പുരോഹിതന്മാര്‍ക്കൊപ്പം സായ് ബാബ ക്ഷേത്രത്തില്‍ നിന്നുള്ള നടന്‍ വിജയുടെ ചിത്രം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇത്. സിനിമ ഷൂട്ടിങ്ങിനായി ക്ഷേത്രം സന്തര്‍ശിക്കവെ പകര്‍ത്തിയ ചിത്രമാണിതെന്നായിരുന്നു ആദ്യം പ്രചരിച്ചത്. എന്നാല്‍, നടന്‍ വിജയ് പണികഴിപ്പിച്ച ക്ഷേത്രമാണിതെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
സായി ബാബയുടെ കടുത്ത ഭക്തയായ അമ്മയ്ക്കായി വിജയ് തന്നെയാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെന്നൈയിലെ കൊരട്ടൂരില്‍ നടന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിവരം. ഫെബ്രുവരിയിലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്, ഈ സമയത്ത് വിജയ് നടത്തിയ സന്ദര്‍ശനത്തിലായിരുന്നു വൈറലായ ചിത്രം പകര്‍ത്തിയത്.
ചലച്ചിത്ര നിര്‍മ്മാതാവ് എസ്.എ. ചന്ദ്രശേഖറിന്റെയും സംവിധായിക- പിന്നണിഗായിക ശോഭയുടെയും മകനാണ് വിജയ്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ മിശ്രവിവാഹിതരാണ്.
വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് താരം. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി താരം അടുത്തിടെ കേരളത്തില്‍ എത്തിയിരുന്നു. മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ , മോഹന്‍, ജയറാം, സ്‌നേഹ, ലൈല എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.