Latest News

'ജനപ്രിയമായ ഈ യാത്രയ്ക്ക് അനുയോജ്യമായ അവസാനം'; ദൃശ്യം: ദ കണ്‍ക്ലൂഷന്‍ കണ്ടെന്ന് മോഹന്‍ലാല്‍; അജയ് ദേവ്ഗണിനും അണിയറ പ്രവര്‍ത്തകര്‍ക്കും പ്രശംസ 

Malayalilife
 'ജനപ്രിയമായ ഈ യാത്രയ്ക്ക് അനുയോജ്യമായ അവസാനം'; ദൃശ്യം: ദ കണ്‍ക്ലൂഷന്‍ കണ്ടെന്ന് മോഹന്‍ലാല്‍; അജയ് ദേവ്ഗണിനും അണിയറ പ്രവര്‍ത്തകര്‍ക്കും പ്രശംസ 

മലയാളത്തില്‍ വന്‍ തരംഗം സൃഷ്ടിച്ച 'ദൃശ്യം' ചിത്രത്തിന്റെ ഹിന്ദി പതിപ്പായ 'ദൃശ്യം 3' (ദൃശ്യം: ദ കണ്‍ക്ലൂഷന്‍) സിനിമയെ പ്രശംസിച്ച് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ രംഗത്ത്. ജനപ്രിയ ചിത്രങ്ങളുടെ ഈ പരമ്പരയ്ക്ക് ഏറ്റവും അനുയോജ്യമായ അന്ത്യമാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ചിത്രം കണ്ടതിന് ശേഷം അദ്ദേഹം തന്റെ അഭിനന്ദനം അറിയിക്കുന്ന വീഡിയോ 'ദൃശ്യം: ദ കണ്‍ക്ലൂഷന്‍' നിര്‍മാതാക്കളാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. '

'ഞാന്‍ ദൃശ്യം: ദ കണ്‍ക്ലൂഷന്‍ കണ്ടു. ജനപ്രിയമായ ഈ യാത്രയ്ക്ക് അനുയോജ്യമായ അവസാനം കണ്ടെത്തിയ രീതിയെ ഞാന്‍ അഭിനന്ദിക്കുന്നു. അഭിഷേക് പഥക്, കുമാര്‍ മംഗത് പഥക്, അജയ് ദേവ്ഗണ്‍, കൂടാതെ ചിത്രത്തിന്റെ എല്ലാ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. വളരെ നന്നായി ചെയ്തു'', എന്നാണ് മോഹന്‍ലാല്‍ വീഡിയോയില്‍ പറഞ്ഞത്. 

ഇന്ത്യയിലൊട്ടാകെ വലിയ വിജയം നേടിയ ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹിന്ദി പതിപ്പിന്റെ അവസാന ഭാഗമായാണ് 'ദൃശ്യം: ദ കണ്‍ക്ലൂഷന്‍' തിയേറ്ററുകളിലെത്തിയിരിക്കുന്നത്. ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 

മലയാളം പതിപ്പിന്റെ മൂന്നാം ഭാഗത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ കഥാസന്ദര്‍ഭങ്ങളാണ് ഹിന്ദി പതിപ്പില്‍ ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ ചിത്രത്തിന് നാലാം ഭാഗം ഉണ്ടായേക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും, ഹിന്ദിയില്‍ ഈ ഫ്രാഞ്ചൈസി പൂര്‍ണ്ണമായി അവസാനിപ്പിക്കുകയാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. അജയ് ദേവ്ഗണിന് പുറമേ ജയ്ദീപ് അഹ്ലാവത്, പ്രകാശ് രാജ്, തബു, ശ്രിയ ശരണ്‍, രജത് കപൂര്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്. അഭിഷേക് പഥക്, ആമില്‍ കിയാന്‍ ഖാന്‍, പര്‍വേസ് ഷെയ്ഖ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

mohanlal watches drishyam 3 hindhi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES