയുള്ള സന്തോഷങ്ങള്‍ ലഭിച്ച വര്‍ഷം. മക്കളുടെ സ്വപ്നങ്ങള്‍ക്ക് ഒപ്പം നില്‍ക്കുകയാണ് ഞങ്ങള്‍ ചെയ്തത്. മായയ്ക്ക്, തുടക്കത്തിന് എല്ലാ അഭിനന്ദനങ്ങളും, സുചിത്ര മോഹന്‍ലാല്‍ പറഞ്ഞു.
തടക്കം എന്ന സിനിമയിലൂടെ എന്റെ മകള്‍ സിനിമ എന്ന ലോകത്തേക്ക് കാലെടുത്ത് വെക്കുകയാണ്. ഞാന്‍ ഇവിടെ നില്‍ക്കുമ്പോള്‍ എനിക്ക് വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള ഒരു ഫ്‌ലാഷ് ബാക്ക് സീനാണ് ഓര്‍മ വരുന്നത്. അപ്പുവും മായയും വളരെ ചെറുതായിരിക്കുമ്പോള്‍ വീട്ടില്‍ ഒരു ഹോം ഫിലിം ചെയ്തിരുന്നു ആന്‍ഗിറി മായ. അതില്‍ അപ്പു സംവിധായകനും നടനുമാണ്, മായ മെയിന്‍ ക്യാരക്ടര്‍ ചെയ്യും. ഞാന്‍ ക്യാമറയുടെ പിന്നില്‍ ആയിരുന്നു.അന്ന് ഞാന്‍ ഒട്ടും വിചാരിച്ചില്ല രണ്ടു പിള്ളേരും സിനിമയിലേക്ക് എത്തുമെന്ന്. ഈ കൊല്ലം തന്നെ ഞങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. ചേട്ടന് ദാദ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചു, അപ്പുവിന്റെ ഡീയസ് ഈറെ റീലീസ് ആണ്. എല്ലാ കൊല്ലവും പടം വരുന്നുണ്ട് എങ്കില്‍ അപ്പുവിന്റെ കാര്യത്തില്‍ അത് ഒരു പ്രധാന ദിവസമല്ല. പക്ഷെ ഇവന്‍ രണ്ട് കൊല്ലത്തില്‍ ഒരു പടമാണ് ചെയ്യുന്നത്. ഡീയസ് ഈറെ ടീമിനെയും അഭിനന്ദിക്കുകയാണ് ഈ വേളയില്‍.
ജൂഡ് ആയിട്ട് രണ്ട് മൂന്ന് കൊല്ലം മുന്നേ സംസാരിച്ചിരുന്നു, ജൂഡ് രണ്ട് കഥകള്‍ കൊണ്ട് വന്നു. അത് നമുക്ക് വര്‍ക്ക് ആയില്ല. പിന്നെ തുടക്കം സിനിമ കൊണ്ട് വന്നപ്പോള്‍ എനിക്ക് ഇഷ്ടമായി, ഞാന്‍ ആന്റണിയോട് ഈ കാര്യം പറഞ്ഞു. കഥ കേട്ടപ്പോള്‍ ആന്റണി ചോദിച്ചു 'ചേച്ചി ആരാണ് ഇത് പ്രൊഡ്യൂസ് ചെയ്യാന്‍ പോകുന്നത്' എന്ന്. ഞാന്‍ ആന്റണിയോട് പറഞ്ഞു എന്ത് ചോദ്യമാണ് ഇത് ആന്റണി തന്നെ ആശിര്‍വാദ് സിനിമാസ് ചെയ്യുമെന്ന്. തുടക്കം സിനിമയിലെ അണിയറയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വിജയം ആശംസിക്കുന്നു,' സുചിത്ര മോഹന്‍ലാല്‍ പറഞ്ഞു.
ജൂലൈ ഒന്നിന് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്. ദിലീപ്, നിര്‍മ്മാതാവ് രജപുത്ര രഞ്ജിത്ത്, സംവിധായകരായ ജോഷി, തരുണ്‍ മൂര്‍ത്തി, അടക്കമുള്ളവര്‍ പരിപാടിക്ക് എത്തിയിരുന്നു.