അഭിനയ ജീവിതം തിരഞ്ഞെടുത്തപ്പോള്‍ അമ്മയില്‍നിന്ന് നേരിട്ട കടുത്ത എതിര്‍പ്പുകളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി നടി സയനി ഗുപ്ത. അഭിനേത്രിയാകാന്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ അമ്മ ആത്മഹത്യാ ഭീഷണി മുഴക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തതായാണ് സയനി വെളിപ്പെടുത്തിയത്. അഭിനയം പഠിക്കാനോ അഭിനേത്രിയാകാനോ അമ്മയ്ക്ക് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ലെന്ന് സയനി പറയുന്നു.
നീ പോയാല്‍ ഞാന്‍ എന്റെ ഞരമ്പ് മുറിക്കും എന്നാണ് അമ്മ പറഞ്ഞത്. എനിക്കത് വിശ്വസിക്കാന്‍ പോലുമായില്ല,' താരം ഓര്‍ക്കുന്നു. 21-ാം വയസ്സില്‍ ഒരു കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ചാണ് സയനി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നത്. ഒന്നര വര്‍ഷത്തെ ജോലിയില്‍ മടുപ്പുതോന്നിയെന്നും, ഒരുപാട് പണം സമ്പാദിച്ചിട്ടും താന്‍ ആ ലോകത്തുള്ള ആളായിരുന്നില്ലെന്നും സയനി കൂട്ടിച്ചേര്‍ത്തു.
അഭിനയ മോഹത്തിന് അച്ഛന്‍ പരിപൂര്‍ണ പിന്തുണ നല്‍കിയെങ്കിലും, വീട്ടിലെ പ്രധാന തീരുമാനങ്ങളെല്ലാം എടുത്തിരുന്നത് അമ്മയായിരുന്നു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോയതോടെ അമ്മ തന്നോട് ഏറെക്കാലം മിണ്ടാതെയായെന്നും സയനി വെളിപ്പെടുത്തി. താന്‍ അഭിനേത്രിയാകുമോ എന്നതായിരുന്നു എല്ലാക്കാലത്തും അമ്മയെ അലട്ടിയിരുന്ന ഭയമെന്നും താരം പറയുന്നു. തിയേറ്റര്‍ റിഹേഴ്‌സലുകള്‍ക്ക് പോകാന്‍പോലും അമ്മ തന്നെ അനുവദിച്ചിരുന്നില്ല. 'എന്നെ അമ്മ മുറിയില്‍ പൂട്ടിയിടും.' സയനി ഓര്‍മിച്ചു.
എന്നാല്‍, പിന്നീട് അമ്മ എഫ്ടിഐഐ (ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ) സന്ദര്‍ശിക്കുകയും അവിടെവച്ച് കാര്യങ്ങള്‍ നേരിട്ടുകാണുകയും ചെയ്തതോടെ അമ്മയുടെ കാഴ്ചപ്പാട് മാറിയെന്ന് നടി പറയുന്നു. അവിടെവെച്ച് തനിക്ക് അഞ്ച് സ്റ്റുഡന്റ് സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. അതില്‍ മൂന്നെണ്ണം താന്‍ ചെയ്തതായും സയനി അറിയിച്ചു. ഇതോടെ, രണ്ട് വര്‍ഷത്തേക്ക് അഭിനയിച്ചോളാന്‍ അമ്മ സമ്മതം നല്‍കുകയായിരുന്നു.