ഡല്ഹി ജന്തര് മന്തറില് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്ക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങള്ക്ക് സിനിമാ ലോകത്തുനിന്ന് പിന്തുണയേറുന്നു. പ്രക്ഷോഭത്തിന് നേതൃത്വം നല്കുന്ന വിദ്യാര്ഥികള് ഉയര്ത്തുന്ന ആവശ്യങ്ങള്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് നിരവധി പ്രമുഖ ചലച്ചിത്ര പ്രവര്ത്തകരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുന്നത്.നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്, നടി നസ്രിയ നസിം, അവതാരക രഞ്ജിനി ഹരിദാസ് തുടങ്ങിയവരുടെ പ്രതികരണങ്ങളാണ് ഇപ്പോള് ശ്രദ്ധ നേടുന്നത്.
ഇടതുപക്ഷ വിദ്യാര്ഥി സംഘടനയായ ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ (AISA) ദേശീയ പ്രസിഡന്റും ജെഎന്യു ഗവേഷകയുമായ നേഹ ബോറയുടെ നേതൃത്വത്തില് നടക്കുന്ന പ്രക്ഷോഭങ്ങളാണ് സമൂഹമാധ്യമങ്ങളില് ചര്ച്ചയാകുന്നത്. അവര് ഉന്നയിക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങള്ക്കൊപ്പം സ്ത്രീകളുടെ അവകാശങ്ങള്, വ്യക്തിസ്വാതന്ത്ര്യം, സ്വന്തം നിലപാടുകളില് ഉറച്ചുനില്ക്കാനുള്ള അവകാശം തുടങ്ങിയ ആശയങ്ങളും ചര്ച്ചകളില് ഇടംപിടിക്കുന്നുണ്ട്.
ഇപ്പോളിതാ നേഹ ബോറയെക്കുറിച്ചുള്ള കുറിപ്പ് പങ്കിട്ടു കൊണ്ടാണ് നടന് വിനീത് ശ്രീനിവാസന് പിന്തുണ അറിയിച്ചത്.
''തന്റെ അവകാശങ്ങള് അറിയുന്നവളായാണ് എന്റെ മകളെ എനിക്ക് വളര്ത്തേണ്ടത്. ഈ ലോകത്ത് വെറുതെ ജീവിച്ച് പോകേണ്ടത് എങ്ങനെയെന്നാകരുത് വളരുമ്പോള് അവള് പഠിക്കേണ്ടത്. തന്റെ പങ്കാളിയെ പരിചരിക്കുകയെന്നത് മാത്രമാണ് തന്റെ ജീവിതത്തിന്റെ അര്ത്ഥമെന്ന് അവള് ചിന്തിക്കാന് പാടില്ല'' എന്ന കുറിപ്പാണ് വിനീത് ശ്രീനിവാസന് പങ്കുവച്ചത്.
''തന്റെ വില അറിയുന്ന സ്ത്രീയാകണം അവള്. രക്ഷപ്പെടുത്തല് ആവശ്യമില്ലാത്ത, നിശബ്ദയാക്കാന് സാധിക്കാത്ത, താനായിരിക്കാന് ആരെങ്കിലും അനുവാദം നല്കേണ്ടവളാകരുത്. ലോകം മുഴുവന് തനിക്കെതിരെ നില്ക്കുമ്പോഴും സ്വന്തം നിലപാടിലുറച്ചു നില്ക്കുന്ന സ്ത്രീയാകണം. എന്റെ മകള് ആരാകണം എന്നാണ് ഞാന് ആഗ്രഹിക്കുന്നതെന്നറിയാമോ? ഇവള്'' എന്നും വിനീത് പങ്കുവച്ച കുറിപ്പില് പറയുന്നു.
സിനിമാ മേഖലയില് നിന്ന് നിരവധി പേര് ഡല്ഹിയില് നടക്കുന്ന വിദ്യാര്ത്ഥി പ്രക്ഷോഭങ്ങള്ക്ക് പിന്തുണയുമായി രംഗത്തെത്തുന്നുണ്ട്. നേഹ ബോറയുടെ ചിത്രം ഉള്ക്കൊളളുന്ന പോസ്റ്റര് ഇന്സ്റ്റഗ്രാമില് പങ്കുവെച്ചുകൊണ്ടായിരുന്നു നസ്രിയ പ്രതികരിച്ചത്. ' ദസറയുടെ ആദ്യ ദിവസം' എന്ന അടിക്കുറിപ്പോടെയാണ് താരം പോസ്റ്റര് ഷെയര് ചെയ്തത്. തിന്മയ്ക്ക് മേല് നന്മ വിജയം നേടുന്ന ദസറയുടെ സങ്കല്പത്തെ ഡല്ഹിയുടെ സമരങ്ങളുടെ പശ്ചാത്തലത്തില് ചിത്രീകരിക്കുന്ന തരത്തിലാണ് പോസ്റ്റര്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര് ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങള്ക്ക് പിന്തുണയുമായി പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു.