മലയാളത്തില് നിരവധി കഥാപാത്രങ്ങളിലൂടെയും ഹിറ്റ് മീമുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ചെമ്പില് അശോകന്. മലയാളത്തിലെ ഏക്കാലത്തേയും വലിയ ഹിറ്റായ ബെത്ലഹേം കുടുംബ യൂണിറ്റിലും അശോകന്റെ സാന്നിധ്യമുണ്ടായിരുന്നു. സിനിമാ വിശേഷങ്ങള് പങ്കുവെക്കുന്നതിനിടയില് നടി മമിത ബൈജുവിനെക്കുറിച്ചുള്ള തന്റെ അനുഭവങ്ങള് തുറന്നുപറയുകയാണ് താരം. ഒരു അഭിമുഖത്തിലാണ് ചെമ്പില് അശോകന് മമിതയെക്കുറിച്ച് സംസാരിച്ചത്.
വലിയ വിജയങ്ങള് സ്വന്തമാക്കി നില്ക്കുന്ന നടിക്ക് വേണമെങ്കില് വലിയ ജാഡ കാണിക്കാമായിരുന്നുവെന്നും എന്നാല് മമിത അത്തരത്തിലുള്ള ഒരാളല്ലെന്നുമാണ് ചെമ്പില് അശോകന് പറയുന്നത്. ''ഞാന് ആദ്യമായിട്ടാണ് മമിതയുടെ കൂടെ അഭിനയിക്കുന്നത്. കോട്ടയംകാരിയാണ്. ഞങ്ങള് ഇടയ്ക്ക് സംസാരിച്ചിരുന്നു. സിനിമയില് ഒരു പ്രാര്ത്ഥനയുടെ സീനുണ്ടായിരുന്നു. അതില് 'നന്മനിറഞ്ഞ മറിയമേ' എന്ന് ചൊല്ലണം. ബാക്കി എനിക്ക് അറിയില്ലായിരുന്നു. അപ്പോള് മമിതയാണ് എനിക്ക് അത് പറഞ്ഞ് തന്നത്. ഭാഗ്യത്തിന് പിന്നീട് ഡബ്ബ് ചെയ്യേണ്ടി വന്നില്ല. പരിചയപ്പെട്ടപ്പോള് കോട്ടയംകാരിയാണെന്ന് പറഞ്ഞു. ഞാനും കോട്ടയംകാരനല്ലേ. നമ്മള് ഒരേ ജില്ലക്കാരനാണെന്ന് അങ്ങനെ സംസാരിച്ചു'' താരം ഓര്ക്കുന്നു. മമിതയുടെ പെരുമാറ്റത്തെക്കുറിച്ച് സംസാരിക്കവെ ചെമ്പില് അശോകന് കൂട്ടിച്ചേര്ത്തു:
''സൂര്യയുടെ പടമൊക്കെ ഹിറ്റാക്കി തകര്ത്ത് വരുവല്ലേ. ജാഡയെന്നാല് ഭയങ്കര ജാഡ കാണിക്കേണ്ടതാണ്. ഇന്ഡസ്ട്രിയില് പലരും അങ്ങനെ കാണിക്കുന്നത് നമ്മള് കണ്ടിട്ടുണ്ട്. മമിത പക്ഷെ അങ്ങനൊന്നും കാണിച്ചില്ല. യാതൊരുവിധ ഗൗരവവും നമ്മളോട് കാണിച്ചില്ല. വേണമെങ്കില് സെറ്റില് നിന്നും വലിയ ജാഡ ചുമന്നു കൊണ്ടു വരാമായിരുന്നു, പക്ഷേ അവള് വളരെ സിംപിള് ആയിരുന്നു.'' ബെത്ലഹേം കുടുംബ യൂണിറ്റിന്റെ വന് വിജയത്തിന് ശേഷവും തികഞ്ഞ ലാളിത്യത്തോടെ പെരുമാറുന്ന മമിതയുടെ സ്വഭാവത്തെ പ്രശംസിക്കുകയാണ് മുതിര്ന്ന നടന് ഇപ്പോള്.
സത്യന് അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങളിലെ കോമഡി സീന് ഇപ്പോഴും പല ട്രോള് പേജുകളില് മീം മെറ്റീരിയലാണ്. സോഷ്യല് മീഡിയ അധികം ഉപയോഗിക്കാറില്ലെങ്കിലും ഈ ട്രോളിനെക്കുറിച്ച് അറിയാമെന്ന് പറയുകയാണ് ചെമ്പില് അശോകന്.ഏത് സെറ്റില് ചെന്നാലും ആ സിനിമയിലെ സീന് വെച്ചാണ് പലരും തന്നെ തിരിച്ചറിയുന്നതെന്നും അത്രക്ക് ഹിറ്റാകുമെന്ന് താന് ഒരിക്കലും കരുതിയില്ലെന്നും അശോകന് പറഞ്ഞു. 20 വര്ഷത്തോളം നാടകത്തില് കോമഡി കഥാപാത്രങ്ങളായിരുന്നു ചെയ്തതെന്നും സിനിമയിലെത്തിയ ശേഷവും അത് തുടര്ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
കനകമ്മേ കഞ്ഞിയായാല് വിളിച്ചാ മതി' എന്ന ഡയലോഗ് വെച്ചാണ് ഇപ്പോഴും എന്നെ ആളുകള് തിരിച്ചറിയുന്നത്. ലൊക്കേഷനില് ചെല്ലുമ്പോള് അല്ലെങ്കില് വേറെ എവിടെയെങ്കിലും പോകുമ്പോള് ഈ ഡയലോഗ് വെച്ച് പലരും തിരിച്ചറിയുന്നുണ്ട്. സത്യം പറഞ്ഞാല് അത് ഇത്ര ട്രെന്ഡാകുമെന്ന് ഒരിക്കലും കരുതിയില്ല. സോഷ്യല് മീഡിയയില് ആ ട്രോള് വലിയ ഹിറ്റാണ്.
മഴക്കാലത്തും ഹര്ത്താലിന്റെ സമയത്തുമൊക്കെ പലരും അത് എനിക്ക് അയച്ച് തരാറുണ്ട്. കോവിഡിന്റെ സമയത്തൊക്കെ ആ ട്രോള് വലിയ ഹിറ്റായിരുന്നു. ആര്ത്തുങ്കല് പള്ളിയുടെയടുത്തായിരുന്നു പുതിയ തീരങ്ങളുടെ ഷൂട്ട്. സാധാരണ കോമഡി സീനുകളാണ് എനിക്ക് തരാറുള്ളത്. ഞാന് സീന് വായിച്ചാലും എനിക്ക് അതില് തമാശയൊന്നും തോന്നാറില്ല. പക്ഷേ, ഈ സീന് വായിച്ചപ്പോള് എനിക്ക് ചിരി നിര്ത്താന് പറ്റിയില്ല.
രാവിടെ കുളിച്ച് പൗഡറൊക്കെയിട്ട് ഷര്ട്ടിട്ട് കട്ടിലില് കിടക്കുന്ന ഒരാളെന്ന് പറയുമ്പോള് അതില് നല്ല തമാശയുണ്ടെന്ന് മനസിലായി. എന്റെ ചിരി കണ്ടിട്ട് സത്യന് സാര് പോലും സീന് ഷൂട്ട് ചെയ്യാന് കുറച്ച് സമയമെടുത്തു. 'ചിരി നിര്ത്തിയിട്ട് നമുക്ക് സീനെടുക്കാം' എന്ന് പറഞ്ഞ് പുള്ളി മാറിനിന്നു. എനിക്ക് അതുപോലെ ഒരാളെ അറിയാം,' ചെമ്പില് അശോകന് പറഞ്ഞു.