നടന്‍ ഉണ്ണി മുകുന്ദന്റെ കരിയറിലെ സുപ്രധാന നാഴികക്കല്ലായ 50-ാമത് ചിത്രത്തിനായി ഇന്ത്യന്‍ സിനിമയിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദന്‍ ഫിലിംസും കൈകോര്‍ക്കുന്നു. ദേശീയ പുരസ്‌കാര ജേതാക്കളായ കുമാര്‍ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരുടെ നേതൃത്വത്തിലുള്ള പനോരമ സ്റ്റുഡിയോസുമായി ചേര്‍ന്നൊരുക്കുന്ന ഈ ചിത്രം ഒരു ഹൈ-വോള്‍ട്ടേജ് ആക്ഷന്‍ പശ്ചാത്തലത്തിലാണ് അണിയറയില്‍ ഒരുങ്ങുന്നത്.
നടന്‍ എന്ന നിലയില്‍ നിന്നും മുന്നേറി ഉണ്ണി മുകുന്ദന്‍ ആദ്യമായി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 'മാര്‍ക്കോ' എന്ന വലിയ വിജയത്തിന് ശേഷം പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ പ്രോജക്റ്റാണിത്. ഇന്ത്യന്‍ സിനിമാ മേഖലയില്‍ ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ചരിത്രമാണ് പനോരമ സ്റ്റുഡിയോസിനുള്ളത്. 'ഓംകാര', 'സ്‌പെഷ്യല്‍ 26', 'പ്യാര്‍ കാ പഞ്ച്‌നാമ', 'റെയ്ഡ്', 'ഷൈത്താന്‍' കൂടാതെ ബോളിവുഡില്‍ തരംഗമായ 'ദൃശ്യം' ഫ്രാഞ്ചൈസി ഉള്‍പ്പെടെ നിരവധി വിജയ ചിത്രങ്ങള്‍ ഇവരുടെ ബാനറിലാണ് പുറത്തിറങ്ങിയത്.
അമ്പതിലധികം പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ പനോരമ സ്റ്റുഡിയോസിന്റെ അഭിഷേക് പഥക് സംവിധാനം ചെയ്ത 'ദൃശ്യം 2' വന്‍ വിജയമായിരുന്നു. അദ്ദേഹം നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന 'ദൃശ്യം: ദി കണ്‍ക്ലൂഷന്‍' ഒക്ടോബര്‍ 2-ന് തിയേറ്ററുകളിലേക്ക് എത്താനിരിക്കെയാണ് പുതിയ മലയാള ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. 'മാര്‍ക്കോ' എന്ന ചിത്രത്തിലൂടെ മലയാളത്തിലെ ശക്തനായ പാന്‍-ഇന്ത്യന്‍ നായകനായി മാറിയ ഉണ്ണി മുകുന്ദന്‍, തന്റെ നിര്‍മ്മാണ കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസിലൂടെ മുന്‍പും ശ്രദ്ധേയമായ സംരംഭങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ദേശീയ പുരസ്‌കാരം നേടിയ 'മേപ്പടിയാന്‍' എന്ന ചിത്രത്തിലൂടെ നിര്‍മ്മാണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഉണ്ണി മുകുന്ദന്‍ ഫിലിംസ്, പനോരമ സ്റ്റുഡിയോസുമായി സഹകരിക്കുന്നതോടെ വലിയൊരു കാന്‍വാസിലുള്ള ആക്ഷന്‍ അനുഭവമാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുവാന്‍ പോകുന്നത്. കരിയറിലെ 50-ാമത് ചിത്രത്തില്‍ തന്നെ സംവിധായകന്റെ കുപ്പായമണിയാന്‍ ഉണ്ണി മുകുന്ദന്‍ തീരുമാനിച്ചത് ഇന്‍ഡസ്ട്രിയിലും വലിയ പ്രതീക്ഷ ഉണര്‍ത്തുന്നുണ്ട്. പുതിയ കൂട്ടുകെട്ടിനെയും സിനിമയെയും കുറിച്ച് പനോരമ സ്റ്റുഡിയോസ് ചെയര്‍മാന്‍ കുമാര്‍ മംഗത് പഥക് വലിയ പ്രതീക്ഷ പങ്കുവെക്കുകയുണ്ടായി.
'ഉണ്ണി മുകുന്ദനുമായും അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയുമായും സഹകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. ശക്തനായ ഒരു പാന്‍-ഇന്ത്യന്‍ താരമാണ് ഉണ്ണി. തന്റെ 50-ാമത് ചിത്രത്തില്‍ രചയിതാവായും സംവിധായകനായും അദ്ദേഹം അരങ്ങേറുന്നത് ഈ കൂട്ടുകെട്ടിന് മാറ്റുകൂട്ടുന്നു. ഈ സിനിമയുടെ പ്രമേയത്തിലും ഉണ്ണിയുടെ ക്രിയേറ്റീവ് എനര്‍ജിയിലും ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ട്,' എന്ന് കുമാര്‍ മംഗത് പഥക് വ്യക്തമാക്കി. പ്രൊജക്റ്റിനെക്കുറിച്ച് സംസാരിക്കവേ ഉണ്ണി മുകുന്ദന്റെ സിനിമയോടുള്ള ആത്മാര്‍ത്ഥതയെ പനോരമ സ്റ്റുഡിയോസ് മാനേജിംഗ് ഡയറക്ടര്‍ അഭിഷേക് പഥകും പ്രശംസിച്ചു. 'മേപ്പടിയാന്‍ മുതല്‍ മാര്‍ക്കോ വരെ, വ്യത്യസ്തമായ പരീക്ഷണങ്ങള്‍ക്ക് തയ്യാറാകുന്ന വ്യക്തിത്വമാണ് ഉണ്ണിയുടേത്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളോടുള്ള ആത്മാര്‍ത്ഥത ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
ഈ ചിത്രത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഞങ്ങള്‍ക്ക്ക്കിടയില്‍ സ്വാഭാവികമായൊരു ക്രിയേറ്റീവ് കണക്ഷന്‍ ഉണ്ടായിരുന്നു. ഉണ്ണിയുടെ സംവിധാനത്തില്‍ പുറത്തുവരുന്ന 50-ാം ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്,' എന്ന് അഭിഷേക് പഥക് പ്രതികരിച്ചു. സംവിധായകനാകുന്നതിന്റെ സന്തോഷവും വലിയൊരു പ്രൊഡക്ഷന്‍ ഹൗസുമായി കൈകോര്‍ക്കുന്നതിന്റെ ആവേശവും ഉണ്ണി മുകുന്ദന്‍ തുറന്നുപറഞ്ഞു. 'എന്റെ 50-ാമത് ചിത്രം എനിക്ക് വളരെ സവിശേഷമായ ഒന്നാണ്. രചയിതാവിന്റെയും സംവിധായകന്റെയും കുപ്പായമണിയുന്നത് അതിന് കൂടുതല്‍ അര്‍ത്ഥം നല്‍കുന്നു. സ്വന്തം ശൈലിയില്‍ കഥകള്‍ പറയണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു.
കുമാര്‍ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരുടേയും പനോരമ സ്റ്റുഡിയോസിന്റെയും വലിയ പരിചയസമ്പത്തും അനുഭവസമ്പത്തും ഈ സിനിമയ്ക്ക് വലിയ കരുത്ത് പകരും. ഭാഷാതിര്‍ത്തികള്‍ക്കപ്പുറം ഈ ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഭാഷാതിര്‍ത്തികള്‍ കടന്ന് വലിയൊരു പ്രേക്ഷകസമൂഹത്തിലേക്ക് എത്താന്‍ പാകത്തിലാണ് ഈ ആക്ഷന്‍ ചിത്രം അണിയറപ്രവര്‍ത്തകര്‍ പ്ലാന്‍ ചെയ്യുന്നത്. ബോളിവുഡിലെ വമ്പന്‍ നിര്‍മ്മാണ കമ്പനിയുടെ സാന്നിധ്യവും അനുഭവസമ്പത്തും ചിത്രത്തിന്റെ മേക്കിംഗിലും വിതരണത്തിലും വലിയ സ്വാധീനം ചെലുത്തും. ഉണ്ണി മുകുന്ദന്‍ ആദ്യമായി കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന പ്രൊജക്റ്റായതിനാല്‍ ചിത്രീകരണത്തിലും പ്രീ-പ്രൊഡക്ഷന്‍ ജോലികളിലും മികച്ച നിലവാരം ഉറപ്പാക്കാനാണ് അണിയറപ്രവര്‍ത്തകരുടെ നീക്കം.
വലിയ ബജറ്റിലൊരുങ്ങുന്ന ഈ പാന്‍-ഇന്ത്യന്‍ ചിത്രത്തിന്റെ മറ്റ് പ്രധാന വിവരങ്ങളൊന്നും നിലവില്‍ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ പേര്, പ്രധാന അഭിനേതാക്കള്‍, മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍, ചിത്രീകരണ തീയതി എന്നിവയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ഔദ്യോഗികമായി പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. വാര്‍ത്താ പ്രചരണം നിര്‍വ്വഹിക്കുന്നത് പിആര്‍ഒ ആതിര ദില്‍ജിത്താണ്.