മലയാള സിനിമയിലെ മസില്മാന് എന്ന് അറിയപ്പെടുന്ന താരമാണ് ഉണ്ണി മുകുന്ദന്. നിരവധി ആരാധകരുളള താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ശ്രദ്ധേയവേഷങ്ങളില്‍ ഉണ്ണി ഇപ്പോള്‍ സിനിമയില്‍ തിളങ്ങുകയാണ്. വിവാഹം കഴിക്കാത്ത യുവനടന് കൂടിയാണ് താരം. ഉണ്ണിയുടെ പേരിനൊപ്പം സീരിയല്‍ താരം സ്വാതി, സ്വാസിക, ജയറാമിന്റെ മകള്‍ മാളവിക എന്നിവരെ ചേര്‍ന്ന് ഇടയ്ക്ക് ഗോസിപ്പുകളെത്തിയിരുന്നു.
വേറിട്ട കഥാപാത്രങ്ങളിലൂടെയും ഗായകനായും എഴുത്തുകാരനായുമൊക്കെ ശ്രദ്ധ നേടിയ ഉണ്ണി അടുത്തിടെയാണ് നിര്‍മ്മാണ രംഗത്തേക്ക് ചുവടു വെച്ചത്. ഉണ്ണി മുകുന്ദന് നായകനാകുന്ന പുതിയ ചിത്രം 'മേപ്പടിയാന്' വിജയദശമി ദിനത്തില്‍ തുടക്കമായിരിക്കുകയാണ്. തിരക്കഥാകൃത്തും സംവിധായകനുമായ വിഷ്ണു മോഹന്‍ ഇന്നലെ ഇത് സംബന്ധിച്ച് വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ ഷൂട്ടിങ് തുടങ്ങിയ വിവരം പുറത്ത് വിട്ടിരിക്കുകയാണ് ഉണ്ണി മുകുന്ദന്. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളെല്ലാം ഉണ്ണി മുകുന്ദന് പങ്കുവെച്ചിരിക്കുകയാണ്.
പാലായിലും പരിസര പ്രദേശങ്ങളിലുമായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ കൊവിഡ് പ്രതിസന്ധി മൂലമാണ് നീണ്ടുപോയത്. കൊവിഡ് ഇന്ത്യയില്‍ എത്തുന്നതിനു മുന്‍പ് ചിത്രീകരണം ആരംഭിക്കാന്‍ തീരുമാനിച്ചിരുന്ന ചിത്രമായിരുന്നു ഇത്.
ഉണ്ണിമുകുന്ദന് ഫിലിംസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും മേപ്പടിയാന് ഉണ്ട്. വിജയദശമി ദിനത്തില്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ടും പൂര്‍ണ്ണമായ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചും ചിത്രീകരണം ആരംഭിക്കുകയാണെന്ന് വിഷ്ണു അറിയിച്ചിരുന്നു.
ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗ്ഗീസ്, കലാഭവന്‍ ഷാജോണ്‍, അഞ്ജു കുര്യന്, നിഷ സാരംഗ്, അപര്‍ണ ജനാര്ദ്ദനന്, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, കോട്ടയം രമേഷ്, പൗളി വല്സന്, കൃഷ്ണപ്രസാദ്, മനോഹരി അമ്മ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ഫാമിലി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രം ജയകൃഷ്ണന് എന്നൊരു സാധാരണക്കാരന്റെ ജീവിതത്തിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്. ഈരാറ്റുപേട്ട, പാല എന്നിവിടങ്ങളിലായി നാല്‍പ്പത്തെട്ടോളം ലൊക്കേഷനുകളാണ് സിനിമയ്ക്കുള്ളത്. രാഹുല്‍ സുബ്രഹ്മണ്യനാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. നീല്‍ ഡിക്കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, കലാസംവിധാനം സാബു മോഹന്‍, പ്രൊഡക്ഷന്‍ മാനേജര്‍ വിപിന്‍ കുമാര്‍ എന്നിവരാണ്.