Latest News

ആദ്യം എന്നെ കേട്ടു; പിന്നെ എന്നെ നിശബ്ദനാക്കി; എന്റയുള്ളില്‍ ഒരു തീജ്വാലമായതിന് നന്ദി;ഹീ മാന് ശബ്ദമായി ഉണ്ണിമുകുന്ദന്‍; ഹോളിവുഡ് ചുവടുവയ്പ്പ് അറിയിച്ച് ഉണ്ണിമുകുന്ദന്‍ കുറിച്ചത്‌

Malayalilife
 ആദ്യം എന്നെ കേട്ടു; പിന്നെ എന്നെ നിശബ്ദനാക്കി; എന്റയുള്ളില്‍ ഒരു തീജ്വാലമായതിന് നന്ദി;ഹീ മാന് ശബ്ദമായി ഉണ്ണിമുകുന്ദന്‍; ഹോളിവുഡ് ചുവടുവയ്പ്പ് അറിയിച്ച് ഉണ്ണിമുകുന്ദന്‍   കുറിച്ചത്‌

ഹോളിവുഡ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സോണി പിക്‌ചേഴ്‌സ്-എംജിഎം ലൈവ്-ആക്ഷന്‍ ഫാന്റസി ചിത്രം 'മാസ്റ്റേഴ്‌സ് ഓഫ് ദ് യൂണിവേഴ്‌സ് ഔദ്യോഗിക മലയാളം പതിപ്പില്‍ നായക കഥാപാത്രമായ ;ഹീ-മാന്ശബ്ദം നല്‍കി മലയാളി പ്രേക്ഷകരുടെ പ്രിയതാരം ഉണ്ണി മുകുന്ദന്‍. എംജിഎം, സോണി പിക്‌ച്ചേഴ്‌സ് പോലുള്ള ഹോളിവുഡ് സ്റ്റുഡിയോസുമായി സഹകരിക്കുന്ന ആദ്യ മലയാള നടന്‍ കൂടിയാണ് ഉണ്ണി. 

കോമിക്‌സുകളിലൂടെയും ടെലിവിഷന്‍ സ്‌ക്രീനുകളിലൂടെയും ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയ ഇതിഹാസ കഥാപാത്രത്തിന് ശബ്ദം പകരാന്‍ കഴിഞ്ഞത് തന്റെ ജീവിതം പൂര്‍ണമാക്കിയ നിമിഷമാണെന്ന് താരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പില്‍ വ്യക്തമാക്കി.  തൊണ്ണൂറുകളില്‍ വളര്‍ന്ന ഏതൊരു കുട്ടിയെയും പോലെ തനിക്കും ഹീ-മാന്‍ വെറുമൊരു കാര്‍ട്ടൂണ്‍ കഥാപാത്രമായിരുന്നില്ലെന്നും അജയ്യമായ കരുത്തിന്റെയും നീതിബോധത്തിന്റെയും പ്രതീകമായിരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ ഓര്‍ത്തെടുത്തു. 

>ഡബ്ബിങ് വേളയില്‍ ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ കണ്ടപ്പോള്‍ താന്‍ തികച്ചും വികാരാധീനനായെന്നും ഒരു അഭിനേതാവാണെന്ന കാര്യം പോലും മറന്ന് ഹീ-മാന്റെ മാന്ത്രിക പ്രപഞ്ചത്തില്‍ അലിഞ്ഞുചേര്‍ന്ന ആ പഴയ കൊച്ചുകുട്ടിയായി മാറിയെന്നും താരം വെളിപ്പെടുത്തി. കുട്ടിക്കാലത്ത് ആരാധനയോടെ ആവര്‍ത്തിച്ചു പറഞ്ഞിരുന്ന 'By the Power of Grayskull... I Have The Power!' (എന്റെ ഉള്ളിലുള്ള ആ ശക്തി കൂടി വാ) എന്ന വിഖ്യാതമായ വരികള്‍ ഡബ്ബിങ് തിയേറ്ററില്‍ ഉച്ചരിച്ച നിമിഷം വാക്കുകള്‍ക്ക് അപ്പുറത്തുള്ള അനുഭൂതിയായിരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു. 

ഉണ്ണി മുകുന്ദന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
''സിനിമയുടെ വെള്ളിത്തിരകളിലും കോമിക്‌സിന്റെ താളുകളിലും ടെലിവിഷന്‍ സ്‌ക്രീനുകളിലും വിസ്മയം തീര്‍ത്ത, ലോകം കണ്ട ഏറ്റവും ജനപ്രിയനായ ആ ഇതിഹാസ നായകന് എന്റെ ശബ്ദം പകര്‍ന്നിരിക്കുകയാണ് ഞാന്‍... ഹീ-മാന്‍''. 

തൊണ്ണൂറുകളില്‍ വളര്‍ന്ന ഏതൊരു കുട്ടിയെയും പോലെ, എനിക്കും ഹീ-മാന്‍ വെറുമൊരു കാര്‍ട്ടൂണ്‍ കഥാപാത്രമായിരുന്നില്ല; മറിച്ച്, അജയ്യമായ കരുത്തിന്റെയും അചഞ്ചലമായ ധീരതയുടെയും നീതിബോധത്തിന്റെയും യഥാര്‍ത്ഥ പൗരുഷത്തിന്റെയും പ്രതീകമായിരുന്നു അവന്‍.  സിനിമയെന്ന മായാലോകത്തിലേക്ക് എന്നെ ആദ്യമായി ആകര്‍ഷിച്ചത് കുട്ടിക്കാലത്ത് കണ്ട ഇത്തരം അമാനുഷിക നായകന്മാരായിരുന്നു. കാലം കടന്നുപോയപ്പോള്‍ അവര്‍ വെറും കഥാപാത്രങ്ങള്‍ അല്ലാതായി മാറി. എന്റെ കുട്ടിക്കാലത്തിന്റെ, ഭാവനയുടെ, ആത്മാവിന്റെ തന്നെ ഒരു അവിഭാജ്യ ഘടകമായി അവര്‍ രൂപപ്പെടുകയായിരുന്നു. 

ആക്ഷന്‍ ഫിഗറുകളും കളക്റ്റബിള്‍സും ശേഖരിക്കുന്നത് ഇന്നും എനിക്കൊരു ഭ്രാന്താണ്. അവ എന്നെ എങ്ങനെയൊക്കെയോ ആ പഴയ കൊച്ചുകുട്ടിയുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്നു. വഞ്ചനകളില്ലാത്ത, കൂടുതല്‍ സുരക്ഷിതമായ ഒരു പഴയ ലോകത്തേക്ക് അവ എന്നെ കൂട്ടിക്കൊണ്ടുപോകുന്നു. നന്മ എപ്പോഴും തിന്മയെ തോല്‍പ്പിച്ചിരുന്ന, ഒരൊറ്റ മാസ് ഡയലോഗ് കേട്ടാല്‍ നെഞ്ചിടിപ്പ് കൂടുമായിരുന്ന ആ നിഷ്‌കളങ്കമായ ലോകം..

വര്‍ഷങ്ങള്‍ക്കിപ്പുറം, അന്ന് ടെലിവിഷന്‍ സ്‌ക്രീനിന് മുന്നിലിരുന്ന് സ്വപ്നം നെയ്ത ആ കൊച്ചു പയ്യന്‍ ഇന്ന് 38 വയസ്സുള്ള ഒരു പുരുഷനായി വളര്‍ന്നിരിക്കുന്നു. ഒരു ഡബ്ബിംഗ് സ്റ്റുഡിയോയുടെ മൈക്കിന് മുന്നില്‍ നിന്നുകൊണ്ട്, അന്ന് താന്‍ ആരാധിച്ച അതേ നായകന് അവന്‍ സ്വന്തം ശബ്ദം നല്‍കുന്നു!  ഇത് എഴുതുമ്പോള്‍ പോലും എനിക്കൊരു സ്വപ്നം പോലെയാണ് തോന്നുന്നത്.  മലയാളി പ്രേക്ഷകര്‍ക്കായി ഹീ-മാന്റെ ഔദ്യോഗിക ശബ്ദമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അങ്ങേയറ്റം അനുഗ്രഹീതനാണ്; വൈകാരികമായി ഏറെ സന്തോഷത്തിലാണ് ഞാന്‍. ഡബ്ബിങ് വേളയില്‍ ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ എനിക്ക് കാണാന്‍ കഴിഞ്ഞു. സത്യം പറയാമല്ലോ, എന്റെ കണ്ണുനിറയുകയായിരുന്നു. ഞാന്‍ ഒരു സ്റ്റുഡിയോയില്‍ നില്‍ക്കുന്ന അഭിനേതാവാണെന്ന കാര്യം പോലും പലപ്പോഴും മറന്നുപോയി. വിടര്‍ന്ന കണ്ണുകളോടെ, വികാരഭരിതനായി, ഹീ-മാന്റെ ആ മാന്ത്രിക പ്രപഞ്ചത്തില്‍ അലിഞ്ഞുചേര്‍ന്ന ആ പഴയ കൊച്ചുകുട്ടിയായി ഞാന്‍ വീണ്ടും മാറി.  ഒടുവില്‍, കുട്ടിക്കാലത്ത് ഒരുപാട് തവണ കേള്‍ക്കുകയും ആവര്‍ത്തിച്ചു പറയുകയും ചെയ്ത ആ വിഖ്യാതമായ വരികള്‍ ഉച്ചരിക്കേണ്ട നിമിഷം വന്നപ്പോള്‍... എനിക്കുള്ളില്‍ എന്തോ ഒന്ന് മാറിമറിയുന്നതായി ഞാന്‍ അറിഞ്ഞു.
'എന്റെ ഉള്ളിലുള്ള ആ ശക്തി കൂടി വാ.'
'By the Power of Grayskull... I Have The Power!'

ആ അനുഭൂതി വാക്കുകള്‍ക്ക് അപ്പുറമാണ്. ചില സ്വപ്നങ്ങള്‍ വളരെ നിശബ്ദമായിട്ടായിരിക്കും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരിക. എന്നാല്‍ അവ ഒടുവില്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍, നമ്മള്‍ പോലും അറിയാതെ നമ്മുടെ ആത്മാവില്‍ കാത്തിരുന്ന ഏതോ ചില മുറിവുകളെ അവ സൗഖ്യമാക്കും.


കേരളത്തിലെ ഓരോ ഹീ-മാന്‍ പ്രേമിക്കും ആഴത്തില്‍ അനുഭവപ്പെടുന്ന രീതിയില്‍ പവറും വികാരവും നൊസ്റ്റാള്‍ജിയയും നിറഞ്ഞതാണ് ഇതിന്റെ മലയാളം പതിപ്പ്. ഈ കഥാപാത്രത്തിന് ഒരുകാലത്തുണ്ടായിരുന്ന ഭ്രാന്തമായ ജനപ്രീതിയെയും സാംസ്‌കാരിക സ്വാധീനത്തെയും കുറിച്ച് പൂര്‍ണമായി അറിയാത്ത ജെന്‍ സി കുട്ടികള്‍ പോലും ഈ ഗംഭീരമായ സിനിമാ ലോകവുമായി പ്രണയത്തിലാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

എന്റെ കുട്ടിക്കാലത്തുടനീളം സിനിമയുടെയും അതിന്റെ വലിപ്പത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതീകമായിരുന്ന മെട്രോ-ഗോള്‍ഡ്വിന്‍-മേയറുടെ ആ ഐക്കോണിക് സിംഹ ഗര്‍ജനം സ്‌ക്രീനില്‍ കാണുന്നത് എനിക്ക് മറ്റൊരു സവിശേഷ നിമിഷമായിരുന്നു. ആ പാരമ്പര്യത്തിനൊപ്പം എന്റെ പേര് കൂടി ചേര്‍ത്തുവായിക്കപ്പെടുക എന്നത് തീര്‍ത്തും വ്യക്തിപരവും മാജിക്കലുമാണ്.

എന്റെ കുട്ടിക്കാലത്തുടനീളം സിനിമയുടെയും അതിന്റെ വലിപ്പത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതീകമായിരുന്ന മെട്രോ-ഗോള്‍ഡ്വിന്‍-മേയറുടെ ആ ഐക്കോണിക് സിംഹ ഗര്‍ജനം സ്‌ക്രീനില്‍ കാണുന്നത് എനിക്ക് മറ്റൊരു സവിശേഷ നിമിഷമായിരുന്നു. ആ പാരമ്പര്യത്തിനൊപ്പം എന്റെ പേര് കൂടി ചേര്‍ത്തുവായിക്കപ്പെടുക എന്നത് തീര്‍ത്തും വ്യക്തിപരവും മാജിക്കലുമാണ്. ഇത് സാധ്യമാക്കിയതിനും ലോകമെമ്പാടുമുള്ള തലമുറകള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു കഥാപാത്രത്തെ എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചതിനും സോണി പിക്‌ചേഴ്‌സിന് വലിയൊരു നന്ദി. രുദ്രയിലെ ശേഖര്‍ജി, ഉദയ് ബ്രോ, ഗായത്രി എന്നിവര്‍ക്കും നന്ദി.

ഇത്തരം ഫാന്റസി ഹീറോകളാണ് എന്നെ ആദ്യ കാലത്ത് സിനിമയിലേക്ക് ആകര്‍ഷിച്ചത്. പതിയെ ''ഫിക്ഷന്‍'' അല്ലാതായി മാറുകയും എന്റെ കുട്ടിക്കാലത്തിന്റെയും ഭാവനയുടെയും അവിഭാജ്യ ഘടകമായി മാറുകയും ചെയ്ത കഥാപാത്രങ്ങള്‍.

മാനിഫെസ്റ്റേഷനില്‍ ഞാന്‍ ശക്തമായി വിശ്വസിക്കുന്നു.എന്റെ മനസ് പൂര്‍ണമായ സത്യസന്ധതയോടും അഭിനിവേശത്തോടും കൂടി വിഭാവനം ചെയ്ത ഓരോ പ്രധാന കാര്യങ്ങളും... ജീവിതം എങ്ങനെയെങ്കിലും ഏറ്റവും മാന്ത്രികമായ രീതിയില്‍ എനിക്ക് മുന്നില്‍ എത്തിച്ചു തന്നിട്ടുണ്ട്. പ്രശസ്തിക്കോ വിജയത്തിനോ വേണ്ടി മാത്രമല്ല ഞാന്‍ എപ്പോഴും പ്രാര്‍ത്ഥിച്ചിട്ടുള്ളത്, ഇതിനിടയിലെല്ലാം എന്നെ ഒരു നല്ല മനുഷ്യനായി നിലനിര്‍ത്താന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്. കാരണം ദൈവം നമുക്ക് നല്‍കിയിട്ടുള്ള ഏറ്റവും വലിയ സമ്മാനം മനുഷ്യന്റെ മനസാണെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. അത് മാന്ത്രികമാണ്. അത് ശ്രദ്ധിക്കുന്നു. അത് യാഥാര്‍ഥ്യത്തെ രൂപപ്പെടുത്തുന്നു. എങ്ങനെയോ... നിങ്ങള്‍ അത്രമേല്‍ ആഴത്തില്‍ വിശ്വസിക്കുമ്പോള്‍... നിങ്ങളുടെ ഹൃദയം ചോദിച്ച കാര്യം കൃത്യമായി നിങ്ങള്‍ക്ക് നല്‍കാന്‍ ജീവിതം നിഗൂഢമായ വഴികള്‍ കണ്ടെത്തും.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഹീ-മാന്‍ ആണെന്ന് സങ്കല്‍പ്പിച്ചിരുന്ന കാലത്ത് ലണ്ടനില്‍ നിന്ന് വാങ്ങിയ ഹീ-മാന്‍ ടോയിയുടെ ചിത്രം ഇവിടെ പങ്കുവയ്ക്കുന്നു.

സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകാറുണ്ട്. അതുകൊണ്ട്...ജൂണ്‍ അഞ്ചിന് തിയേറ്ററുകളില്‍ എത്തുന്ന 'മാസ്റ്റേഴ്‌സ് ഓഫ് ദി യൂണിവേഴ്‌സ്' കാണുക, ഉണ്ണി മുകുന്ദന്റെ ശബ്ദത്തിലുള്ള മലയാളം പതിപ്പ് അനുഭവിക്കുക. റെക്കോര്‍ഡുകള്‍ക്കായി മാത്രം പറയുകയാണ്... ഞാനാണ് ഹീ-മാന്റെ ശബ്ദം..., ഞാനാണ് ഹീ-മാന്‍.

ജൂണ്‍ അഞ്ചിനാണ് 'മാസ്റ്റേഴ്‌സ് ഓഫ് ദ യൂണിവേഴ്‌സ്' ആഗോള തലത്തില്‍ തിയേറ്ററുകളിലേക്ക് എത്തുന്നത്. ഇംഗ്ലീഷ് കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് മലയാളം ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ലോസ് ഏഞ്ചല്‍സില്‍ നടന്ന വേള്‍ഡ് പ്രീമിയറിന് പിന്നാലെ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.

നിക്കോളാസ് ഗാലിറ്റ്‌സിന്‍ ആണ് സിനിമയില്‍ പ്രിന്‍സ് ആഡം / ഹീ-മാന്‍ ആയി എത്തുന്നത്. ടീലയായി വേഷമിടുന്നത് കാമില മെന്‍ഡിസ്. സ്‌കെലറ്റര്‍ എന്ന വില്ലന്‍ കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് പ്രശസ്ത ഹോളിവുഡ് നടന്‍ ജാരെഡ് ലെറ്റോ ആണ്. സോണി പിക്‌ചേഴ്‌സ്-എംജിഎം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.


  

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Unni Mukundan (@iamunnimukundan)

unni mukundan has lent his voice heman

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES